05 August, 2022 07:36:56 PM


യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ബസ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി



വൈക്കം: യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് താത്കാലികമായി റദ്ദാക്കി. വൈക്കം സ്വദേശിയായ ജിഷ്ണു രാജിന്റെ ലൈസന്‍സ് ആണ് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം ആഗസ്റ്റ് നാലു മുതല്‍ ഒമ്പതു ദിവസത്തേക്ക് റദ്ദാക്കിയത്.

വൈക്കം -ഇടകൊച്ചി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസില്‍ സ്ഥിരമായി യാത്ര ചെയ്തിരുന്ന യാത്രക്കാരി ഇറങ്ങേണ്ട സ്റ്റോപ്പ് എത്തുന്നതിനു മുൻപ് തന്നെ ഇക്കാര്യം ഡ്രൈവറോട് പറഞ്ഞിരുന്നു. വാഹനം നിര്‍ത്താമെന്ന് മറുപടി നല്‍കിയ ഡ്രൈവര്‍ യാത്രക്കാരി ഇറങ്ങുന്നതിനിടെ വാഹനം ഓടിച്ചു പോവുകയായിരുന്നു. അടുത്ത ദിവസം ഈ വിവരം ചോദ്യം ചെയ്ത യാത്രക്കാരിയെ ഡ്രൈവര്‍ അസഭ്യം പറഞ്ഞതിനെ തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയത്. പരാതി ന്യായമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് ആര്‍. ടി. ഒ ജി. അനന്തകൃഷ്ണന്‍ ജിഷ്ണു രാജിന്റെ ലൈസന്‍സ് റദ്ദാക്കിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K