12 August, 2022 06:25:52 PM


നീതിയിലധിഷ്ഠിതമായ നിയമ നിർവഹണം ആവശ്യം - ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ

നുവാൽസിൽ സ്വാതന്ത്ര്യ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം



കൊച്ചി: ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തോടനുബന്ധിച്ചുള്ള ജൂബിലി ആഘോഷ പരിപാടികൾ കൊച്ചിയിലെ ദേശീയ നിയമ സർവ്വകലാശാലയായ നുവാൽസിൽ ആരംഭിച്ചു. പരിപാടികളുടെ  ഉദ്ഘാടനം  കൽക്കട്ട , ഛത്തീസ്ഗഢ്‌ , ആന്ധ്ര , തെലുങ്കാന , കേരള  ഹൈക്കോടതികളിലെ മുൻ ചീഫ് ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ നിർവഹിച്ചു.

സ്വാതന്ത്ര്യാനന്തരം സ്ഥാപിക്കപ്പെട്ട ഭരണഘടനാധിഷ്ഠിത ഭരണ സംവിധാനം ഫലപ്രദമാകണമെങ്കിൽ നിയമവും നീതിയും സമാന്തര രേഖകളായി സഞ്ചരിക്കാതെ നീതിയിലധിഷ്ഠിതമായ നിയമ നിർവഹണം ആവശ്യമാണെന്ന് ജസ്റ്റിസ് തോട്ടത്തിൽ അഭിപ്രായപ്പെട്ടു .

വൈസ് ചാൻസലർ പ്രൊഫ. (ഡോ.) കെ. സി. സണ്ണി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രൊഫ. (ഡോ.) മിനി എസ്. , ഡോ  അമ്പിളി പി. , നന്ദിത നാരായൺ  എന്നിവർ പ്രസംഗിച്ചു. ആഘോഷ പരിപാടികളുടെ ഭാഗമായി വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചന, ഗവേഷണ പ്രബന്ധ രചന , ദേശഭക്‌തി ഗാനാലാപനം , നാടകം, നൃത്തം എന്നിവയിൽ  മത്സരങ്ങൾ  സംഘടിപ്പിച്ചു .

അടുത്ത ആഴ്ച്ച പ്രശസ്ത നിയമജ്ഞനും ഡൽഹി സർവകലാശാല മുൻ വൈസ് ചാൻസലറും  ആയ പ്രൊഫ.  ഉപേന്ദ്ര ബക്ഷിയുടെ  പ്രത്യേക പ്രഭാഷണം ഉണ്ടായിരിക്കും. സ്വാതന്ത്ര്യദിനമായ ആഗസ്ത് 15 ന് നുവാൽസ് ക്യാമ്പസ്സിൽ  വൈസ് ചാൻസലർ പ്രൊഫ. (ഡോ.) കെ. സി. സണ്ണി ദേശീയ പതാക ഉയർത്തും. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K