26 July, 2022 06:13:34 PM


'നല്ലൊരു പദ്ധതി എങ്ങനെ ഈ അവസ്ഥയിലായി?'; കെ-റെയിലിൽ സർക്കാരിനെതിരെ ഹൈക്കോടതി



കൊച്ചി: സിൽവർ ലൈൻ പദ്ധതിയോടുള്ള കേരള സർക്കാരിന്‍റെ നിലവിലെ  സമീപനത്തെ ചോദ്യംചെയ്ത് ഹൈക്കോടതി. സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിന്ന് കേന്ദ്ര സർക്കാർ കൈകഴുകുകയാണെന്നും കോടതി പറഞ്ഞു. കെ റെയിൽ സാമൂഹിക ആഘാത പഠനത്തിനെതിരായ ഹർജികൾ പരിഗണിക്കുന്നതിനിടെയായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. കെ റെയിൽ പദ്ധതി നല്ലതാണ്. പക്ഷെ നടപ്പാക്കേണ്ടത് ഈ രീതിയിൽ അല്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.

പറഞ്ഞത് സർക്കാർ ആദ്യം തന്നെ കേൾക്കണമായിരുന്നുവെന്നും ഹൈക്കോടതി. എന്നാൽ കോടതിയെ കുറ്റപ്പെടുത്താനാണ് സംസ്ഥാന സർക്കാർ എപ്പോഴും ശ്രമിച്ചത്. കോടതി ആരുടെയും ശത്രു അല്ല. ഇപ്പോൾ കേന്ദ്ര സർക്കാർ കൈ ഒഴിഞ്ഞില്ലേയെന്നും കോടതി ചോദിച്ചു. സാമൂഹിക ആഘാത പഠനവും ജിയോ ടാഗിംഗുമായി മുന്നോട്ട് പോകുകയാണോ എന്ന് കോടതി സര്‍ക്കാരിനോടാരാഞ്ഞു. സാമൂഹികാഘാത പഠനത്തിന്‍റെ സ്റ്റാറ്റസ് എന്താണെന്ന് അറിയിക്കണമെന്ന് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നല്ലൊരു പദ്ധതി എങ്ങനെ ഈ അവസ്ഥയിലായി എന്ന് സർക്കാരും കെ റെയിലും ആലോചിക്കണമെന്ന് ചൂണ്ടിക്കാട്ടിയ കോടതി, പദ്ധതി നടപ്പാക്കാൻ സർക്കാർ ധൃതി കാണിച്ചുവെന്നും കുറ്റപ്പെടുത്തി.

സാമൂഹികാഘാത പഠനത്തെ കേന്ദ്രസർക്കാർ തള്ളുകയോ കൊള്ളുകയോ ചെയ്തിട്ടില്ലെന്ന് കോടതി പറഞ്ഞു. അതേസമയം, സർവ്വേ കല്ലുകൾ ഉപയോഗിക്കില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. വിഷയത്തില്‍ നിലപാട് അറിയിക്കാൻ സർക്കാർ രണ്ടാഴ്ച കൂടി സാവകാശം തേടി. കേസ് അടുത്ത മാസം 10 ന് വീണ്ടും പരിഗണിക്കും. ഹൈക്കോടതിയുടെ ഈ പരാമര്‍ശങ്ങൾ
ഒരേ സമയം സർക്കാരിനെ 'തല്ലുന്നതും തലോടുന്നതുമായി.'


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K