04 June, 2017 04:49:09 PM


'ഒരു പന്തിയിലെ രണ്ടു തരം വിളമ്പ്' ഭരണമികവിന്‍റെ ഭാഗമാകുമോ ?ജനങ്ങളെ ഒന്നടങ്കം വ്യവഹാരത്തിന് നിർബന്ധിക്കുന്ന നിലപാടാണ് ഇപ്പോൾ സർക്കാർ ഉദ്യോഗസ്ഥരിൽ കണ്ടു വരുന്നത്. ഇത്തരം നിലപാടിന്‍റെ ഭാഗമായി കോടതികളിൽ ഹർജികൾ കുന്നുകൂടുകയാണ്. വ്യക്തതയില്ലാത്ത തീരുമാനങ്ങൾ മൂലം ജനങ്ങൾ അനുഭവിക്കുന്ന ക്ലേശങ്ങൾ വേറെയും.

ഉദാഹരണങ്ങൾ നിരവധിയുണ്ട്. ഇപ്പോൾത്തന്നെ ഹൈവേയോരങ്ങളിലെ മദ്യശാലകൾ അടച്ചുപൂട്ടുവാനുള്ള സുപ്രീം കോടതി നിർദ്ദേശം കേട്ടപാടേ നടപ്പിലാക്കുകയാണ് സർക്കാർ ചെയ്തത്. അതിനാൽ ഏതൊക്കെ പാതകളാണ് ഹൈവേ എന്ന് ചികഞ്ഞു കണ്ടുപിടിക്കേണ്ട ചുമതല പൂട്ടപ്പെട്ട സ്ഥാപനങ്ങളുടെ ഉടമകളുടെമേലായി. വിവരാവകാശവും മറ്റും ഉപയോഗിച്ച് അവരതു കണ്ടുപിടിച്ചു കോടതിയെ സമീപിച്ചപ്പോൾ വിടുതൽ കിട്ടി. അത്തരം ശാലകൾ തുറന്നു പ്രവർത്തിച്ചും തുടങ്ങി.

ഇവിടെ പ്രസക്തമാകുന്ന ചോദ്യം, ഇന്നാട്ടിലെ ഹൈവേകൾ ഏതൊക്കെയെന്ന് നമ്മുടെ അധികാരികൾക്ക് അറിയില്ലേ എന്നതാണ്. അറിയില്ലെങ്കിൽ പിന്നെ ഒരു നിമിഷം അവരെ അവിടെ വച്ചു വാഴിക്കേണ്ട ബാധ്യത സർക്കാരിനുണ്ടോ? നീതി കിട്ടാനുള്ള ഹർജ്ജിക്കാർ മുടക്കിയ അധികധനം സർക്കാർ ഉദ്യോഗസ്ഥർ മടക്കിക്കൊടുക്കുമോ? കേരളത്തിലെ ഏതെല്ലാം റോഡുകളാണ് ഹൈവേ എന്ന് ഇനിയെങ്കിലും സർക്കാർ/എക്‌സൈസ് വെളിപ്പെടുത്തണം. ഒരു നിയമം വന്നാൽ അത് വ്യക്തമായി പഠിച്ചു വേണ്ടേ നടപ്പാക്കാൻ. 

വ്യക്തത പോരെന്നു കണ്ട്‌ സെൻകുമാറിന്‍റെ നിയമനത്തിന് കോടതിയിൽ അപ്പീൽ പോയ ഈ സർക്കാരിനു ഭൂഷണമാണോ ഇത്? സർക്കാരിന്‍റെ സ്വന്തം അഭിമാനപ്രശ്നം പോലെത്തന്നെയാണ് ജനങ്ങളുടെയും അഭിമാനം.

ഒരാൾ മറ്റൊരാൾക്കെതിരെ പരാതി നൽകിയാൽ അതിൽ കഴമ്പുണ്ടോ എന്നു പോലും നോക്കാതെ പിടികൂടുന്നതാണ് മറ്റൊരുദാഹരണം. അറസ്റ്റു ചെയ്യപ്പെട്ട് സമൂഹത്തിൽ അപമാനിതനായ അയാൾ കോടതിയെ സമീപിച്ചു നിരപാരാധിത്വം തെളിയിക്കുന്നതിന് എത്ര ചെലവ് വരും? അതാര് നൽകും? പൊയ്പോയ അഭിമാനോ? എന്നാൽ മേലെഴുതിയത് ഒരു വി ഐ പി ക്കെതിരെ ആണെങ്കിലോ? അപ്പോൾ ഇവിടെ പലതരത്തിലാണ് കാര്യങ്ങൾ നീങ്ങുന്നത്. 

നമ്മുടെ നാട്ടിൽ ഒരു പാവപ്പെട്ടവന്‍റെ ഭാര്യ ദുരൂഹ സാഹചര്യത്തിൽ മരിച്ചാൽ അയാൾ അടുത്ത നിമിഷം അഴിക്കുള്ളിലാണ്. മുൻ മന്ത്രിയും എംപിയുമായ ശശി തരൂരിന്‍റെ ഭാര്യ മരിച്ചിട്ടും ശശി തരൂർ അഴിക്കുള്ളിലായില്ല! തരൂരിനെ അഴിക്കകത്താക്കണം എന്നല്ല പറഞ്ഞുവരുന്നത്... ആ ആനുകൂല്യം പാവപ്പെട്ടവനും ലഭിക്കണമെന്നാണ്‌.

രാത്രിയിൽ നഗരത്തിലെ ഒരു ശരാശരി ഹോട്ടലിൽ മുറിയെടുക്കുന്ന ദമ്പതികൾ അപ്പോഴുണ്ടായ റെയ്ഡിൽ പോലീസ് പിടിയിലാകുന്നു. ഭാര്യാഭർത്താക്കന്മാരാണെന്നു പറഞ്ഞാല്‍ അത് കോടതിയിൽ തെളിയിച്ചാല്‍ മതി എന്നാണ് സാധാരണ മറുപടി കിട്ടുക. എണ്ണിച്ചുട്ട അപ്പം കൊണ്ട് ജീവിക്കുന്ന അവർ വക്കീലിനും കേസ് നടത്തിപ്പിനുമായി ധാരാളം പണം ചെലവഴിക്കേണ്ടി വരുന്നു. എന്നാൽ അയാൾ ഒരു പഞ്ചനക്ഷത്രഹോട്ടലിൽ  ഭാര്യയല്ലാത്ത ഒരു സ്ത്രീയേയും കൊണ്ടു ചെന്നു താമസിച്ചാൽ ഒരു പോലീസും റെയ്ഡ് ചെയ്യില്ല! അതാണ് ഇന്നാട്ടിലെ 'ഒരു പന്തിയിലെ രണ്ടു തരം വിളമ്പ്'.

നാക്കെടുത്താൽ സോഷ്യലിസവും പാവപ്പെട്ടവനോടുള്ള സ്നേഹവും ഘോഷിക്കുന്നവർ ഇനിയെങ്കിലും നിയമം എല്ലാവർക്കും ബാധകമാണെന്ന തോന്നൽ ജനങ്ങളിലുണ്ടാക്കണം.

രാഷ്ട്രീയപ്പാർട്ടികൾ അധികാരത്തിൽ വരുന്നത് സ്വാഭാവികം. എന്നാൽ അധികാരത്തിലെത്തിയാൽ പിന്നെ രാഷ്ട്രീയം കളിക്കുന്നത് ശരിയല്ല. ഇപ്പോൾത്തന്നെ, കേന്ദ്ര സർക്കാർ കന്നുകാലിപ്രശ്നത്തിൽ ഒരു നിയമവും പുതുതായി കൊണ്ടുവന്നിട്ടില്ല. വന്നെങ്കിൽ അതു പ്രതിപക്ഷംകൂടി ചർച്ച ചെയ്‌തു പാസ്സാക്കിയത് ആയിരിക്കണം. ഇവിടെ 1960ൽ രൂപപ്പെട്ട നിയമം നടപ്പിൽ വരുത്തിയതേയുള്ളൂ. അതും സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം.

കന്നുകാലിവിഷയത്തില്‍ കേരളത്തിലേതുപോലെ മറ്റു സംസ്ഥാനങ്ങൾ ഇത്രകണ്ട് വിളറി പിടിച്ചു കണ്ടില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. കർണ്ണാടക മുഖ്യമന്ത്രി കോൺഗ്രസ്സ്കാരനാണ്.  നിയമം പഠിച്ചതിനു ശേഷം പ്രതികരിക്കാം എന്നായിരുന്നു അദ്ദേഹത്തിന്‍റെ നിലപാട്... നിയമനിർമ്മാണവും നിയമനിർവ്വഹണവും രണ്ടാണെന്ന് സംസ്ഥാന മുഖ്യമന്ത്രിയെ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കാൻ ഒരു ഉപദേശകനും കഴിഞ്ഞില്ലേ?

കേരളത്തിലെ സർക്കാരിനോട് പറയാനുള്ളത്, ഇത്തരം വിവാദങ്ങളിൽ ചെന്ന് ചാടാതിരുന്നാൽ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്ന പൊതു വിദ്യാഭ്യാസമേഖലയെ  പോഷിപ്പിക്കുന്നതുപോലെയുള്ള - നല്ല കാര്യങ്ങൾക്ക് -  ജനപിന്തുണ കിട്ടും. അല്ലെങ്കിൽ വിവാദങ്ങൾകൊണ്ട് നല്ല കാര്യങ്ങൾ - മൂടിക്കിടന്നുപോയ കഴിഞ്ഞ സർക്കാരിന്‍റെ അതേ ഗതിയായിരിക്കും - അധോഗതി -  സംഭവിക്കുക.

ജനങ്ങൾക്കൊപ്പം എന്ന് പ്രഖ്യാപിച്ചിട്ടുള്ള ഈ സർക്കാരിൽ നിന്ന് എല്ലാവരെയും ഉൾക്കൊള്ളുന്ന അന്തസ്സുള്ള, മാന്യമായ പെരുമാറ്റമാണ്‌ ഇനിയെങ്കിലും ഏവരും പ്രതീക്ഷിക്കുന്നത്. എതിർക്കുന്നവരെക്കൊണ്ടുപോലും നല്ലതു - രഹസ്യമായെങ്കിലും - പറയിക്കാൻ കഴിഞ്ഞാൽ അതുതന്നെയാണ് ഭരണമികവ്. അങ്ങനെയൊക്കെ പ്രതീക്ഷിക്കാനുള്ള ജനങ്ങളുടെ അവകാശത്തെ അംഗീകരിച്ചു കൊടുക്കുകയെങ്കിലും ചെയ്താൽ നന്നായിരിക്കും.Share this News Now:
  • Google+
Like(s): 6.5K