20 January, 2020 07:26:56 PM
പനീര്‍ശെല്‍വം ഇരുമുടിക്കെട്ടുമായി പടികയറി അയ്യപ്പദര്‍ശനം നടത്തി ; തിരിച്ചറിയാതെ ഭക്തര്‍

ശബരിമല : തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം ശബരിമലയില്‍ അയ്യപ്പദര്‍ശനം നടത്തി. കാവിമുണ്ട് ഉടുത്ത് ഷര്‍ട്ട് ഇടാതെ തോളില്‍ തോര്‍ത്തും ഇട്ട് ഇരുമുടിക്കെട്ടുമായി മല കയറിയ പനീര്‍ശെല്‍വത്തെ ആരും തിരിച്ചറിഞ്ഞില്ല. പെട്ടെന്ന് ആര്‍ക്കും തിരിച്ചറിയാന്‍ കഴിഞ്ഞില്ല പോലീസ് സംരക്ഷണം കണ്ടതോടെയാണ് മറ്റ് തീര്‍ഥാടകര്‍ ശ്രദ്ധിച്ചത്.
പതിനെട്ടാംപടി കയറി എത്തിയപ്പോള്‍ ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫിസര്‍ വി.എസ്.രാജേന്ദ്ര പ്രസാദ്, അസി. എക്‌സിക്യൂട്ടീവ് ഓഫിസര്‍ ജെ. ജയപ്രകാശ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ എസ്.ശ്രീകുമാര്‍ എന്നിവര്‍ ചേര്‍ന്ന് സോപാനത്ത് എത്തിച്ച് ദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കി.




