26 July, 2022 07:55:47 PM


'മാധ്യമം പത്രത്തിനെതിരെ കത്ത് അയക്കാൻ പാടില്ലായിരുന്നു'; ജലീലിനെ തള്ളി മുഖ്യമന്ത്രി



തിരുവനന്തപുരം: മാധ്യമം വിവാദത്തിൽ കെ ടി ജലീലിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമം പത്രത്തിനെതിരെ ജലീൽ അത്തരമൊരു കത്ത് അയക്കാൻ പാടില്ലായിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തില്‍ ജലീലിനോട് നേരിട്ട് സംസാരിച്ചിട്ടില്ലെന്നും പരസ്യമായപ്പോഴാണ് വിവരം അറിഞ്ഞതെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു.

നേരിട്ട് കണ്ട് വിഷയം സംസാരിക്കുമെന്നും അതിന് ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ മന്ത്രിയായിരിക്കുമ്പോൾ യുഎഇയ്ക്ക് കത്ത് എഴുതിയത് തെറ്റായ നടപടിയാണെന്ന് സിപിഎം വിലയിരുത്തിയിരുന്നു. മാധ്യമത്തിനെതിരെ കെ ടി ജലീൽ കത്തെഴുതിയത് പാർട്ടിയുമായി ആലോചിച്ചിട്ടല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

മാധ്യമം ദിനപ്പത്രത്തിനെ ഗൾഫ് മേഖലയിൽ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ജലീൽ യുഎഇ ഭരണകൂടത്തിന് കത്തയച്ചെന്ന് സ്വപ്ന സുരേഷ് വെളിപ്പെടുത്തിയിരുന്നു. മാധ്യമത്തിലെ വാർത്തകൾ യുഎഇ ഭരണാധികാരികൾക്ക് അവമതിപ്പുണ്ടാക്കുന്നതെന്നായിരുന്നു കത്തിലെ ജലീലിന്‍റെ ആക്ഷേപം.

അതേസമയം, മാധ്യമം നിരോധിക്കണമെന്ന് പറഞ്ഞിട്ടില്ലെന്നാണ് കെ ടി ജലീൽ പറയുന്നത്. ഗൾഫിൽ നിരവധി പേർ ചികിത്സ കിട്ടാതെ മരിച്ചുവെന്ന വാർത്തയും ചിത്രവും മാധ്യമം പ്രസിദ്ധീകരിച്ചതിന്‍റെ നിജസ്ഥിതി അറിയാൻ ഒരു വാട്സ്ആപ്പ് മെസേജ് അന്നത്തെ കോൺസുൽ ജനറലിന്‍റെ പിഎക്ക് വാട്സ്ആപ്പിൽ മെസേജ് അയച്ചു. പത്രം നിരോധിക്കണം എന്ന് എവിടെയും പറഞ്ഞിട്ടില്ല. ഈ കാര്യം അവരുടെ ശ്രദ്ധയിൽ പെടുത്തിയതല്ലാതെ മറ്റൊന്നും അതുമായി ബന്ധപ്പെട്ട് നടന്നിട്ടില്ലെന്നും കോൺസുൽ ജനറലുമായി ബിസിനസ് ബന്ധമുണ്ടാക്കാൻ ശ്രമിച്ചിട്ടില്ലെന്നും കെ ടി ജലീൽ പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K