08 July, 2022 07:21:49 PM


സര്‍ക്കാര്‍ കൊള്ളയടിക്കുന്നു; മെഡിസെപ്പ് പദ്ധതിക്കെതിരെ ജീവനക്കാരുടെ സംഘടന



തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെൻഷൻകാര്‍ക്കുമുള്ള ആരോഗ്യ സുരക്ഷാ പദ്ധതിയായ മെഡിസെപ്പിനെതിരെ പ്രതിപക്ഷ ജീവനക്കാരുടെ സംഘടനയായ സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ. ഇടനിലക്കാരനിൽ നിന്ന് നോക്കുകൂലിക്കാരനായി സർക്കാർ മാറുകയാണെന്നും പദ്ധതി വഴി പ്രതിവർഷം 140 കോടി രൂപയാണ് സർക്കാരിന് ലഭിക്കുന്നതെന്നും സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസില്‍ കൺവീനർ എം എസ് ജ്യോതിഷ് കുറ്റപ്പെടുത്തി. മെഡിക്കൽ റീ ഇംബേഴ്സ്മെന്റ്, ഐഎഫ്എംഎ ഇനങ്ങളിലായി പ്രതിവർഷം 50 കോടിയിൽപ്പരം രൂപ സർക്കാർ ചെലവഴിച്ചിരുന്ന സ്ഥാനത്താണിതെന്നും അദ്ദേഹം പറഞ്ഞു.

ബഫർ ഫണ്ട് എന്ന പേരിൽ 336 രൂപയും ജിഎസ്ടി സംസ്ഥാന വിഹിതമായി 432 രൂപയും ഉൾപ്പെടെ 768 രൂപ വർഷം തോറും ജീവനക്കാരിൽ നിന്ന് കൊള്ളയടിക്കാനാണ് സർക്കീർ നീക്കം. ആന്ധ്രാപ്രദേശിലും തമിഴ്നാട്ടിലും 60:40 എന്ന അനുപാതത്തിലാണ് സർക്കാരും ജീവനക്കാരും പദ്ധതി വിഹിതം വഹിക്കുന്നത്. പഞ്ചാബിൽ ബാധ്യത പൂർണമായും സർക്കാരാണ് വഹിക്കുന്നത്. എന്നാല്‍ കേരളത്തിൽ ഒരു രൂപ പോലും സർക്കാർ ചെലവാക്കുന്നില്ല,  ജീവനക്കാരുടെ ആരോഗ്യ സുരക്ഷ ഏറ്റെടുക്കാത്ത രാജ്യത്തെ ഏക സർക്കാരാണ് കേരളത്തിലേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മെഡിസെപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റ് കൗൺസിൽ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങൾ

> ഗുണഭോക്താക്കളുടേതിന് തുല്യമായ പ്രീമിയം തുക സർക്കാരും ഒടുക്കുക. അതിലൂടെ പദ്ധതിയുടെ ആനുകൂല്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുക.

> മികച്ച ആശുപത്രികളെ എംപാനൽ ചെയ്യുക. എംപാനൽ ചെയ്ത ആശുപത്രികളിൽ ലഭ്യമായ എല്ലാ ചികിത്സയ്ക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുക.

> മെഡിക്കൽ റീ ഇംബേഴ്സ്മെന്റ്, ഐഎഫ്എംഎ സൗകര്യം ലഭ്യമായിരുന്ന എല്ലാ സ്വകാര്യ ആശുപത്രികളെയും സർക്കാർ നിയന്ത്രണത്തിലുള്ള സ്പെഷ്യാലിറ്റി/ സൂപ്പർ സ്പെഷ്യാലിറ്റി / മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികളെയും എംപാനൽ ചെയ്യുക.

> ഒ പി ചികിത്സയും പദ്ധതിയുടെ ഭാഗമാക്കുക.

> ഓൾ ഇന്ത്യ സർവീസുകാരുടേതിന് സമാനമായി ജീവനക്കാർക്കും പെൻഷൻകാർക്കും മെഡിസെപ്പ് പദ്ധതി ഓപ്ഷണലാക്കുക.

> ഗുരുതരരോഗങ്ങൾ, അവയവ മാറ്റം എന്നിവയ്ക്ക് ചികിത്സ ലഭിക്കുന്ന എല്ലാ ആശുപത്രികളെയും എംപാനൽ ചെയ്യുക.

> ഓരോ ജില്ലയിലും കുറഞ്ഞത് അഞ്ചു മുതൽ പത്തുവരെ പ്രമുഖ സ്പെഷ്യാലിറ്റി/ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളെ എംപാനൽ ചെയ്യുക.

> ആയുർവേദം, ഹോമിയോപ്പതി, സിദ്ധ, യുനാനി പോലുള്ള സമാന്തര ചികിത്സാ രീതികളെയും മെഡിസെപ്പിന്റെ പരിധിയിൽ ഉൾപ്പെടുത്തുക.

> ഐഎഫ്എംഎ സംവിധാനം നിലവിലേതുപോലെ തുടരുക.

> ജീവിത പങ്കാളിയും സർക്കാർ ഉദ്യോഗസ്ഥൻ ആണെങ്കിൽ വിഹിതം ഈടാക്കുന്നത് ഒരാളിൽ നിന്ന് മാത്രമായി പരിമിതപ്പെടുത്തുകയോ അതല്ലെങ്കിൽ കവറേജ് ഇരട്ടിയാക്കുകയോ ചെയ്യുക.

> കുറ്റമറ്റ പരാതി പരിഹാര സംവിധാനം പദ്ധതി തുടങ്ങുന്ന ദിവസം മുതൽ ഉറപ്പാക്കുകയും അതിൽ ജീവനക്കാരുടെ പ്രതിനിധികളെക്കൂടി ഉൾപ്പെടുത്തുകയും ചെയ്യുക.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K