10 January, 2022 01:09:39 PM


'വിസിയുടെ ഭാഷ ഇങ്ങനെയോ? മറുപടിയില്‍ ഞെട്ടി'; ചാന്‍സലറെ ധിക്കരിച്ചെന്ന് ഗവര്‍ണര്‍



തിരുവനന്തപുരം:  രാഷ്ട്രപതിക്ക് ഡി-ലിറ്റ് നല്‍കാനുള്ള ശുപാര്‍ശ സ്ഥിരീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാഷ്ട്രപതിയെ ആദരിക്കണമെന്ന് കേരള സര്‍വ്വകലാശാല വിസി വി പി മഹാദേവൻ പിള്ളയോട് ആവശ്യപ്പെട്ടിരുന്നതായി ഗവര്‍ണര്‍ പറഞ്ഞു. എന്നാല്‍ വിസിയുടെ ഭാഗത്ത് നിന്ന് മോശം പ്രതികരണമുണ്ടായെന്നാണ് ഗവര്‍ണര്‍ വിശദീകരിക്കുന്നത്. വിസിക്ക് എതിരെ രൂക്ഷവിമര്‍ശനമാണ് ഗവര്‍ണര്‍ നടത്തിയിരിക്കുന്നത്. കണ്ണൂര്‍ വിസി നിയമനം നിയമ വിരുദ്ധമായിരുന്നില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. 

ഏറ്റവും ഉയര്‍ന്ന ആളിനെ ആദരിക്കണമെന്ന് വിസിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പറ്റില്ലെന്ന വിസിയുടെ മറുപടി കിട്ടിയപ്പോള്‍ അമ്പരന്നുപോയി. വിസി പറയുന്നത് വിശ്വസിക്കാനായില്ല. വിസിയുടെ ഭാഷ ഇങ്ങനെയാണോ? ഞെട്ടലില്‍ നിന്ന് മോചിതനാകാന്‍ സമയയമെടുത്തു. ശുപാര്‍ശ തള്ളിയത് വിസി ഫോണിലൂടെയാണ് അറിയിച്ചത്. തുടര്‍ന്ന് ശുപാര്‍ശ തള്ളിയത് എഴുതിത്തരാന്‍ ആവശ്യപ്പെട്ടു. വൈസ് ചാന്‍സിലര്‍ക്ക് രണ്ടുവരി കൃത്യമായി എഴുതാന്‍ പറ്റിയില്ല. ഇങ്ങനെയാണ് നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖല. ഡിസംബര്‍ അഞ്ചിനാണ് വിസി മറുപടി നല്‍കിയത്. 

പിന്നീട് വീണ്ടും കേരള വിസിയെ വിളിച്ചു. സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ശുപാര്‍ശ എതിര്‍ത്തെന്ന് വിസി പറഞ്ഞു. പക്ഷേ സിന്‍ഡിക്കേറ്റ് യോഗം വിളിക്കാനുള്ള നിര്‍ദ്ദേശം പാലിച്ചില്ല. ചാന്‍സലറെ വൈസ് ചാന്‍സലര്‍ ധിക്കരിച്ചു. മറ്റാരുടേയോ നിര്‍ദ്ദേശം വിസി കേള്‍ക്കുന്നതായി തോന്നി. സിന്‍ഡിക്കേറ്റ് വിളിക്കരുതെന്ന നിര്‍ദ്ദേശം കിട്ടിയതായി വിസി പറഞ്ഞു. താന്‍ ഇതുവരെ കടുത്ത നടപടികള്‍ എടുത്തിട്ടില്ല. ഇനി അതുപറ്റില്ല. ശുപാര്‍ശ തള്ളിയതോടെ സര്‍ക്കാരിന് കത്തുനല്‍കി. സര്‍ക്കാരില്‍ നിന്ന് മൂന്ന് മറുപടി കത്ത് കിട്ടി. ചാന്‍സലര്‍ പദവിയിലേക്കുള്ള മടങ്ങിവരവില്‍ കാത്തിരുന്ന് മാത്രം തീരുമാനം. തിരിച്ചു വന്നാല്‍ തിരുത്തല്‍ ശക്തിയായി പ്രവര്‍ത്തിക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K