06 July, 2016 01:42:18 PM


ലാസ്റ്റ് ഗ്രേഡ് സര്‍വന്‍റാകാന്‍ ബിരുദധാരികള്‍ ഇനി അപേക്ഷിക്കേണ്ടതില്ല



തിരുവനന്തപുരം: ലാസ്റ്റ് ഗ്രേഡ് സര്‍വന്റ് തസ്തികയിലേക്ക് ഇനി മുതല്‍ ബിരുദധാരികളെ പരിഗണിക്കില്ല. ലാസ്റ്റ് ഗ്രേഡ് സര്‍വന്റ് യോഗ്യത പരിഷ്കരിച്ച്‌ വിശേഷാല്‍ചട്ടം ഭേദഗതി ചെയ്ത വിജ്ഞാപനം സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. ലാസ്റ്റ് ഗ്രേഡ് തസ്തികയുടെ അടിസ്ഥാന യോഗ്യത ഏഴാം ക്ലാസ് വിജയമാക്കിയാണ് പരിഷ്കരിച്ചത്.


ഇതോടെ ബിരുദധാരികള്‍ക്ക് ലാസ്റ്റ് ഗ്രേഡ് സര്‍വന്റ് തസ്തികയിലേക്ക് അപേക്ഷിക്കാനാകില്ല. ചില തസ്തികകള്‍ക്ക് പ്രവൃത്തിപരിചയവും നിശ്ചയിച്ചിട്ടുണ്ട്. ഈ യോഗ്യതകള്‍ അനുസരിച്ചായിരിക്കും ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് തസ്തികയിലേക്ക് ഇനി പിഎസ്സി വിജ്ഞാപനം പ്രസിദ്ധീകരിക്കുക. പരിഷ്കരിച്ച യോഗ്യതകളുമായി പിഎസ്സിയുടെ പുതിയ വിജ്ഞാപനം അടുത്തവര്‍ഷം തയ്യാറാകും. 14 ജില്ലകള്‍ക്കും ഈ തസ്തികയ്ക്ക് നിലവില്‍ റാങ്ക്പട്ടികയുണ്ട്. ഇപ്പോഴത്തെ വിജ്ഞാപനം അതില്‍നിന്നുള്ള നിയമനങ്ങളെ ബാധിക്കില്ല.


പ്രത്യേകിച്ച്‌ വിദ്യാഭ്യാസ യോഗ്യത നിഷ്കര്‍ഷിക്കാത്ത തസ്തികയായിരുന്നു ലാസ്റ്റ് ഗ്രേഡ് സര്‍വന്റിന്റേത്. എഴുത്തും വായനയും അറിയാവുന്നവര്‍ക്കെല്ലാം അപേക്ഷിക്കാമായിരുന്നു. പിഎസ്സിയുടെ ഓരോ വിജ്ഞാപനത്തിനും പത്തു മുതല്‍പതിനഞ്ച് ലക്ഷം വരെ അപേക്ഷകളാണ് ലഭിക്കുന്നത്. ഇതില്‍ ഭൂരിപക്ഷവും ബിരുദധാരികളാണ്. റാങ്ക്പട്ടികയില്‍ ഉള്‍പ്പെടുന്നവരിലും ജോലി നേടുന്നവരിലും ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതക്കാരാണ് കൂടുതലും. മറ്റു ജോലികള്‍ ലഭിക്കുമ്ബോള്‍ ഇവര്‍ ലാസ്റ്റ് ഗ്രേഡ് സര്‍വീസ് ഉപേക്ഷിക്കുന്നതും പതിവാണ്. ഈ പ്രവണത അവസാനിപ്പിക്കാനുദ്ദേശിച്ചാണ് ബിരുദധാരികളെ ഈ തസ്തികയില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K