13 July, 2016 08:50:52 PM


അന്നംതരുന്ന കര്‍ഷകനെ ആദരിക്കുന്ന തലമുറയാണ് ഉണ്ടാകേണ്ടത്: കൃഷിമന്ത്രി



തിരുവനന്തപുരം : അന്നം തരുന്ന കര്‍ഷകനെ ആദരിക്കുന്ന തലമുറയാണ് നമുക്ക് വേണ്ടതെന്നും അത് മറന്ന തലമുറയാണ് കാര്‍ഷകമേഖലയുടെ തകര്‍ച്ചയ്ക്ക് കാരണമായതെന്നും കൃഷി മന്ത്രി വി.എസ്.സുനില്‍ കുമാര്‍ പറഞ്ഞു. സമഗ്രപച്ചക്കറി കൃഷി വികസന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.


കാര്‍ഷിക മേഖലയ്ക്ക് മുന്‍കരുതല്‍ കൂടാതെ മുന്നോട്ട് പോകാന്‍ ആകില്ലെന്നും കാലാവസ്ഥാവ്യതിയാനം, കുടിവെളളക്ഷാമം, ആരോഗ്യ പ്രശ്‌നങ്ങള്‍ തുടങ്ങിയവ കാര്‍ഷിക മേഖലയുടെ തകര്‍ച്ചയുടെ അനന്തരഫലമാണെന്നും അദ്ദേഹം പറഞ്ഞു. കൃഷിവകുപ്പ് മറ്റ് വകുപ്പുകളുമായി ചേര്‍ന്ന് കൃഷിവികസന പരിപാടികള്‍ സംഘടിപ്പിക്കും. നമ്മുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുളള കാര്‍ഷിക സംസ്‌കാരം മറന്നുകൊണ്ടുളള ഒരു വികസനവും ശാശ്വതമല്ലെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂള്‍തല കാര്‍ഷിക പ്രോത്സാഹന അവാര്‍ഡു തുക ഇരട്ടിയാക്കി വര്‍ദ്ധിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു.


കെ.മുരളീധരന്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു. ഡെപ്യൂട്ടി മേയര്‍ അഡ്വ.രാഖി രവികുമാര്‍, കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് ഡയറക്ടര്‍ അശോക് കുമാര്‍ തെക്കന്‍, തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് അന്‍പത് ലക്ഷം പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു. ഗ്രോ ബാഗുകളുടെ വിതരണോത്ഘാടനം ഡെപ്യൂട്ടി മേയര്‍ നിര്‍വ്വഹിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K