22 October, 2016 10:51:34 AM


കടപ്പാട്ടൂര്‍ മഠത്തില്‍ പാച്ചുനായര്‍ ശതാഭിഷിക്തനാകുന്നു



ഏറ്റുമാനൂര്‍ : കടപ്പാട്ടൂര്‍ ശ്രീമഹാദേവ വിഗ്രഹലബ്ധിക്കു കാരണഭൂതനായ മഠത്തില്‍ പാച്ചുനായര്‍ ശതാഭിഷിക്തനാകുന്നു. ഇറ്റാലിയന്‍ ശാസ്ത്രജ്ഞന്‍ ലോകം അവസാനിക്കുമെന്ന് പ്രവചിച്ചിരുന്ന 1960 ജൂലൈ 14 നാണ് പാലാ കടപ്പാട്ടൂരില്‍ മഠത്തില്‍ കുടുംബം വക പുരയിടത്തില്‍ നിന്നും വിഗ്രഹം കണ്ടെത്തിയത്.



 56 വര്‍ഷം മുന്‍പ് ഈ പുരയിടത്തിലെ ഒരു അത്തിമരം പാച്ചുനായര്‍ വെട്ടിയപ്പോള്‍ മരത്തിനുള്ളില്‍ നിന്നും സ്വയംഭൂവായ വിഗ്രഹം അതേസ്ഥലത്ത് നിലനിര്‍ത്തി തന്നെയാണ് ക്ഷേത്രം പണിതിരിക്കുന്നത്. വടക്കെ ഇന്ത്യന്‍ മാതൃകയില്‍ അന്ന് നിര്‍മ്മിച്ച ക്ഷേത്രം ഇതിനിടെ 3 തവണ പുതുക്കി പണിതു.    


നവംബര്‍ 11,12,13 തിയതികളില്‍ പാച്ചുനായരുടെ  ശതാഭിഷേക ചടങ്ങുകള്‍ കടപ്പാട്ടൂരില്‍ നടക്കുമെന്ന് സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ ടി.പി.രാജു ഏറ്റുമാനൂരില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 11,12 തിയതികളില്‍ ഭാഗവത പാരായണവും നാരായണീയ പാരായണവും നടക്കും. 13 ന് രാവിലെ 10.30 ന് പാലാ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. 84 വയസ് പൂര്‍ത്തിയായ മാതാപിതാക്കളെയും കലാകാരന്മാരെയും യോഗത്തില്‍ ആദരിക്കും. തന്ത്രി താഴമണ്‍ മഠത്തില്‍ കണ്ഠരര് രാജീവരര്, സ്വാമി അഭയാനന്ദ തീര്‍ത്ഥപാദര്‍, ഫാ.മാണി കല്ലാപ്പുറം കോര്‍ എപ്പിസ്കോപ്പ, സ്വാമി വിജയബോധാനന്ദ തീര്‍ത്ഥപാദര്‍ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. 


പാച്ചു നായരുടെ പേരില്‍ രൂപീകരിക്കുന്ന ട്രസ്റ്റിന്‍റെ ഉദ്ഘാടനം കെ.എം.മാണി എം.എല്‍.എ നിര്‍വഹിക്കും. ജോസ്.കെ.മാണി എം.പി സുവനീര്‍ പ്രകാശനം ചെയ്യും. അഡ്വ. കെ.സുരേഷ്കുറുപ്പ് എം.എല്‍.എ മഹാപ്രസാദമൂട്ട് ഉദ്ഘാടനം ചെയ്യും. വൈകിട്ട്  5 ന് പാലാ കെ ആര്‍ മണിയുടെ ഓട്ടന്‍തുള്ളല്‍  നടക്കും.   



Share this News Now:
  • Google+
Like(s): 323