08 August, 2022 11:46:32 AM


ശമ്പളം കിട്ടിയിട്ടില്ല: സ്വന്തം പണമെടുത്ത് ഡീസലടിച്ചു; 'മിന്നല്‍' വഴിയിലാകാതെ രക്ഷപെട്ടു



കൊട്ടാരക്കര: ഇന്ധനം തീര്‍ന്ന് വഴിയില്‍ കുടുങ്ങേണ്ടിയിരുന്ന കെഎസ്ആര്‍ടിസി മിന്നല്‍ ബസ്സിന്‍റെയും യാത്രക്കാരുടേയും രക്ഷകരായി ജീവനക്കാര്‍. കെഎസ്ആര്‍ടിസിയുടെ ബത്തേരി-തിരുവനന്തപുരം മിന്നല്‍ സൂപ്പര്‍ ഡീലക്‌സില്‍ ഡ്രൈവര്‍ കം കണ്ടക്ടറായി ജോലി ചെയ്യുന്ന പുല്ലപ്പള്ളി ചാമപ്പാറ സ്വദേശികളായ ടി എസ് സുരേഷ്, സിജി സിനീഷുമാണ് യാത്രക്കാരെ പെരുവഴിയിലാക്കാതെ കൃത്യസമയത്ത് ഇടപെട്ടത്.

ഫുള്‍ ടാങ്ക് ഡീസല്‍ അടിച്ച് വെള്ളിയാഴ്ച്ച രാത്രിയാണ് ബത്തേരിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ബസ് സര്‍വീസ് പോയത്. തിരിച്ച് ബത്തേരിയിലേക്ക് എത്താന്‍ ഡീസല്‍ അടിക്കാനായി തിരുവനന്തപുരം ഡിപ്പോയിലെ പമ്പില്‍ എത്തിയെങ്കിലും ഡീസല്‍ തീര്‍ന്നെന്നായിരുന്നു മറുപടി. യാത്രാമധ്യേ ഏതെങ്കിലും ഡിപ്പോയിലെ പമ്പില്‍ നിന്ന് എണ്ണയടിക്കാമെന്ന് ഉറപ്പിച്ച് യാത്ര പുറപ്പെട്ടു. കൊട്ടാരക്കര ഡിപ്പോയില്‍ ഡീസലുണ്ടെന്ന് അറിഞ്ഞു. എന്നാല്‍ ബസ് കൊട്ടാരക്കര എത്തിയപ്പോഴേക്കും അവിടെ ഡീസല്‍ തീര്‍ന്നു. ഇതോടെ ടിക്കറ്റ് ബുക്ക് ചെയ്ത 33 പേര്‍ പെരുവഴിയിലാകുമോ എന്ന ആശങ്കയായി. സ്വകാര്യപമ്പില്‍ പോയി ഡീസലടിക്കാനായിരുന്നു നിര്‍ദേശം.

എന്നാല്‍ ഇതിന് ആവശ്യമായ പണം കണ്ടക്ടറുടെ പക്കലുണ്ടായിരുന്നില്ല. ടിക്കറ്റുകള്‍ കൂടുതലും ഓണ്‍ലൈനായിട്ടായിരുന്നു ബുക്ക് ചെയ്തിരുന്നത്. ഡീസലടിക്കാതെ യാത്ര തുടരാനുമാകില്ല, സര്‍വീസ് നിര്‍ത്തിയാല്‍ യാത്രക്കാര്‍ പെരുവഴിയിലാകും. ഇതോടെയാണ് സ്വന്തം പോക്കറ്റില്‍ നിന്ന് കാശെടുത്ത് എണ്ണയടിക്കാന്‍ സുരേഷും സിനീഷും തീരുമാനിച്ചത്. കൊട്ടാരക്കരയിലെ സ്വകാര്യ പമ്പില്‍ നിന്ന് 10,000 രൂപയ്ക്ക് 104.34 ലിറ്റര്‍ ഡീസലടിച്ചാണ് ബസ് ബത്തേരിയിലേക്കുള്ള യാത്ര തുടര്‍ന്നത്. കഴിഞ്ഞ മാസത്തെ ശമ്പളം പോലും ഇതുവരെ ലഭിക്കാത്ത കെഎസ്ആര്‍ടിസി ജീവനക്കാരാണ് യാത്രക്കാരുടെ ദുരിതം ഒഴിവാക്കാനായി സ്വന്തം കയ്യില്‍ നിന്നും വലിയ തുകയെടുത്ത് സര്‍വീസ് പൂര്‍ത്തിയാക്കിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K