13 October, 2016 03:04:38 AM


അതിര‌മ്പുഴ കാരിസ് ഭവനില്‍ കരുണാനുഭവ കണ്‍വന്‍ഷന് സമാപനമായി



അതിര‌മ്പുഴ: കാരിസ് ഭവനില്‍ കഴിഞ്ഞ 5 ദിവസമായി നടന്നുവന്ന ഇരുപത്താറാമത് ബൈബിള്‍ കണ്‍വന്‍ഷന്‍ കരുണാനുഭവ കണ്‍വന്‍ഷന്‍ 2016 സമാപിച്ചു. ബുധനാഴ്ച രാവിലെ ശുശ്രൂഷകള്‍ക്ക് ബ്രദര്‍ സന്തോഷ് കരുമാത്ര (ഷെയ്കീന മിനിസ്ട്രി, തൃശൂര്‍) നേതൃത്വം നല്‍കി. സൗത്ത് വെസ്റ്റ് ഇന്ത്യാ പ്രൊവിന്‍സ് സുപ്പീരിയര്‍ റവ.ഡോ.ബെന്നി കുറ്റനാല്‍ സമാപന ദിവ്യബലിയും അനുഗ്രഹ പ്രഭാഷണവും നടത്തി. നല്ല സമരിയാക്കാരനായി സുവിശേഷത്തില്‍ അധിഷ്ടിതമായ ജീവിതം നയിക്കുമ്പോള്‍ കുടുംബത്തില്‍ അത്ഭുതം നടക്കുമെന്നും എല്ലാ കാര്യത്തിനും ദൈവത്തിന് നന്ദി പറയുന്നതാണ് ഏറ്റവും നല്ല നന്ദിപ്രകടനമെന്നും അദേദഹം പ്രഭാഷണത്തില്‍ പറഞ്ഞു.


   


കാരിസ്ഭവന്‍ ഡയറക്ടര്‍ ഫാ.കുര്യന്‍ കാരിയ്ക്കല്‍ നേതൃത്വം നല്‍കുന്ന രോഗ സൗഖ്യ വിടുതല്‍ ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം ഇവയോടെയാണ് കണ്‍വന്‍ഷന് സമാപനം കുറിച്ചത്.    

വി.ഫ്രാന്‍സിസ് സാലസിന്‍റെ മിഷനറിമാര്‍ കഴിഞ്ഞ 26 വര്‍ഷമായി വചന ശുശ്രൂഷ ചെയ്യുന്ന കാരിസ്ഭവന്‍ ധ്യാനകേന്ദ്രത്തില്‍ നടക്കുന്ന കരുണാനുഭവ കണ്‍വന്‍ഷന്‍ ശനിയാഴ്ച കാരിസ്ഭവന്‍ ഡയറക്ടര്‍ ഫാ.കുര്യന്‍ കാരിക്കലിന്‍റെ വിഷയാവതരണത്തോടെയാണ് ആരംഭിച്ചത്. വിജയപുരം രൂപതാ മെത്രാന്‍ റൈറ്റ് റവ.ഡോ.സെബാസ്റ്റ്യന്‍ തെക്കെത്തേച്ചേരില്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ഇദ്ദേഹത്തിന്‍റെ കാര്‍മ്മികത്വത്തില്‍ ദിവ്യബലിയും നടന്നു.




വചനം ശ്രവിക്കുകയും ജീവിതത്തില്‍ പ്രാവര്‍ത്തിക്കുകയും ചെയ്യുക വഴി വിശ്വാസത്തിലും ദൈവസ്നേഹത്തിലും കരുണയിലും വളര്‍ന്ന് യഥാര്‍ത്ഥ ഭാഗ്യവാനായി മാറാനാവുമെന്ന് പിതാവ് സന്ദേശത്തില്‍ പറഞ്ഞു. ദൈവത്തിന്‍റെ കരുണയുടെ പ്രവ‍ത്തികള്‍ എങ്ങനെ കുടുംബത്തില്‍ പ്രാവര്‍ത്തികമാക്കണമെന്ന് പ്രഭാഷണത്തില്‍ ഫാ.ജോസഫ് പുത്തന്‍പുരയ്ക്കല്‍ വ്യക്തമാക്കി.

ഞായറാഴ്ച നടന്ന ശുശ്രൂഷകള്‍ക്ക് കറുകുറ്റി ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ.ബോസ്കോ ഞാളിയത്ത്, നാഗമ്പടം സെന്‍റ് ആന്‍റണീസ് തീര്‍ത്ഥാടനകേന്ദ്രം ഡയറക്ടറും വിജയപുരം രൂപതാ വികാരി ജനറാളുമായ മോണ്‍.സെബാസ്റ്റ്യന്‍ പൂവത്തിങ്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. തിങ്കളാഴ്ച നടന്ന ശുശ്രൂഷകള്‍ക്ക് ഫാ. ജേക്കബ് മഞ്ഞളി, സിസ്റ്റര്‍ റ്റെസ്ലിന്‍ എന്നിവര്‍ നേതൃത്വം നല്‍കി. 



അനേകായിരങ്ങള്‍ക്ക് ജീവിത നവീകരണത്തിനും ദൈവിക സത്യങ്ങള്‍ മനസിലാക്കി വചനത്തില്‍ വളരുവാനും സൗഖ്യം സ്വന്തമാക്കുവാനും ഉപകരിക്കുന്ന രീതിയിലാണ് കണ്‍വെന്‍ഷന്‍. ചൊവ്വാഴ്ച നടന്ന ശുശ്രൂഷകള്‍ക്ക് ഫാ.ഷാജി തുമ്പേച്ചിറയില്‍, ഫാ.ഡിജോ കോയിക്കര, ഫാ.ടോമി പുളിന്താനം (ആത്മജ്യോതി ധ്യാനകേന്ദ്രം, തൃശൂര്‍) എന്നിവര്‍ നേതൃത്വം നല്‍കി.  

   

ഈ വചന വിരുന്നില്‍ പതിനായിരകണക്കിന് വിശ്വാസികള്‍ പങ്കെടുത്തതായി പബ്ലിസിറ്റി കണ്‍വീനര്‍ ഫാ.ഷിനോ പുതുശ്ശേരി അറിയിച്ചു. ധ്യാനദിവസങ്ങലില്‍ ദിവ്യബലി, വചന പ്രഘോഷണം, സൗഖ്യാരാധന, മദ്ധ്യസ്ഥപ്രാര്‍ത്ഥന എന്നിവ ഉണ്ടായി. രോഗികളുടെ മേല്‍ ധ്യാന ദിവസങ്ങളില്‍ വൈദികര്‍ കൈ വച്ചു പ്രാര്‍ത്ഥിച്ചു. കുമ്പസാരം, കൗണ്‍സിലിംഗ് എന്നിവയ്ക്കും സൗകര്യമുണ്ടായിരിന്നു. രോഗികള്‍ക്ക് പ്രത്യേക സൗകര്യങ്ങളുെം ക്രമീകരിച്ചു. 


  


കണ്‍വന്‍ഷന്‍റെ വിജയകരമായ നടത്തിപ്പിന് ഫാ.അനീഷ് മുണ്ടിയാനിക്കല്‍ (ഫോണ്‍ - 8547186103) കണ്‍വീനറായും സണ്ണി വെട്ടിക്കാട്ട്, അഡ്വ.സാനി പകലോമറ്റം എന്നിവര്‍ ജോയിന്‍റ് കണ്‍വീനര്‍മാരായും അന്തോനിച്ചന്‍ മാനാട്ട് ട്രഷററായുമുള്ള കമ്മറ്റിയാണ് പ്രവര്‍ത്തിച്ചത്. 





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.4K