04 July, 2016 09:55:25 PM


അളവ് - തൂക്ക - പാക്കിങ് ക്രമക്കേട് : മലപ്പുറത്ത് 18 കേസുകള്‍എടുത്തു



മലപ്പുറം: ലീഗല്‍ മെട്രോളജി വകുപ്പ് പാണ്ടിക്കാട്, വള്ളുവങ്ങാട്, കൊളപറമ്പ്, നെല്ലിക്കുത്ത്, തുവ്വൂര്‍, വെള്ളയൂര്‍, തിരൂര്‍, തിരുനാവായ, കോട്ടക്കല്‍, വളാഞ്ചേരി എന്നിവിടങ്ങളിലെ റേഷന്‍ ഷോപ്പുകള്‍, റംസാന്‍ മാര്‍ക്കറ്റുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ ജൂലൈ ഒന്നിന് പ്രത്യേക പരിശോധന നടത്തി. ആകെ 38 സ്ഥാപനങ്ങള്‍ പരിശോധിക്കുകയും പാക്കേജ്ഡ് കമ്മോഡിറ്റീസ് റൂള്‍സ് പ്രകാരം ആറ് കേസുകളും വിവിധ വകുപ്പ് പ്രകാരം 12 കേസുകളുമായി ആകെ 18 കേസുകളെടുത്തു.


മുദ്ര ചെയ്യാത്ത അളവ്തൂക്ക ഉപകരണങ്ങളുടെ ഉപയോഗം, പാക്കിങ് രജിസ്‌ട്രേഷനില്ലാതെ പാക്കിങ്, പാക്ക് ചെയ്ത ഉല്‍പ്പന്നങ്ങളിലെ തൂക്കകുറവ്, പാക്കറ്റുകളില്‍ നിയമപ്രകാരം പ്രഖ്യാപനങ്ങള്‍ ഇല്ലാതിരിക്കുക, അമിത വില ഈടാക്കുക, ഡിക്‌ളറേഷന്‍ ഇല്ലാതിരിക്കുക, വില്‍പ്പനവില മായ്ക്കുക, തിരുത്തുക, പായ്ക്കര്‍/ ഇംപോര്‍ട്ടര്‍ രജിസ്‌ട്രേഷന്‍ എടുക്കാതിരിക്കുക, അളവിലും തൂക്കത്തിലും കുറവ് വരുത്തുക, അളവ്-തൂക്ക ഉപകരണങ്ങള്‍ യഥാസമയം മുദ്ര പതിപ്പിക്കാതിരിക്കുക, ബന്ധപ്പെട്ട രേഖകള്‍ പരിശോധനയ്ക്ക് ഹാജരാക്കാതിരിക്കുക, അളക്കലും തൂക്കലും ഉപഭോക്താക്കള്‍ കാണത്തക്കസ്ഥലത്ത് ചെയ്യാതിരിക്കുക തുടങ്ങിയ കാര്യങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. 


വാറ്റ് പരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍ നിയമാനുസൃത ത്രാസ് ഉപഭോക്താക്കളുടെ സൗകര്യാര്‍ഥം സൂക്ഷിച്ചിട്ടുണ്ടോയെന്നും പരിശോധന നടത്തി. ലീഗല്‍ മെട്രോളജി അസി. കണ്‍ട്രോളര്‍ എ. ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ക്രമക്കേടുകള്‍ കാണുന്നപക്ഷം ഉപഭോക്താക്കള്‍ക്ക് 0483 2766157 നമ്പറില്‍ പരാതികള്‍ അറിയിക്കാം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.6K