16 August, 2022 04:09:19 PM


ബിഹാർ മന്ത്രിസഭാ വികസനം; കോൺഗ്രസിന് 2 മന്ത്രിമാർ; മുസ്ലിം മന്ത്രിമാരുടെ എണ്ണം അഞ്ചായി



പട്ന: നിതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള ബിഹാറിലെ മഹാസഖ്യ സർക്കാരിന്റെ മന്ത്രിസഭാ വിപുലീകരണം പൂർത്തിയായി. ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ച് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച നിതീഷ് കുമാര്‍ ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷവുമായി ചേര്‍ന്നാണ് പുതിയ സർക്കാർ രൂപീകരിച്ചത്.

സത്യപ്രതിജ്ഞ ചെയ്ത 31 മന്ത്രിമാരില്‍ 16 പേർ ആർജെഡിയിൽ നിന്നും 11 പേർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയുവിൽ നിന്നുമാണ്. കോൺഗ്രസിൽ നിന്ന് രണ്ടു പേരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.  ഒരാൾ  മുൻ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ചയിൽ നിന്നും (എച്ച്എഎം), ഒരു സ്വതന്ത്രൻ എന്നിവരാണ് സത്യപ്രതിജ്ഞ മന്ത്രിസഭയിൽ ഉൾപ്പെട്ടിരിക്കുന്നത്. പുതിയ മന്ത്രിസഭയിൽ അഞ്ച് മുസ്‌ലിങ്ങൾ ഉണ്ട്.

എൻ.ഡി.എ സർക്കാരിൽ മുസ്ലിം മന്ത്രിയായി ഒരാൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ആർജെഡി അധ്യക്ഷൻ ലാലു പ്രസാദിന്റെ മൂത്ത മകൻ തേജ് പ്രതാപ് യാദവ് ഉൾപ്പെടെ ഏഴ് യാദവർ മന്ത്രിസഭയിൽ അംഗങ്ങളായി. സഖ്യകക്ഷിയായ ബിജെപിയുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് രാജിവച്ചതിന് തൊട്ടുപിന്നാലെയാണ് നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. എതിരാളികളായിരുന്ന ആർജെഡിയം കോൺഗ്രസുമായി സഖ്യമുണ്ടാക്കിയാണ് നിതീഷ് പുതിയ സർക്കാർ രൂപീകരിച്ചത്.

ജെഡിയു സംസ്ഥാനത്ത് പുതിയ സർക്കാർ രൂപീകരിചതിനു ശേഷമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ ബിജെപിയുടെ കേന്ദ്ര നേതൃത്വം പാർട്ടിയുടെ ബിഹാർ നേതാക്കളുമായി ചൊവ്വാഴ്ച യോഗം നടത്തും. പാർട്ടിയുടെ ഭാവി നടപടികളെക്കുറിച്ചും 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങളെക്കുറിച്ചും ചർച്ച ചെയ്യാൻ സാധ്യതയുണ്ട്. സംഘടനാപരമായ മാറ്റങ്ങളും ചർച്ചയ്ക്ക് വന്നേക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K