29 July, 2022 07:46:50 PM


സജി ചെറിയാന്‍റെ പേഴ്സണല്‍ സ്റ്റാഫിന്‍റെ പുനര്‍ നിയമനം; അതൃപ്തി പരസ്യമാക്കി ഗവര്‍ണര്‍



തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പ്രസ്താവനയുടെ പേരിൽ മന്ത്രി സ്ഥാനം രാജിവെച്ച സജി ചെറിയാന്‍റെ ഓഫീസിലെ സ്റ്റാഫ് അംഗങ്ങളെ പുനർനിയമിച്ചതില്‍ അതൃപ്തി അറിയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിയമമാണ് പ്രധാനം, വ്യക്തിയല്ല. സർക്കാർ തിരുത്തുന്നില്ലെങ്കിൽ ജനം തീരുമാനിക്കട്ടേ. സ‍ര്‍ക്കാര്‍ ഇപ്പോഴും അതേ രീതിയിൽ മുന്നോട്ട് പോകുകയാണെന്നും ഗവ‍ർണർ തിരുവനന്തപുരത്ത് പറഞ്ഞു. 

മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരായ വി എൻ വാസവന്‍, പി എ മുഹമ്മദ് റിയാസ്, വി അബ്ദുറഹിമാൻ എന്നിവരുടെ പഴ്സനൽ സ്റ്റാഫിലേക്കാണ് ഇവരെ മാറ്റി നിയമിച്ചത്. ഭരണഘടനാ വിരുദ്ധ പ്രസ്താവനയെ തുടര്‍‌ന്ന് ജുലൈ ആറിനാണ് സജി ചെറിയാന്‍ രാജിവെച്ചത്. പിരിഞ്ഞുപോകാനായി സ്റ്റാഫ് അംഗങ്ങളുടെ കാലാവധി 20 വരെ ദീർഘിപ്പിച്ച് ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെ 21 മുതലാണ് ഇവര്‍ക്ക് വീണ്ടും നിയമനം നല്‍കിയത്. 

സജി ചെറിയാന്‍റെ ക്ലർക്കിന് മുഖ്യമന്ത്രിയുടെ ഓഫീസിലാണ് നിയമനം. പ്രൈവറ്റ് സെക്രട്ടറി മനു സി പുളിക്കലടക്കം ആറു പേരെ നിയമിച്ചത് വി അബ്ദുറഹ്മാന്‍റെ സ്റ്റാഫിൽ. അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി ഉൾപ്പടെ അഞ്ച് പേർക്ക് പുനർ നിയമനം മന്ത്രി മുഹമ്മദ് റിയാസിന്‍റെ സ്റ്റാഫിൽ നടത്തി. വി എൻ വാസവന്‍റെ സ്റ്റാഫിൽ അഞ്ച് പേർ. സർക്കാർ സർവ്വീസിൽ നിന്നും ഡെപ്യൂട്ടേഷനിൽ വന്നവർ തിരികെ പോയി.

ഇതോടെ വി.എൻ‌.വാസവന്‍റെ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം 30 ആയി. റിയാസിന്‍റെ സ്റ്റാഫിൽ 29 പേരുമായി. എന്നാൽ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫില്‍ പരമാവധി 25 പേരേ പാടുള്ളൂ എന്നാണ് എല്‍ഡിഎഫ് നയം. പുതുതായി നിയമിച്ചവർക്ക് പെൻഷൻ ഉറപ്പാക്കുന്നതിനാണ് നടപടിയെന്ന് ആക്ഷേപമുണ്ട്. മുഖ്യമന്ത്രിയുടെ ഓഫിസ് കഴിഞ്ഞാൽ സംസ്ഥാനത്ത് ഏറ്റവുമധികം ഫയലുകൾ കൈകാര്യം ചെയ്യുന്നത് ധനമന്ത്രിയുടെ ഓഫീസാണ്. ധനമന്ത്രിയുടെ പഴ്സനൽ സ്റ്റാഫിൽ പോലും 19 പേരേയുള്ളൂവെന്നിരിക്കെയാണ് മറ്റു മന്ത്രിമാരുടെ സ്റ്റാഫിൽ കൂടുതൽ പേരെ നിയമിച്ചിരിക്കുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K