31 December, 2021 06:49:30 PM


സംസ്ഥാനത്ത് നൂറു കടന്ന് ഒമിക്രോണ്‍ കേസുകള്‍; ഇന്ന് 44 പേര്‍ക്ക് കൂടി രോഗം



തിരുവനന്തപുരം: സംസ്ഥാനത്ത് 44 ഒമിക്രോണ്‍ കേസുകള്‍ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. എറണാകുളം 12, കൊല്ലം 10, തിരുവനന്തപുരം എട്ട്, തൃശൂര്‍ നാല്, കോട്ടയം, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ രണ്ട് വീതം, ആലപ്പുഴ, ഇടുക്കി ഒന്ന് വീതം പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

10 കേസുകള്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നെത്തിയവരാണ്. 27 പേര്‍ ലോറിസ്‌ക് രാജ്യങ്ങളില്‍ നിന്ന് വന്നവരും. സ്ഥിരീകരിച്ച കേസുകളില്‍ ഏഴെണ്ണം സമ്പര്‍ക്ക രോഗബാധയാണ്. കൊല്ലം നാല്, കോട്ടയം രണ്ട്, തിരുവനന്തപുരം ഒന്ന് എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്.

സംസ്ഥാനത്ത് ഇത് വരെ 107 ഒമിക്രോണ്‍ കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 41 പേരും ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 52 പേരും എത്തിയിട്ടുണ്ട്. 14 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

എറണാകുളം 37, തിരുവനന്തപുരം 26, കൊല്ലം 11, തൃശൂര്‍ ഒന്‍പത്, പത്തനംതിട്ട, ആലപ്പുഴ അഞ്ച് വീതം, കണ്ണൂര്‍ നാല്, കോട്ടയം, മലപ്പുറം മൂന്ന് വീതം, പാലക്കാട് രണ്ട്, കോഴിക്കോട്, ഇടുക്കി ഒന്ന് വീതം എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള ഒകെ ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ കണക്ക്. അതീവ ജാഗ്രതയുണ്ടായില്ലെങ്കില്‍ രോഗവ്യാപനം അതി തീവ്രമാകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് മുന്നറിയിപ്പ് നല്‍കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K