19 July, 2022 06:42:30 PM


ഭരണഘടനാ വിരുദ്ധ പ്രസംഗവും രാജിയും: വിശദീകരണവുമായി സജി ചെറിയാന്‍ നിയമസഭയില്‍



തിരുവനന്തപുരം: വിവാദമായ ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ നിയമസഭയില്‍ വിശദീകരണവുമായി സജി ചെറിയാന്‍ എംഎല്‍എ. മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗം വളച്ചൊടിച്ചതാണെന്നും ഉന്നതമായ രാഷ്ട്രീയ ധാര്‍മികത ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് മന്ത്രിസ്ഥാനം രാജിവച്ചതെന്നും സജി ചെറിയാന്‍ വിശദീകരിച്ചു. ഭരണഘടനയുടെ ആമുഖം വായിച്ചാണ് സജി ചെറിയാന്‍ വിശദീകരണം നടത്തിയത്.

ഭരണഘടനയെ അവഹേളിക്കാനോ അപമാനിക്കാനോ ഒരുതരത്തിലും ശ്രമിച്ചിട്ടില്ല. 43 വര്‍ഷക്കാലത്തെ പൊതുപ്രവര്‍ത്തനത്തില്‍ എല്ലാകാലവും ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് പ്രവര്‍ത്തിച്ചത്. വാക്കുകള്‍ തെറ്റായി വളച്ചൊടിക്കപ്പെട്ടതാണ്. ഇക്കാര്യത്തില്‍ ദുഖമുണ്ട്. അംബേദ്കറെ അപമാനിച്ചുവെന്ന പ്രചാരണവും നടന്നു. ഇതെല്ലാം വസ്തുതാപരമായി തെറ്റാണെന്നും സജി ചെറിയാന്‍ പറഞ്ഞു. വിവാദത്തിന് പിന്നാലെ ഉന്നതമായ രാഷ്ട്രീയ ധാര്‍മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് രാജിവച്ചത്. 

പാര്‍ട്ടി നേതൃത്വം അനുമതി നല്‍കിയത് അനുസരിച്ചാണ് രാജി. പ്രസംഗം സംബന്ധിച്ച് ആര്‍ക്കെങ്കിലും തെറ്റിദ്ധാരണ ഉണ്ടായെങ്കില്‍ ഒരിക്കല്‍കൂടി ഖേദം രേഖപ്പെടുത്തുന്നതായുംപറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രത്യേക പ്രസ്താവന അവസാനിപ്പിച്ചത്. ഒരു മന്ത്രി രാജിവച്ചാല്‍ അതിന്‍റെ കാരണം സംബന്ധിച്ച കാര്യങ്ങളില്‍ അദ്ദേഹത്തിന് വിശദീകരണം നടത്താന്‍ സഭാചട്ടങ്ങള്‍ അനുമതി നല്‍കുന്നുണ്ട്. ഇതുപ്രകാരം ചട്ടം 64 അനുസരിച്ചാണ് സജി ചെറിയാന്‍ നിയമസഭയില്‍ പ്രത്യേക പ്രസ്താവന നടത്തിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K