07 July, 2022 06:05:47 PM


'പശവെച്ച് ഒട്ടിച്ചാണോ റോഡ് നിര്‍മ്മിക്കുന്നത്'; റോഡുകള്‍ തകര്‍ന്നതിനെതിരെ ഹൈക്കോടതി



കൊച്ചി: നഗരത്തിലെ റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞതില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. നഗരത്തിലെ പ്രധാനപ്പെട്ട പല റോഡുകളും പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. "ടാർ ചെയ്ത് അധികം വൈകാതെ റോഡുകൾ പൊളിയുന്നു. പശവെച്ച് ഒട്ടിച്ചാണോ റോഡ് നിര്‍മ്മിക്കുന്നത്" - ഹൈക്കോടതി ചോദിച്ചു. മഴക്കാലത്ത് നഗരത്തിലെ റോഡുകള്‍ തകര്‍ന്നതില്‍ കൊച്ചി കോര്‍പ്പറേഷനും പൊതുമരാമത്ത് വകുപ്പും ഉത്തരവാദികളാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

റോഡുകളുടെ അറ്റകുറ്റപ്പണിയുടെ കാര്യത്തിൽ ഹൈക്കോടതിയുടെ മുൻ ഉത്തരവുകൾ ഇതുവരെ നടപ്പായില്ല. നഗരത്തിലെ പല നടപ്പാതകളും അപകടാവസ്ഥയിലാണെന്നും കോടതി പറഞ്ഞു.  പലർക്കും ജീവൻ നഷ്ടപ്പെട്ടു. ഇക്കാര്യത്തിൽ പൊലീസിനും  ഉത്തരവാദിത്വമുണ്ട്. കോടതി ഇടപെട്ടിട്ടും മാറ്റമൊന്നുമുണ്ടാകുന്നില്ല. കാൽനടയാത്രക്കാർ അപകടത്തിൽപ്പെട്ടാൽ കടുത്ത നടപടി ഉണ്ടാകുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറും കോർപ്പറേഷൻ സെക്രട്ടറിയുമടക്കം വിഷയത്തില്‍ മറുപടി പറയണമെന്നും കോടതി നിർദേശിച്ചു.

കൊച്ചി കോർപ്പറേഷനുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി ഇത്തരത്തിൽ രൂക്ഷവിമർശനം നടത്തിയത്. റോഡുകളുടെ ശോചനീയാവസ്ഥയില്‍ പ്രാഥമികമായ ഉത്തരവാദിത്വം എഞ്ചിനീയർമാർക്കാണെന്നും അവരെ വിളിച്ചുവരുത്തുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K