15 June, 2022 11:08:49 PM


'സ്വപ്ന പുറത്ത് വിട്ട ഓഡിയോയിൽ കൃത്രിമം'; ഷാജ് കിരണിനെ ചോദ്യം ചെയ്തത് 5 മണിക്കൂറോളം



കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഉൾപ്പെട്ട ഗൂഢാലോചനാ കേസിൽ അഞ്ച്  മണിക്കൂറിലേറെ നീണ്ട ചോദ്യംചെയ്യലിന് ശേഷം ഷാജ് കിരണിനെ വിട്ടയച്ചു. ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിളിപ്പിച്ചതെന്ന് ഷാജ് കിരൺ മാധ്യമങ്ങളോട് പറഞ്ഞു. ചോദ്യം ചെയ്യലിൽ അന്വേഷണ സംഘത്തോട് കാര്യങ്ങളെല്ലാം ബോധിപ്പിച്ചിട്ടുണ്ട്. ഫോണിലെ തെളിവുകൾ നൽകേണ്ട സമയത്ത് കൃത്യമായി നൽകും. സ്വപ്ന സുരേഷ് പുറത്ത് വിട്ട ഓഡിയോയിൽ കൃത്രിമ൦ നടന്നതായി ചോദ്യംചെയ്യലിന് ശേഷം പുറത്തിറങ്ങിയ ഷാജ് പറഞ്ഞു.

സ്വപ്ന പറഞ്ഞ പല കാര്യങ്ങളും കെട്ടിച്ചമച്ചതാണ്. താൻ മുഖ്യമന്ത്രിയുടെ ദൂതനാണെന്നാണ് സ്വപ്ന പറയുന്നത്. എന്നാൽ താൻ ആരുടെയും ദൂതനായിരുന്നില്ല. താനുമായി സംസാരിച്ച ഓഡിയോ സംഭാക്ഷണത്തിൽ കൃത്രിമം നടന്നിട്ടുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് പറയാനുള്ളത് അന്വേഷണ സംഘത്തെ അറിയിച്ചു.  അതേ സമയം, മൊബൈൽ അന്വേഷണ സംഘത്തിന് കൈമാറിയിട്ടില്ലെന്നും ഷാജ് അറിയിച്ചു. ഗൂഢാലോചന കേസ് അന്വേഷിക്കുവാൻ രൂപം നൽകിയ പ്രത്യേക അന്വേഷണ സംഘമാണ്  ഷാജിനെയും സുഹൃത്ത് ഇബ്രാഹിമിനെയും ചോദ്യം ചെയ്തത്. 

ഉച്ചയ്ക്കുശേഷം ആരംഭിച്ച ചോദ്യം ചെയ്യൽ അവസാനിച്ചത് രാത്രി വൈകിയായിരുന്നു. സർക്കാരിന്റെ ഇടനിലക്കാരനെന്ന നിലയിൽ സ്വപ്നയുടെ കേസിൽ ഇടപെട്ടോ എന്നാണ് പൊലീസ് പ്രധാനമായും അന്വേഷിച്ചത്. കേസുകളിൽ നിന്ന് പിൻമാറാൻ ഷാജ് കിരൺ ഭീഷണിപ്പെടുത്തിയെന്ന് സ്വപ്ന ആരോപിച്ചിരുന്നു. അതേ സമയം, കൃത്രിമം നടത്തിയ ശബ്ദരേഖയാണ് സ്വപ്ന പുറത്ത് വിട്ടതെന്നാണ് ഷാജ് ഉയർത്തുന്ന വാദം. ഈ  പരാതിയിലും പൊലീസ് വിശദാംശങ്ങൾ തേടി.

ചോദ്യം ചെയ്യലിനായി തമിഴ്നാട്ടിലായിരുന്ന ഷാജ് ഇന്നാണ്  കേരളത്തിലേക്കു മടങ്ങിയെത്തിയത്. ഇന്ന് മടങ്ങിയെത്തുമെന്ന് ഷാജ് കിരൺ നേരത്തേ അറിയിച്ചിരുന്നു. ഷാജ് കിരണിനെ ചോദ്യം ചെയ്യുന്നതിന് അന്വേഷണ സംഘം കഴിഞ്ഞ ദിവസം നിയമോപദേശം തേടിയിരുന്നു. താൻ നിരപരാധിയാണെന്നും രാഷ്ട്രീയ ലാഭത്തിനു വേണ്ടി കുടുക്കുകയാണെന്നും ചൂണ്ടി കാണിച്ച് ഷാജ് കിരൺ നേരത്തെ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു.  എന്നാൽ ഷാജിന് എതിരെ കേസെടുത്തിട്ടില്ലെന്ന് സർക്കാർ വാദിച്ചതോടെ ജാമ്യപേക്ഷയിൽ മേലുള്ള നടപടികൾ അവസാനിപ്പിക്കുകയായിരുന്നു.

സ്വപ്ന ഒരു ഓഡിയോ ക്ലിപ് പുറത്തുവിട്ടിരുന്നെന്നും ഇത് എഡിറ്റു ചെയ്തതാണെന്നും ഷാജ് കിരണ്‍ ആരോപിച്ചു. സ്വപ്നയുമായി സംസാരിച്ച കാര്യങ്ങൾ ഫോണിലുണ്ടായിരുന്നെന്നും ഇതു പിന്നീട് ‍ഡിലിറ്റ് ആയെന്നും ഷാജ് അവകാശപ്പെട്ടിരുന്നു. ഇതു തിരിച്ചെടുക്കാൻ സാധിക്കുമോയെന്നറിയാനാണ് ഷാജ് കിരൺ കേരളത്തിനു പുറത്തേക്കു പോയത്. ഫോണിലുണ്ടായിരുന്ന വിവരങ്ങൾ തിരികെ ലഭിച്ചിട്ടില്ലെന്ന് ഷാജ് കിരൺ മാധ്യമങ്ങളെ അറിയിച്ചു.

എന്നാൽ ഫോണിലെ വിവരങ്ങൾ നശിപ്പിക്കാനാണ് ഷാജും, സുഹൃത്തായ ഇബ്രാഹിമു തമിഴ്നാട്ടിൽ പോയതെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു. എന്തുകൊണ്ട് ഷാജ് കിരണിനെതിരേ കേസെടുക്കുന്നില്ലെന്ന ആക്ഷേപവും ഉയർന്നു. ഇതിനിടെയാണ് ഷാജ് കിരൺ കൊച്ചിൽ മൊഴി നൽകുവാൻ എത്തിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K