12 December, 2021 06:43:40 PM


പിജി ഡോക്ടർമാർ നടത്തിവരുന്ന സമരം ധാർമികതയ്ക്ക് നിരക്കാത്തത്; ഡിവൈഎഫ്ഐ



തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജുകളിലെ പിജി ഡോക്ടർമാർ നടത്തിവരുന്ന സമരം ധാർമികതയ്ക്ക് നിരക്കാത്തതാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ്.  സമരക്കാർ നേരത്തെ ഉന്നയിച്ച ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചിട്ടും സമര നേതൃത്വത്തെ ആകെ മാറ്റിയാണ് വീണ്ടും സമരമുഖത്തെത്തുന്നത് . ഇത് സർക്കാർ വിരുദ്ധ രാഷ്ട്രീയത്തിൻറെ ഭാഗമാണെന്ന് ഡിവൈഎഫ്ഐ കുറ്റപ്പെടുത്തി. 

സമരക്കാരുടെ പ്രധാന ആവശ്യങ്ങളിൽ ആദ്യത്തേത്, ഒന്നാം വര്‍ഷ പി.ജി. പ്രവേശനം നേരത്തെ നടത്തുക എന്നതാണ്. എന്നാൽ, സുപ്രീം കോടതിയുടെ മുന്നിലുള്ള വിഷയമായത്തിനാൽ ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഇടപെടാന്‍ സാധിക്കില്ല. ജോലിഭാരം കുറയ്ക്കുക എന്ന ആവശ്യത്തിന്മേൽ, ചരിത്രത്തിലാദ്യമായി എന്‍.എ.ജെ.ആര്‍.മാരെ നിയമിച്ച് സർക്കാർ ഉത്തരവിരക്കി കഴിഞ്ഞു.  ഏഴ് മെഡിക്കല്‍ കോളേജുകളിലുമായി 373 എന്‍.എ.ജെ.ആര്‍.മാരെ നിയമിക്കുന്നതിനാണ് ഉത്തരവായത്. അതുകൊണ്ടുതന്നെ, മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥികളുടെ സമരം അനാവശ്യമാണ്. 

ചര്‍ച്ചയിലെ ആവശ്യങ്ങള്‍ നടപ്പിലാക്കിയതുമാണ്. ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന സമരം എത്രയും വേഗം പിജി വിദ്യാര്‍ത്ഥികള്‍ അവസാനിപ്പിക്കണം. മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥികള്‍ക്ക് മുടക്കം കൂടാതെ സ്റ്റൈപെന്‍ഡ് നല്‍കുന്ന സംസ്ഥാനമാണ് കേരളം. അവരുടെ മെഡിക്കല്‍ പിജി പഠനത്തിനായി സര്‍ക്കാര്‍ വലിയ തുക ചെലവഴിക്കുന്നുണ്ട്. സർക്കാരിൻ്റെ സാമ്പത്തിക പ്രതിസന്ധിയിലും അനുഭാവ പൂർണമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. സാധാരണക്കാരായ മനുഷ്യരാണ് മെഡിക്കൽ കോളേജിനെ കൂടുതലും ആശ്രയിക്കുന്നത്.  അവരെ വെല്ലുവിളിക്കുന്ന രീതിയിലേക്ക് പി.ജി. ഡോക്ടർമാർ മാറരുത്.  സർക്കാരുമായി ചർച്ച നടത്തിയ നേതൃത്വത്തെ മാറ്റി പുതിയ നേതൃത്വം നടത്തുന്ന സമരം രാഷ്ട്രീയ പ്രേരിതം മാത്രമാണെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

പിജി ഡോക്ടർമാർക്ക് പിന്നാലെ ഹൗസ് സർജന്മാരും  സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ നാളെ സംസ്ഥാനത്തെ മെഡിക്കൽ കോളെജുകളുടെ പ്രവർത്തനം സ്തംഭിക്കും. ഒരു ദിവസത്തെ സൂചനാ പണിമുടക്കാണ് ഹൗസ് സർജന്മാർ പ്രഖ്യാപിച്ചിരിക്കുന്നത്. സമരത്തിന് പിന്തുണയുമായി അധ്യാപകസംഘടനകളും രംഗത്തെത്തി. മിക്ക മെഡിക്കൽ കോളെജുകളുടെയും പ്രവർത്തനം ഇതിനകം താളം തെറ്റിയ നിലയിലാണ്. പിജി ഡോക്ടർമാരുടെ സമരം പന്ത്രണ്ടാം ദിവസത്തിലെത്തുമ്പോൾ സംസ്ഥാന സർക്കാർ ആരോഗ്യസംവിധാനങ്ങളെ അതു കാര്യമായി ബാധിച്ചിട്ടുണ്ട്. അടിയന്തര സേവനങ്ങൾ അടക്കം ഒഴിവാക്കിയുള്ള സമരം മൂന്നാം ദിനവും തുടരുകയാണ്. എന്നിട്ടും സമരം പിൻവലിപ്പിക്കാനുള്ള ശ്രമങ്ങൾ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അധ്യാപകസംഘടനകളും മറ്റ് വിദ്യാർത്ഥി സംഘടനകളും പ്രതിഷേധത്തിലേക്ക് നീങ്ങുന്നത്. 

പിജി സമരത്തെ തുടർന്ന് ജോലിഭാരം ഇരട്ടിച്ചതും, നേരത്തെയുണ്ടായിരുന്ന സ്റ്റൈപൻഡ് വർധനവ് പുനസ്ഥാപിക്കാത്തതുമാണ് ഹൗസ്‍സർജന്മാർ ഉന്നയിക്കുന്ന വിഷയങ്ങൾ. നാളെ രാവിലെ എട്ട് മണി മുതൽ 24 മണിക്കൂറിലേക്ക് കൊവി‍ഡ്, അത്യാഹിത വിഭാഗം ഒഴികെയുള്ള ഡ്യൂട്ടികളിൽ നിന്ന് വിട്ടുനിൽക്കും. കെജിഎംസിടിഎയും പിജി ടീച്ചേഴ്സ് അസോസിഷേനും തത്കാലത്തേക്ക് ബഹിഷ്കരണസമരത്തിനില്ല. പക്ഷെ പ്രതിഷേധനടപടികൾ തുടരും. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K