25 August, 2016 06:32:52 PM


കുടുംബശ്രീ വനിതകള്‍ക്കായി മേസണ്‍ തൊഴില്‍ പരിശീലനം



കാസര്‍ഗോഡ്: നിര്‍മ്മാണ മേഖലയിലെ വര്‍ദ്ധിച്ചു വരുന്ന തൊഴിലവസരങ്ങളില്‍ സ്ത്രീ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ക്കായി തൊഴില്‍ ( മേസണ്‍ ) പരിശീലനം നല്‍കും. നിര്‍മ്മാണ മേഖലയില്‍ ഉപയോഗിക്കുന്ന ആധുനിക ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതുള്‍പ്പെടെയുള്ള പരിശീലനം വിവിധ ഘട്ടങ്ങളിയായി നല്‍കുകയാണ് പദ്ധതിയൂടെ ലക്ഷ്യം.


പരിശീലനം ലഭിച്ച ആളുകളെ ഉള്‍പ്പെടുത്തി ഏഴ് പേരടങ്ങുന്ന ഓരോ നിര്‍മ്മാണ ഗ്രൂപ്പ് രൂപീകരിക്കും തുടര്‍ന്ന് ഇവരെ അതാത് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള കമ്മ്യൂണിറ്റി കോണ്‍ട്രാക്ടിംഗ് ഗ്രൂപ്പുകളാക്കി മാറ്റും . അതാത് പഞ്ചായത്തുകള്‍, മുനിസ്സിപ്പാലിറ്റികള്‍ എന്നിവയുമായി ചേര്‍ന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. അംഗന്‍വാടി കെട്ടിടങ്ങള്‍, വീടുകള്‍, മറ്റു നിര്‍മ്മാണ പ്രവൃത്തികള്‍ തുടങ്ങിയവ ഏറ്റെടുത്ത് നടത്താന്‍ കമ്മ്യൂണിറ്റി കോണ്‍ട്രാക്ടിംഗിലൂടെ ഇവരെ പ്രാപ്തരാക്കുന്നു. 


സംസ്ഥാന സര്‍ക്കാര്‍ മുഴുവന്‍ ജില്ലകളിലും സ്വഛ് ഭാരത് മിഷന്റെ ഭാഗമായി ടോയ്‌ലറ്റ് സൗകര്യമില്ലാത്ത മുഴുവന്‍ കുടുംബങ്ങള്‍ക്കും ടോയ്‌ലറ്റ് നിര്‍മ്മിച്ച് നല്‍കുന്നതിന് ലക്ഷ്യമിട്ട് രൂപം നല്‍കിയിട്ടുള്ള ഓപ്പണ്‍ ഡെഫിക്കേഷന്‍ ഫ്രീ സ്റ്റേറ്റ് പദ്ധതിയുടെ പ്രവൃത്തി നടത്തുന്നതിന് പരിശീലനം പൂര്‍ത്തിയായവരെ ചുമതലപ്പെടുത്തും.  പഞ്ചായത്ത് പരിധിയിലുള്ളവര്‍ക്ക് ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയുമായി ചേര്‍ന്ന് മുനിസ്സിപ്പാലിറ്റികളില്‍ ഉള്ളവര്‍ക്ക് എന്‍.യു.എല്‍.എം പദ്ധതിയുമായി ചേര്‍ന്നുമാണ് പ്രത്യേകം പരിശീലനങ്ങള്‍ നല്‍കും.


പഞ്ചായത്ത് നിവാസികള്‍ക്കായി 48 ദിവസത്തെ പരിശീലനം കാസര്‍ഗോഡ് ഉദുമയിലുള്ള സെന്റം വര്‍ക്‌സ് എന്ന സ്ഥാപനത്തില്‍ ആഗസ്ത് 27-ന് ആരംഭിക്കും. രാവിലെ 9.30 മുതല്‍ വൈകിട്ട് 5 വരെ പരിശീലനം പൂര്‍ണ്ണമായും സൗജന്യമാണ്. പരിശീലനാര്‍ത്ഥികള്‍ക്കുള്ള യാത്രാ ബത്തയും നല്‍കും. താല്‍പര്യമുള്ളവര്‍ അതാത് പരിധിയിലുള്ള കുടുംബശ്രീ സിഡിഎസുമായി ബന്ധപ്പെടേണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പഞ്ചായത്ത് പരിധിയിലുള്ളവര്‍ 9745217539 ലേക്കും നഗരസഭ പരിധിയിലുള്ളവര്‍ 9946913111 എന്ന നമ്പറിലേക്കും വിളിക്കാം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K