15 August, 2022 05:56:22 PM


കമിതാക്കളുടെ ചാറ്റിൽ സംശയം; സഹയാത്രികയുടെ പരാതിയിൽ വിമാനം ആറു മണിക്കൂർ വൈകി



മംഗളുരു: ഒപ്പമുണ്ടായിരുന്ന യാത്രക്കാരന്‍റെ മൊബൈൽ ഫോണിൽ ലഭിച്ച സന്ദേശത്തിൽ യുവതിക്ക് ഉണ്ടായ സംശയം കാരണം മംഗളുരു-മുംബൈ വിമാനം ആറു മണിക്കൂർ വൈകി. സംശയാപ്ദമായ സന്ദേശമാണെന്ന് കരുതി യുവതി അധികൃതരെ വിവരം അറിയിച്ചതാണ് പൊല്ലാപ്പായത്. ഞായറാഴ്ച മംഗളുരുവിൽനിന്ന് മുംബൈയിലേക്കുള്ള ഇൻഡിഗോ വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പായിരുന്നു സംഭവം.

യുവതി കാബിൻ ക്രൂവിനെ വിവരം അറിയിച്ചതോടെ എല്ലാ യാത്രക്കാരോടും വിമാനത്തിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെടുകയും അവരുടെ ലഗേജുകൾ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. വിമാനത്തിൽ അക്രമം നടത്തുമെന്ന സംശയത്തെ തുടർന്നായിരുന്നു ഇത്. വിമാനത്തിൽ തൊട്ടടുത്ത സീറ്റിലിരുന്ന ഒരാളുടെ മൊബൈൽ ഫോണിൽ ഒരു സന്ദേശം കണ്ട യാത്രക്കാരിയാണ് ഇത് ക്യാബിൻ ക്രൂവിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയത്. ജീവനക്കാർ വിവരം എയർ ട്രാഫിക് കൺട്രോളറെ അറിയിക്കുകയും പറന്നുയരാൻ തയ്യാറായ വിമാനം പുറപ്പെടേണ്ടെന്ന് അറിയിക്കുകയായിരുന്നു.

ഇതേ വിമാനത്താവളത്തിൽ നിന്ന് ബംഗളൂരുവിലേക്കുള്ള വിമാനത്തിൽ യാത്ര ചെയ്യാനിരുന്ന കാമുകിയുമായി യുവാവ് നടത്തിയ ചാറ്റിങ്ങാണ് സഹയാത്രികയിൽ ആശയകുഴപ്പം ഉണ്ടാക്കിയത്. യുവതിയുടെ പരാതിയെത്തുടർന്ന് ഒപ്പമുണ്ടായിരുന്ന യാത്രക്കാരനെ മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും പിന്നീട് വിമാനത്തിൽ കയറാൻ അനുവദിക്കുകയും ചെയ്തില്ല. അതേസമയം ഇയാളുടെ കാമുകിയെയും അധികൃതർ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ ഇവർക്ക് ബംഗളുരുവിലേക്കുള്ള വിമാനവും നഷ്ടമായി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K