27 February, 2022 11:22:34 AM


യുവതിയെയും മകളെയും പീഡിപ്പിച്ച ശേഷം നാടുവിട്ട യൂത്ത് കോണ്‍​ഗ്രസ് നേതാവ് അറസ്റ്റില്‍



കായംകുളം: പോക്സോ കേസിനെ തുടര്‍ന്ന് രണ്ടു വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന യൂത്ത് കോണ്‍​ഗ്രസ് നേതാവ് അറസ്റ്റിലായി. ചിറക്കടവം തഴയശേരില്‍ ആകാശിനെയാണ് ഹൈദരാബാദില്‍ നിന്ന് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം സെക്രട്ടറിയും ജവഹര്‍ ബാലവേദി ജില്ലാ വൈസ് ചെയര്‍മാനുമായിരുന്നു ആകാശ്.

പരിചയക്കാരിയായ യുവതിയുമായും അവരുടെ വിദ്യാര്‍ഥിനിയായ മകളുമായും ഇയാള്‍ ലൈം​ഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് പീഡിപ്പിച്ച ചിത്രങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്തു. 2019 ഡിസംബറിലാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തത്. പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം പ്രതി ഒളിവില്‍ പോവുകയായിരുന്നു.

രണ്ടു വര്‍ഷത്തിലധികമായി ബംഗളൂരു, മധ്യപ്രദേശ്, ഭോപ്പാല്‍, തെലങ്കാന, അന്ധ്രപ്രദേശ്, കര്‍ണ്ണാടക, ഗോവ, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ വിവിധ പ്രദേശങ്ങളില്‍ ഇയാള്‍ പല പേരുകളിലായി ഒളിവില്‍ കഴിഞ്ഞുവരുകയായിരുന്നു. ഹൈദരാബാദില്‍ മാധാപ്പൂരില്‍ ഒളിച്ച്‌ കഴിയവേയാണ് പ്രതി പിടിയിലായത്.

പ്രതി ഉപയോഗിച്ചുവന്നിരുന്ന മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പിടിയിലായത്. സ്വന്തം പേരിലുള്ള മൊബൈല്‍ നമ്ബരുകളും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഇയാള്‍ ഉപയോഗിക്കുന്നുണ്ടായിരുന്നില്ല. എന്നാല്‍ വിദേശത്തുള്ള സുഹൃത്തിന്റെ വിദേശ നമ്ബര്‍ ഉപയോഗിച്ച്‌ വാട്സാപ്പ് വഴി ബന്ധുക്കളെയും സുഹൃത്തുക്കളെയും ബന്ധപ്പെട്ടിരുന്നു.

ഈ നമ്പര്‍ ട്രാക്ക് ചെയ്തതിലൂടെയാണ് പ്രതി ഹൈദരാബാദിലുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചത്. അഡ്വ. ആദിത്യവര്‍മ്മ എന്ന പേരില്‍ ഹൈദരാബാദിലെ മാധാപ്പൂരിലാണ് പ്രതി ഒളിച്ചു കഴിഞ്ഞത്. ഇവിടുത്തെ ഒരു ഹോസ്റ്റലിലായിരുന്നു പ്രതി താമസിച്ചുവന്നിരുന്നത്. തുടര്‍ന്ന് ഈ ഹോസ്റ്റലിലെ ഉടമസ്ഥന്‍റെ കൈയ്യില്‍ നിന്നും ഉടമസ്ഥാവകാശം തട്ടിയെടുത്തു. അതിന് ശേഷം അവിടെ സ്വന്തമായി ഒരു വനിതാ ഹോസ്റ്റല്‍ അടക്കം നാല് ഹോസ്റ്റലുകള്‍ നടത്തുകയായിരുന്നു ആകാശ്.

ഇതിനിടയില്‍ ഹോസ്റ്റല്‍ ഉടമയുടെ ഭാര്യയെയും മകളെയും കാണാനില്ലെന്ന് കാട്ടി ഹൈദരാബാദിലെ മേധാപൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതിയുണ്ടായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഹോസ്റ്റല്‍ ഉടമയുടെ ഭാര്യയെയും മകളെയും ആകാശിനൊപ്പം പൊലീസ് കണ്ടെത്തി. അറസ്റ്റ് ചെയ്ത പ്രതിയെ കായംകുളം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K