15 November, 2016 10:09:01 PM


മണ്​ഡല​കാല തീർഥാടനത്തിനായി ശബരിമല നട തുറന്നു



ശബരിമല: മണ്​ഡല​കാല  തീർഥാടനത്തിനായി ശബരിമല നടതുറന്നു. വൈകിട്ട് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി എസ്.ഇ.ശങ്കരന്‍ നമ്പൂതിരി നടതുറന്ന് നെയ്ത്തിരി തെളിയിച്ച് ഭഗവാനെ ഭക്തജനസാന്നിദ്ധ്യമറിയിച്ചതോടെ ഈ വര്‍ഷത്തെ തീര്‍ത്ഥാടനത്തിന് തുടക്കം കുറിച്ചു. മേല്‍ശാന്തി പതിനെട്ടാം പടി ഇറങ്ങി മഹാ ആഴിയിലേക്ക് അഗ്നിപകര്‍ന്നതിനെ തുടര്‍ന്ന് ശരണംവിളിയുമായി അയ്യപ്പദര്‍ശനത്തിന് കാത്തുനില്‍ക്കുന്ന തീര്‍ത്ഥാടകര്‍ പതിനെട്ടാംപടി ചവിട്ടി. 


വൈകിട്ട് 6 മണിയോടെ സന്നിധാനത്തെയും മാളികപ്പുറത്തേയും പുതിയ മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ നടന്നു. ആദ്യം ശബരിമല മേല്‍ശാന്തി ചെർപ്പുളശേരി കാറൽമണ്ണ തെക്കുംപറമ്പത്ത്​ മനയിൽ ഉണ്ണികൃഷ്​ണൻ നമ്പൂതിരിയുടെ സ്ഥാനാരോഹണ ചടങ്ങാണ് നടന്നത്. പുതിയ മേല്‍ശാന്തിയെ തന്ത്രി കണ്ഠര് രാജീവര് ശ്രീകോവിലിനുള്ളിലേക്ക് കൂട്ടിക്കൊണ്ട് പോയി അയ്യപ്പ മൂലമന്ത്രം ഓതിക്കൊടുത്തു. തുടര്‍ന്ന് മാളികപ്പുറത്തെ മേല്‍ശാന്തിയുടെ അവരോധ ചടങ്ങും നടന്നു . പുതുമനയിൽ മനു നമ്പുതിരിയാണ്​ മാളികപ്പുറം മേൽശാന്തി. ഇന്ന്​ ശബരിമലയിൽ പ്രത്യേക ചടങ്ങുകളൊന്നുമില്ലായിരുന്നു. മേൽശാന്തിമാർ ചുമതലയേറ്റെടുത്തതിനു ശേഷം ഹരിവരാസനം പാടി പത്ത് മണിക്ക്​ നടയടച്ചു.


ശബരിമല മേല്‍ശാന്തിയായി ടി.എം. ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയും മാളികപ്പുറം മേല്‍ശാന്തിയായി എം.ഇ. മനു നമ്പൂതിരിയും വൃശ്ചിക പുലരി മുതല്‍ ചുമതലയേല്‍ക്കും. അന്ന് പുതിയ മേല്‍ശാന്തിമാരാണ് ക്ഷേത്രനടകള്‍ തുറക്കുന്നത്. നിലവിലുള്ള മേല്‍ശാന്തിമാര്‍ ഒരു വര്‍ഷം അയ്യപ്പ പൂജ ചെയ്തതിന്‍റെ സംതൃപ്തിയോടെ മലയിറങ്ങും. ഇനിയുള്ള നാളുകള്‍ നാടിനെ ശരണമന്ത്രമുഖരിതമാക്കി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അയ്യപ്പഭക്തര്‍ ശബരിമലയിലേക്ക് ഒഴുകിയെത്തും. 





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K