10 August, 2022 01:56:12 PM


വൈദികന്‍റെ വീട്ടിലെ മോഷണം; പോലീസ് നായ എത്തിയത് ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്നിടത്ത്



കോട്ടയം: കൂരോപ്പടയിൽ  വൈദികന്‍റെ വീട്ടിൽ മോഷണം നടന്ന സംഭവത്തിൽ ദുരൂഹത തുടരുന്നു. തൃക്കോതമംഗലം പള്ളി വികാരി ഫാ. ജേക്കബ് നൈനാന്‍റെ എളപ്പനാൽ പടിയിലെ വീട്ടിലാണ് ഇന്നലെ വൈകുന്നേരം നാലരയ്ക്കും ഏഴുമണിക്കും  ഇടയില്‍ മോഷണം നടന്നത്. വീടിന് പിന്നിലെ അടുക്കള വാതിൽ വഴിയാണ് മോഷ്ടാവ് പുറത്തേക്ക് കടന്നുപോയത് എന്നാണ് പ്രാഥമിക വിലയിരുത്തൽ. കോട്ടയത്തുനിന്നും വിരലടയാള വിദഗ്ധർ എത്തി പിൻവാതിലിൽ പരിശോധന നടത്തി സാമ്പിളുകൾ ശേഖരിച്ചു.

അടുക്കള ഭാഗത്ത് നിന്നുമാണ് ഡോഗ്സ് സ്ക്വാഡ് പരിശോധന നടത്തിയത്. വീടിന്‍റെ പിൻവാതിൽ നിന്നും തൊട്ടടുത്ത വീടിന്‍റെ മുറ്റത്തെത്തിയ ശേഷം റോഡിലേക്ക് ഇറങ്ങിയാണ് നായ ഓടിയത്. തുടർന്ന് സംഭവസ്ഥലത്ത് നിന്ന് 250 ഓളം മീറ്റർ ദൂരെ ഒരു വീട്ടിൽ നായ മണം പിടിച്ചെത്തി. അതിന് തൊട്ടടുത്തുള്ള വീട്ടിലേക്കും പിന്നീട് നായ പോയി. ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തേക്കാണ് ഏറ്റവും ഒടുവിൽ നായ എത്തിയത്. കോട്ടയം ഡോഗ്സ് സ്ക്വാഡിലെ  ചേതക് എന്ന പോലീസ് നായയാണ് പരിശോധന നടത്തിയത്.   


കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ബാബുക്കുട്ടന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ഇന്ന് രാവിലെ കൂരപ്പടയിലെ വീട്ടിലെത്തി പരിശോധന ആരംഭിച്ചത്. സംഭവത്തിൽ വൈദികൻ ജേക്കബ് നൈനാൻ, ഭാര്യ, മൂത്തമകൻ എന്നിവരുടെ മൊഴി ഇന്നലെ തന്നെ പോലീസ് രേഖപ്പെടുത്തിയിരുന്നു. ഇന്നും ഇവരിൽ നിന്ന് കൂടുതൽ വിവരങ്ങൾ ആരാഞ്ഞ ശേഷം തുടർ നടപടികൾ സ്വീകരിച്ചു വരികയാണ്. അതേസമയം സംഭവം അടിമുടി ദുരൂഹമാണ് എന്ന് അന്വേഷണ ഉദ്യോഗസ്ഥർ വിലയിരുത്തുന്നു. വീടിനുള്ളിൽ കയറിയ ശേഷം താക്കോൽ ഉപയോഗിച്ചാണ് അലമാരയിൽ നിന്നും സ്വർണം എടുത്തത് എന്നാണ് വൈദികന്‍റെ മൊഴി.

അതുകൊണ്ടുതന്നെ താക്കോൽ എവിടെയുണ്ട് എന്ന് അറിയുന്ന ആൾ ആകാം മോഷണത്തിന് പിന്നിൽ എന്ന സംശയം പോലീസിനുണ്ട്. വൈദികനും ഭാര്യയും പള്ളിയിൽ പോയ സമയത്ത് മൂത്തമകൻ ഭാര്യവീട്ടിലേക്ക് പോയി എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന മൊഴി. വീടിന് തൊട്ടുമുന്നിൽ തന്നെ കട നടത്തുകയാണ് ഇയാൾ. ഇതിന് സമീപത്തുള്ള കടകളും മോഷണം നടക്കുന്ന സമയം തുറന്നിരുന്നു. അസ്വാഭാവികമായി ഒന്നും ഇവിടെ കണ്ടെത്തിയിരുന്നില്ല എന്നാണ്  ഈ കടയിൽ ഉള്ളവർ പോലീസിന് നൽകിയിരിക്കുന്ന വിവരം. 


21 പവൻ സ്വർണം അടുക്കളയ്ക്ക് പിന്നിൽ നിന്നും കണ്ടെത്തിയതായി വൈദികൻ ജേക്കബ് നൈനാൻ പറഞ്ഞു. ഇളയ മകന്‍റെ ഭാര്യയുടെ സ്വർണമാണ് നഷ്ടപ്പെട്ടതിൽ ഏറിയ പങ്കും. സമീപകാലത്താണ് വിവാഹശേഷം ഇവർ വിദേശത്തേക്ക് പോയത്. വൈദികന്‍റെ മറ്റൊരു സഹോദരിയുടെ സ്വർണവും ഇവിടെയുണ്ടായിരുന്നു. വൈദികന്‍റെ ഭാര്യയുടെ സ്വർണം നഷ്ടപ്പെട്ടിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

പള്ളിയിൽ നിന്ന് തിരിച്ചെത്തിയപ്പോൾ വീടിന്‍റെ പിൻഭാഗം തുറന്നു നിലയിൽ കാണപ്പെടുകയായിരുന്നു. തുടർന്ന് നടന്ന പരിശോധനയിലാണ് മോഷണ വിവരം സ്ഥിരീകരിച്ചത്. തൊട്ടടുത്ത  ബന്ധു വീട്ടിൽ താക്കോൽ നൽകിയ ശേഷമാണ് ഇരുവരും പള്ളിയിലേക്ക് പോയത് എന്നും ഫാദർ ജേക്കബ് നൈനാൻ പറഞ്ഞു. കൂടുതൽ മൊഴികൾ രേഖപ്പെടുത്തി പ്രതിയെ കണ്ടെത്താനുള്ള ഊർജ്ജിത ശ്രമത്തിലാണ് പാമ്പാടി പോലീസ്.  പട്ടാപ്പകൽ പ്രധാനപ്പെട്ട റോഡിന് അരികെ  നടന്ന വലിയ മോഷണം പോലീസിനെയും ഞെട്ടിച്ചിട്ടുണ്ട്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K