23 March, 2022 06:19:26 PM


തൃശൂർ ചെന്ത്രാപ്പിന്നിയിൽ 63 കാരന്‍ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ

തൃശൂർ: ചെന്ത്രാപ്പിന്നിയിൽ 63 കാരന്‍ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ. നേതാജി റോഡിൽ ഏങ്ങൂർ വീട്ടിൽ ജയപ്രകാശാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. അയൽവാസികളാണ്  വീടിനുള്ളിൽ നിന്ന് പുക ഉയരുന്നത് കണ്ടത്. വീടിന് തീപിടിച്ചതെന്ന് കരുതി ഫയർഫോഴ്സിനെ വിവരമറിയിച്ചു. നാട്ടികയിൽ നിന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തി തുറന്നു കിടന്നിരുന്ന ജനൽ പാളിയിലൂടെ വെള്ളമൊഴിച്ച് തീയണച്ചപ്പോഴാണ് ഒരാൾ കട്ടിലിൽ കത്തി കരിഞ്ഞ നിലയിൽ കണ്ടത്. ഇരു നില വീട് പൂട്ടിയിട്ട നിലയിലായിരുന്നു. 


വീടിൻ്റെ മുകളിലത്തെ വാതിൽ പൊളിച്ചാണ് ഫയർഫോഴ്സ് ഉദ്യാഗസ്ഥർ അകത്ത് കടന്നത്. സംഭവ സമയം ജയപ്രകാശ് വീട്ടിൽ തനിച്ചായിരുന്നു. ഇന്ന് ഉച്ചക്ക് പന്ത്രണ്ടരയോടെ ജയപ്രകാശിനെ വീടിന് മുന്നിൽ കണ്ടിരുന്നതായി പറയുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ ജയപ്രകാശിൻ്റെ ഭാര്യ ഡോ.രഞ്ജിനി ബന്ധുവിൻ്റെ വീട്ടിലേക്ക് പോയിരുന്നു. ചാർട്ടേർഡ് അക്കൗണ്ടൻ്റാണ് ജയപ്രകാശ്. കയ്പമംഗലം പോലീസ് സ്ഥലത്തെത്തി മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നാട്ടിക ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ എ.എൽ.ലാസറിൻ്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരെത്തിയാണ് തീയണച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K