26 July, 2022 08:20:07 AM


ഇന്ന് കാർഗിൽ വിജയദിനം; രാജ്യം പോരാടി നേടിയ ചരിത്ര വിജയത്തിന് 23 വയസ്



ന്യൂഡല്‍ഹി: ഇന്ന് കാർഗിൽ വിജയദിനം. കാർഗിൽ യുദ്ധത്തിൽ രാജ്യം പോരാടി നേടിയ ചരിത്ര വിജയത്തിന് 23 വയസ്. 1999 മെയ് എട്ടിന് ആരംഭിച്ച യുദ്ധം ജൂലൈ 26നാണ് അവസാനിക്കുന്നത്. മൂന്നു മാസത്തെ പോരാട്ടത്തിനൊടുവിൽ ഭാരതസേന പാക് സൈന്യത്തെ തറപറ്റിച്ച ദിനം.
     
ഭാരത ഭൂമിയിലേക്ക് പാക് സൈന്യം നുഴഞ്ഞു കയറിയതോടെയാണ് കാർഗിലിലെ മഞ്ഞു പുതച്ച മലനിരകളിൽ തീമഴ പെയ്യിച്ച ഐതിഹാസിക പോരാട്ടം ആരംഭിച്ചത്. 1999 മെയ് എട്ടിന് ആരംഭിച്ച യുദ്ധം ജൂലൈ 26നാണ് അവസാനിക്കുന്നത്. മൂന്നു മാസത്തെ പോരാട്ടത്തിനൊടുവിൽ നമ്മുടെ സേന പാക് സൈന്യത്തെ തറപറ്റിച്ചു. ഇരു രാജ്യങ്ങളുടെയും നിരവധി ജീവനുകളാണ് പോരാട്ടത്തിനിടെ അപഹരിക്കപ്പെട്ടത്. 527 ധീരസൈനികർ രാജ്യത്തിനു വേണ്ടി ജീവൻ സമർപ്പിച്ചു.

തുടക്കത്തിൽ നുഴഞ്ഞുകയറ്റത്തിന്‍റെ സ്വഭാവത്തെക്കുറിച്ചോ പരിണിതഫലത്തെക്കുറിച്ചോ നമ്മുടെ സൈനികർക്ക് കാര്യമായ ധാരണ ഉണ്ടായിരുന്നില്ല. നുഴഞ്ഞു കയറിയവരെ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഒഴിപ്പിക്കുമെന്നാണ് സേന പ്രഖ്യാപിച്ചത്. രണ്ട് ലക്ഷം സൈനികരെ അണിനിരത്തിയാണ് നുഴഞ്ഞു കയറിയ പാകിസ്ഥാനെതിരെ നാം പ്രതികരിച്ചത്. പോരാട്ടഭൂമിയിൽ മരിച്ചു വീണ സൈനികരുടെ ഓർമ്മയ്ക്ക് എല്ലാ വർഷവും ജൂലൈ 26നാണ് രാജ്യം കാർഗിൽ വിജയ് ദിവസായി ആചരിക്കുന്നത്.

പ്രധാനമായും മൂന്ന് ഘട്ടങ്ങളായിരുന്നു കാർഗിൽ യുദ്ധത്തിന് ഉണ്ടായിരുന്നത്. ആദ്യഘട്ടത്തിൽ പാകിസ്ഥാൻ നമ്മുടെ തന്ത്രപ്രധാനമായ താവളങ്ങൾ പിടിച്ചെടുത്തു. എന്നാൽ, തുടർന്ന് നാം തന്ത്രപ്രധാനമായ പാതകൾ വീണ്ടെടുക്കുകയാണുണ്ടായത്. പിന്നീട് ഭാരതസേന പാക് നുഴഞ്ഞുകയറ്റക്കാരെ നിയന്ത്രണ രേഖയ്ക്ക് പിന്നിലേക്ക് തുരത്തി. ദ്രാസ് മേഖലയിൽ നഷ്ടപ്പെട്ട ആടിനെ തേടിയിറങ്ങിയ ആട്ടിടയൻ ത്യാഷി നഗ്യാനാണ് പാക് സേന നുഴഞ്ഞു കയറുന്നത് ആദ്യമായി കണ്ടത്. സൈന്യത്തെ വിവരം അറിയിച്ചപ്പോഴേക്കും പാക് സൈന്യം അതിർത്തി കടന്നിരുന്നു. നമ്മുടെ  സൈന്യത്തിന്റെ കണക്കനുസരിച്ച് 1200 പാക്ക് സൈനികരെങ്കിലും പോരാട്ടത്തിനിടെ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K