08 August, 2022 07:52:17 PM


തിരുനക്കര ബസ് സ്റ്റാൻഡിലെ വ്യാപാരികളെ 10ന് ഒഴിപ്പിക്കും; ബസുകൾക്ക് ഗതാഗത ക്രമീകരണം



കോട്ടയം: കോടതി ഉത്തരവനുസരിച്ച് തിരുനക്കര ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്‌സിലെ ലൈസൻസികളെ ഓഗസ്റ്റ് 10 ന് ഒഴിപ്പിക്കാൻ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയുടെ അധ്യക്ഷതയിൽ കളക്‌ട്രേറ്റിൽ ചേർന്ന യോഗം തീരുമാനിച്ചു. പൊലീസ്, മോട്ടോർവാഹന വകുപ്പിന്‍റെ സഹായത്തോടെയാണ് നടപടി സ്വീകരിക്കുക. 

ഇതിന്‍റെ ഭാഗമായി ബസുകൾക്ക് ഓഗസ്റ്റ് 10ന് ഗതാഗത ക്രമീകരണം ഏർപ്പെടുത്തും. എം.സി. റോഡ്, കെ.കെ. റോഡ് എന്നിവിടങ്ങളിൽ നിന്ന് വരുന്ന ബസുകൾ തിരുനക്കര സ്റ്റാൻഡിൽ കയറാതെ പോസ്റ്റ് ഓഫീസിനു മുൻപിലൂടെയുള്ള റോഡ് വഴി ശാസ്ത്രി റോഡിലെ ബസ് സ്റ്റാൻഡിലെത്തണം. തുടർന്ന് കുര്യൻ ഉതുപ്പ് റോഡ് വഴി പോകുന്ന രീതിയിൽ ഗതാഗതം ക്രമീകരിക്കും.

യോഗത്തിൽ നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റിയൻ, നഗരസഭാംഗം റ്റി.ആർ. അനിൽ കുമാർ, എം.വി.ഐ. പി.എം. നോബി, പൊലീസ് ഉദ്യോഗസ്ഥരായ യു. ശ്രീജിത്ത്, പി.എസ്. സന്തോഷ്, ആർ. ജയകുമാർ, നഗരസഭ സെക്രട്ടറിയുടെ പി.എ. പി. അനിൽകുമാർ എന്നിവർ പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K