20 July, 2022 04:06:06 PM


വാഹന നികുതി: ഇന്‍ഡിഗോ എയര്‍ലൈന്‍സിന്‍റെ ബസുകൾക്കു നേരെ നടപടി തുടരുന്നു



മലപ്പുറം: വാഹന നികുതി അടക്കാത്തതിന് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്‍റെ  ഒരു  ബസ്സിനു  കൂടി മോട്ടോര്‍ വാഹന വകുപ്പ് പിഴ ചുമത്തി. കരിപ്പൂർ വിമാനത്താവളത്തിൽ സർവീസ് നടത്തുന്ന ബസ്സിനാണ് പിഴ ചുമത്തിയത്. പിഴ സഹിതം അടക്കേണ്ടത് 37000 രൂപയാണ്. നടപടിയെക്കുറിച്ച്  ഇൻഡിഗോ കമ്പനിക്ക് നോട്ടീസ് അയച്ചതായി മലപ്പുറം ആർടിഒ അറിയിച്ചു. രണ്ടാമത്തെ ബസ്സ് നിലവിൽ വിമാനത്താവളത്തിന് അകത്താണ്. അവിടെ നിന്ന് പുറത്തിറങ്ങിയാൽ മാത്രമേ ബസ് കസ്റ്റഡിയിൽ എടുക്കാനാവൂ എന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. 

നികുതി അടയ്ക്കാതെ സർവീസ് നടത്തിയതിനെ തുടർന്ന് ഇൻഡിഗോ എയർലൈൻസിന്റെ ഒരു ബസ് മോട്ടോർ വാഹന വകുപ്പ് ചൊവ്വാഴ്ച വൈകുന്നേരത്തോടെ പിടിച്ചെടുത്തിരുന്നു. കരിപ്പൂർ വിമാനത്താവളത്തിൽ സർവീസ് നടത്തുന്ന ബസ് അറ്റകുറ്റപ്പണിക്ക് കൊണ്ടുവന്ന ബസ് ഫറോക്ക് ചുങ്കത്തെ വർക്ക്ഷോപ്പിൽ നിന്നാണ് പിടിച്ചെടുത്തത്.

ആറ് മാസത്തെ നികുതി കുടിശ്ശികയാണ് അടയ്ക്കാനുള്ളത്. കുടിശികയുള്ള നികുതിയും അതിന്റെ പിഴയും അടച്ചാൽ മാത്രമേ വാഹനം വിട്ടുനൽകൂവെന്നാണ് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്. പിഴയും നികുതിയും ഉൾപ്പെടെ നാല്പതിനായിരത്തോളം രൂപയാണ് ഇൻഡിഗോ അടക്കേണ്ടത്. ആർടിഒയുടെ നിർദ്ദേശ പ്രകാരം ഫറൂക്ക് ജോയിൻറ് ആർടിഒ ഉൾപ്പെട്ട സംഘമാണ് ബസ് കസ്റ്റഡിയിൽ എടുത്തത്. 

പണം അടച്ചാൽ പിടിച്ചെടുത്ത ബസ് വിട്ടുകൊടുക്കുമെന്ന് കമ്പനിയെ അറിയിച്ചതായും മോട്ടോർ വാഹനവകുപ്പ് അറിയിച്ചു. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുമായി ഇപ്പോഴത്തെ നടപടിക്ക് ബന്ധമില്ലെന്നും എയർപോർട്ടിലായതിനാൽ ഇതുവരെ ബസ് കസ്റ്റഡിയിൽ എടുക്കാൻ കഴിഞ്ഞിരുന്നില്ലെന്നും പുറത്തിറക്കിയപ്പോൾ പിടിച്ചെടുക്കുകയായിരുന്നെന്നുമാണ് മോട്ടോർ വാഹനവകുപ്പിൻറെ വിശദീകരണം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K