30 July, 2022 08:51:08 PM


എറണാകുളം-അങ്കമാലി രൂപത ഭരണം വത്തിക്കാന്‍റെ നേരിട്ടുള്ള നിയന്ത്രണത്തിൽ



കൊച്ചി: വിവാദങ്ങൾക്കൊടുവിൽ എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പൊലീത്തൻ വികാരി സ്ഥാനത്തു നിന്നും ബിഷപ് ആൻറണി കരിയിലിനെ വത്തിക്കാൻ നീക്കി. തൃശ്ശൂർ ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്തിനാണ് അപ്പോസ്തലിക്ക് അഡ്മിനിസ്ട്രേറ്റർ ചുമതല. വിവിധ വിഷയങ്ങളിൽ വിമത വൈദിക നീക്കത്തെ പിന്തുണക്കുകയും മാർപ്പാപ്പയുടെ തീരുമാനങ്ങൾ പോലും നടപ്പാക്കാതിരുന്ന ബിഷപ് ആന്‍റണി കരിയിലിന്‍റെ രാജി കത്ത് വത്തിക്കാൻ നേരിട്ട് എഴുതി വാങ്ങുകയായിരുന്നു.

ജൂലൈ 30 ശനിയാഴ്ച ഉച്ചയോടെയാണ് എറണാകുളം അങ്കമാലി അതിരൂപതയക്ക് അപ്പോസ്തലിക് അഡ്മിനിസ്ട്രറ്റർ ഭരണം ഏർപ്പെടുത്തിയുള്ള വത്തിക്കാൻ പ്രഖ്യാപനമുണ്ടായത്. തൃശ്ശൂർ അതിരൂപത  മെത്രാപോലീത്ത ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്താണ്  അധിക ചുമതല നിർവ്വഹിക്കുക.

അതിരൂപതയുടെ ദൈനംദിന കാര്യങ്ങൾ സിനഡുമായും മേജർ ആർച്ച് ബിഷപ്പുമായും ആലോചിച്ച് ചെയ്യണം. തീരുമാനങ്ങളെല്ലാം മർപ്പാപ്പയുടെ നേരിട്ടുള്ള അനുവാദത്തോടെയാകണം. ഭൂമി വിൽപ്പന വിവാദത്തിലും, കുർബാന ഏകീകരണത്തിലുമടക്കം സിനഡ് തീരുമാനങ്ങളെ തള്ളിയുള്ള വൈദിക നീക്കത്തെ പിന്തുണച്ചതിനാണ് ബിഷപ് ആന്‍റണി കരിയിലിനെതിരായ വത്തിക്കാന്‍റെ നടപടി. വത്തിക്കാൻ സ്ഥാനപതി ദില്ലിയിലേക്ക് വിളിച്ച് രാജി ആവശ്യപ്പെട്ടെങ്കിലും ബിഷപ് ആദ്യം വിസമ്മതിച്ചിരുന്നു. തുടർന്നാണ് ന്യൂൻഷോ ലെയോപോൾദോ ജെറെല്ലി നേരിട്ട് ബിഷപ്പ് ഹൗസിലെത്തി രാജി എഴുതി വാങ്ങിയത്.

കര്‍ദിനാള്‍ ജോർജ്ജ് ആലഞ്ചേരിക്കെതിരെ പല വിഷയത്തിലും ബിഷപ്പ് ആന്റണി കരിയില്‍ നിലപാട് എടുത്തിരുന്നു. കുര്‍ബാന ഏകീകരണ വിഷയത്തില്‍ ഏകീകൃത കുര്‍ബാന അംഗീകരിക്കില്ലെന്ന് പരസ്യ നിലപാടും ബിഷപ്പ് ആന്റണി കരിയില്‍ സ്വീകരിച്ചിരുന്നു. ഇക്കാര്യത്തില്‍ വിമത വിഭാഗത്തിനായി പലതവണ വത്തിക്കാനുമായി കത്തിടപാടിലൂടെ അതിരൂപതയിലെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാനും ബിഷപ്പ് ആന്റണി കരിയില്‍ മുന്‍കയ്യെടുത്തിരുന്നു.

കുർബാന ഏകീകരണം നടപ്പാക്കണം എന്ന് വത്തിക്കാൻ അന്ത്യശാസനം നൽകിയെങ്കിലും അതും നടപ്പായില്ല. വത്തിക്കാൻ നിർദ്ദേശിച്ച ദിവസം ഇത് നടപ്പാക്കാൻ കഴിയില്ലെന്നും ഈ വർഷം അവസാനത്തോടെ മാത്രമേ കുർബാന ഏകീകരണം സഭയിൽ നടപ്പാക്കാൻ ആകൂ എന്നുമായിരുന്നു എറണാകുളം അങ്കമാലി അതിരൂപതയുടെ നിലപാട്. ഇതും സഭ നേതൃത്വത്തെയും വത്തിക്കാനേയും അലോസരപ്പെടുത്തിയിരുന്നു.

സഭ ഭൂമിഇടപാട് വിഷയത്തിലും വിമത വൈദികരെ പിന്തുണച്ചുവെന്ന ആരോപണവും ആന്റണി കരിയില്‍ നേരിട്ടിരുന്നു. ഇത്തരത്തില്‍ പലകാര്യങ്ങള്‍ സ്ഥാനമാറ്റത്തില്‍ എത്തിച്ചേര്‍ന്നുവെന്നാണ് ലഭിക്കുന്ന സൂചന. വത്തിക്കാന്‍ ഇത്തരമൊരു നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം വൈദികര്‍ വത്തിക്കാനിലേക്ക് കത്തയച്ചിട്ടുണ്ട്. കാരണം വ്യക്തമാക്കാതെയാണ് ആന്റണി കരിയിലിനെതിരെ ഇത്തരമൊരു നടപടി എന്നാണ് ഒരു വിഭാഗം വൈദികരുടെയും വിശ്വാസികളുടെയും ആക്ഷേപം. 

വത്തിക്കാൻ തീരുമാനം വിശ്വാസികളോടുള്ള വെല്ലുവിളിയെന്ന് വിമത വിഭാഗം ആരോപിച്ചു. വിശ്വാസികൾ തീരുമാനം അംഗീകരിക്കില്ല. ജനാഭിമുഖ കുർബാന നിലനിർത്താൻ ഏതറ്റം വരെയും പോകുമെന്ന് അൽമായ മുന്നേറ്റം അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K