11 May, 2022 07:22:11 AM


ഏറ്റുമാനൂർ ഹെൽത്ത് സെന്റർ മെഡി. കോളജ് ആശുപത്രിയുടെ സബ് സെന്ററായി ഉയർത്തുന്നു



ഏറ്റുമാനൂർ: ഏറ്റുമാനൂർ നഗരത്തിലെ ഹെൽത്ത് സെന്റർ അത്യാധുനിക സൗകര്യങ്ങളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയുടെ സബ് സെന്ററായി ഉയർത്തുന്നു. ഇതിനായി ഇവിടെയുള്ള പഴയ കെട്ടിടം പൊളിച്ച് പുതിയ 2 നില കെട്ടിടം പണിയും. രണ്ടാഴ്ചയ്ക്കുള്ളിൽ പണി ആരംഭിക്കും. 

പുതിയ കെട്ടിടം പൂർത്തിയാകുന്നതോടെ ഇ - ഹെൽത്ത് പദ്ധതിയും ആരംഭിക്കും. ഇ - ഹെൽത്ത് പോർട്ടൽ വഴി വീട്ടിലിരുന്നു തന്നെ ഡോക്ടർമാരുടെ അപ്പോയ്ന്റ്മെന്റ് എടുക്കാമെന്നതാണ് പ്രത്യേകത. നീണ്ടൂർ റോഡിൽ പഴയ പഞ്ചായത്ത് ഓഫിസിനു പിറകിലുള്ള ആരോഗ്യകേന്ദ്രത്തന് കോട്ടയം മെഡിക്കൽ കോളജ് ഹെൽത്ത് സെന്റർ എന്നാണ് ഇപ്പോൾ പേര്. എന്നാൽ വേണ്ടത്ര സൗകര്യം ഇല്ലാത്തതിനാൽ രോഗികൾക്ക് കൂടുതൽ പ്രയോജനം ലഭിച്ചിരുന്നില്ല. 

നാഷനൽ ഹെൽത്ത് മിഷന്റെ 2.78 കോടി രൂപയാണ് പദ്ധതിക്കായി ഉപയോഗിക്കുക. നിലവിൽ ഒപിയും കിടത്തിച്ചികിത്സയും ഉണ്ട്. ഇപ്പോഴുള്ള ചികിത്സാ സംവിധാനങ്ങൾക്ക് തടസ്സം ഉണ്ടാകാത്ത വിധമായിരിക്കും പുതിയ കെട്ടിട നിർമ്മാണം. ഒപി മുറി, ഫാർമസി, ലാബ്, ഡോക്ടേഴ്സ് മുറി, നഴ്സസ് മുറി, സ്റ്റാഫ് മുറി, രോഗികൾക്ക് കാത്തിരിപ്പു കേന്ദ്രം, വാഹനങ്ങളുടെ പാർക്കിംഗ് എന്നിങ്ങനെയുള്ള സൗകര്യങ്ങൾ ആധുനിക രീതിയിൽ ക്രമീകരിക്കും.

സബ് സെന്ററാകുന്നതോടെ ലഭ്യമാകുന്ന കൂടുതൽ സൗകര്യങ്ങൾ:

> ക്യൂ നിൽക്കാതെ ഡോക്ടറെ കാണാൻ മുൻകൂട്ടി ടോക്കൺ എടുക്കാം. 
> നിശ്ചിത തീയതിയിൽ നിശ്ചിതസമയ ത്തു ഡോക്ടറുടെ സേവനം ആശുപത്രിയിൽ ലഭിക്കുമോയെന്ന് ബുക്ക് ചെയ്യുമ്പോൾത്തന്നെ അറിയാം. 
> ഒപി ടിക്കറ്റ്, ടോക്കൺ സ്ലിപ്പുകൾ എന്നിവയുടെ ഓൺലൈൻ പ്രിന്റിങ് സാധ്യമാകും. 
> രോഗിയുടെ ആരോഗ്യ വിവരങ്ങൾ അടങ്ങുന്ന കംപ്യൂട്ടർ ഫയൽ തയാറാക്കും. 
> സേവനങ്ങൾ, ചികിത്സാ സൗകര്യങ്ങൾ, ചികിത്സാ സമയം എന്നിവ വെബ്സൈറ്റിൽ നിന്ന് അറിയാം. 
> ലാബ്, എക്സ്റേ, ഇസിജി, സ്കാനിങ് പരിശോധനകൾ എന്നിവയുടെ ഫലവും ചികിത്സാവിവരങ്ങളും വെബ് പോർട്ടലിൽ ലഭ്യമാകും. 
> രോഗിയുടെ ആരോഗ്യനില, കഴിക്കുന്ന മരുന്നുകൾ, മുൻപ് വന്ന രോഗങ്ങൾ തുടങ്ങി എല്ലാ വിവരങ്ങളും ഡോക്ടർക്ക് വെബ് പോർട്ടലിൽ നിന്ന് അറിയാം. 
> കൂടുതൽ ചികിത്സാ സൗകര്യമുള്ള ജനറൽ ആശുപത്രികൾ, മെഡിക്കൽ കോളജ് ആശുപത്രി എന്നിവിടങ്ങളിലേക്ക് ഡോക്ടർക്ക് നേരിട്ട് റഫറൻസ് ചെയ്യാം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K