08 August, 2022 02:14:31 PM


'നിരോധിതഫോൺ ഉപയോഗിച്ച യുഎഇ പൗരനെ വിട്ടയയ്ക്കാൻ മുഖ്യമന്ത്രി ഇടപെട്ടു' - സ്വപ്ന സുരേഷ്



കൊച്ചി: മുഖ്യമന്ത്രിയ്ക്കെതിരെ ഗുരുതര ആരോപണവുമായി സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് വീണ്ടും രംഗത്തെത്തി. നിരോധിത സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ച യുഎഇ പൗരനെ വിട്ടയയ്ക്കാൻ മുഖ്യമന്ത്രി ഇടപെട്ടുവെന്നാണ് സ്വപ്നയുടെ ആരോപണം. മുഖ്യമന്ത്രി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്ന് സ്വപ്ന പറഞ്ഞു.

രാജ്യത്ത് നിരോധിച്ച സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ച യുഎഇ പൌരനെ കുറ്റവിമുക്തനാക്കാൻ മുഖ്യമന്ത്രി കൂട്ടുനിന്നു. കൊറിയൻ നിർമ്മിത തുറൈയ്യ എന്ന ഫോൺ കൈവശം വെച്ചു എന്ന സംഭവത്തിൽ സി ഐ എസ് എഫ് ഇയാൾക്കെതിരെ പരാതി നൽകിയിരുന്നു. തീവ്രവാദത്തിന് ഉപയോഗിക്കുന്ന സാറ്റലൈറ്റ് ഫോണാണ് തുറൈയ്യ എന്നാണ് ആരോപണം. നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തെങ്കിലു൦ കോടതിയിൽ നിന്ന് ഇയാൾക്ക് ജാമ്യ൦ കിട്ടി. 2017 ജൂലൈ നാലിന് ആണ് സി ഐ എസ് എഫ് പരാതി പൊലീസിൽ പരാതി നൽകിയത്.

ഭീകരവാദ ബന്ധം സംശയിച്ച് പിടിയിലായ ആളെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് വിട്ടയച്ചുവെന്നാണ് സ്വപ്ന സുരേഷ് ആരോപിക്കുന്നത്. നെടുമ്പാശേരി വിമാനത്താവളത്തിൽ നിരോധിത സാറ്റലൈറ്റ് ഫോണുമായി പിടിയിലായ യുഎഇ പൗരനെ വിട്ടയച്ചത് യാതൊരു ഗ്യാരണ്ടിയുമില്ലാതെയാണെന്നും സ്വപ്ന പറയുന്നു. യുഎഇ കോൺസൽ ജനറൽ പറഞ്ഞതനുസരിച്ച് ശിവശങ്കർ വഴിയാണ് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടത്. മുഖ്യമന്ത്രി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നും സ്വ​പ്ന ആരോപിച്ചു.

എന്നാൽ ഈ കേസിൽ തുടരന്വേഷണം ഉണ്ടായില്ലെന്നും സ്വപ്ന പറയുന്നു. മകളുടെ ബിസിനസ് താൽപര്യം തടസപ്പെടാതിരിക്കാൻ വേണ്ടിയാണ് മുഖ്യമന്ത്രി ഇക്കാര്യത്തിൽ ഇടപെട്ടതെന്നും സ്വപ്ന ആരോപിക്കുന്നു. 2017 ന് ജൂലൈ നാലിന് ആണ് സി ഐ എസ് എഫ് പരാതി നൽകിയത്. ഇതു സംബന്ധിച്ച രേഖകളും സ്വപ്ന മാധ്യമങ്ങളെ കാണിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K