02 August, 2022 02:54:31 PM


ഏഴ് ഡാമുകളിൽ റെഡ് അലർട്ട്: 21 ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി; ജാഗ്രതാ നിർദേശം



തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായതോടെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഏഴു ഡാമുകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. ഇടുക്കിയിലെ പൊന്മുടി, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍, കുണ്ടള, പത്തനംതിട്ടയിലെ മൂഴിയാര്‍, തൃശൂരിലെ പെരിങ്ങല്‍കുത്ത് എന്നീ ഡാമുകളിലാണ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചത്. പത്തനംതിട്ടയിലെ മൂഴിയാറിലും തൃശൂരിലെ പെരിങ്ങൾകുത്തിലും റെഡ് അലർട്ട്. 

അതേസമയം, സംസ്ഥാനത്ത് കനത്തമഴയെ തുടര്‍ന്ന്  21 ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി. ഡാമുകള്‍ പെട്ടെന്ന് നിറയുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഷട്ടറുകള്‍ ഉയര്‍ത്തുന്നത്.തിരുവനന്തപുരത്ത് അരുവിക്കര, പേപ്പാറ, നെയ്യാര്‍ ഡാമുകളുടെയും പത്തനംതിട്ടയില്‍ മണിയാര്‍, മൂഴിയാര്‍ ഡാമുകളുടെയും ഇടുക്കിയില്‍ പൊന്മുടി, കല്ലാര്‍ക്കുട്ടി, ലോവര്‍പെരിയാര്‍, മലങ്കര ഡാമുകളുടെയും ഷട്ടറുകള്‍ നിലവില്‍ ഉയര്‍ത്തിയിട്ടുണ്ട്.

എറണാകുളത്ത് ഭൂതത്താന്‍കെട്ട്, ചിമ്മിനി, പീച്ചി, പെരിങ്ങല്‍ക്കുത്ത്, തൃശൂരില്‍ പൂമല, പാലക്കാട് മലമ്പുഴ, ശിരുവാണി, കാഞ്ഞിരംപുഴ, മംഗലം ഡാമുകളുടെ ഷട്ടറുകളും ഉയര്‍ത്തി. വയനാട്ടില്‍ വയനാട് കാരാപ്പുഴ ഡാമിന്റെയും കോഴിക്കോട് കുറ്റ്യാടി ഡാമിന്റെയും കണ്ണൂരില്‍ പഴശ്ശി ഡാമിന്റെയും ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്.അതേസമയം നേരത്തെ കക്കയം ഡാമിന്‍റെ ഷട്ടറുകള്‍ ഉയര്‍ത്തിയെങ്കിലും ഇപ്പോള്‍ താഴ്ത്തി. നാല് ഷട്ടറുകളാണ് താഴ്ത്തിയത്. പത്ത് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വ്യാഴാഴ്ച വരെ വരെ ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K