• കോട്ടയം:  പൊതു പ്രവര്‍ത്തകന്‍ ഡിജോ കാപ്പന്‍ (68) അന്തരിച്ചു. പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2025 ഒക്ടോബറില്‍ തിരുവനന്തപുരത്ത് വച്ച് അദ്ദേഹത്തിന് ഒരു കാര്‍ അപകടത്തില്‍ പരിക്കേറ്റിരുന്നു. തുടർന്ന് മാസങ്ങളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ ഫ്‌ളാറ്റിന്റെ മുകളിലത്തെ പാര്‍ക്കിംഗ് നിലയില്‍ നിന്നും കാര്‍ താഴേയ്ക്ക് ഇറക്കുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെട്ടായിരുന്നു അപകടം ഉണ്ടായത്. ഭാര്യയും ഒപ്പമുണ്ടായിരുന്നു.

    അഴിമതിക്കെതിരെയുള്ള പോരാട്ടങ്ങളിലും പൊതുജനപ്രശ്‌നങ്ങളിലും സജീവമായി ഇടപെട്ടയാളാണ് ഡിജോ കാപ്പൻ. ഉപഭോക്തൃ നിയമങ്ങളെക്കുറിച്ച് സാധാരണക്കാര്‍ക്ക് അറിവ് നല്‍കുന്നതിലും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലും ശ്രദ്ധേയനായ വ്യക്തിയാണ്. തുടർന്ന് സെന്‍റർ ഫോർ കണ്‍സ്യൂമർ എഡ്യൂക്കേഷൻ സ്ഥാപിച്ചു. 1982 ല്‍ കേരള സര്‍വകലാശാല ജനറല്‍ സെക്രട്ടറിയായിരുന്നു. കെഎസ് യു യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചു. 1998 ല്‍ സജീവ രാഷ്ട്രീയം ഉപേക്ഷിച്ച ഡിജോ കാപ്പന്‍, റോഡ് സുരക്ഷ, ഉപഭോക്താക്കളുടെ അവകാശങ്ങള്‍ തുടങ്ങിയവയ്ക്കുള്ള പോരാട്ടവുമായി പൊതുരംഗത്ത് സജീവമായിരുന്നു.





  • അതിരമ്പുഴ: നാൽപ്പത്തിമല  മൈലം പ്ലാക്കൽ (തടത്തിൽ) എം കെ സോമൻ (82) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച (30.04.26) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.


  • ഏറ്റുമാനൂർ: ഏറ്റുമാനൂർ നഗരസഭ ചെയർപേഴ്സണും കോൺഗ്രസ് നേതാവുമായ തെള്ളകം പുളിമാന്‍തുണ്ടത്തില്‍ (അമ്പലത്തിങ്കൽ) ടോമി കുരുവിളയുടെ ഭാര്യ മേരി ടോമി (66) അന്തരിച്ചു. സംസ്കാരം ഏപ്രിൽ 29 ന് വൈകുന്നേരം 4 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം തെളളകം പുഷ്പഗിരി പള്ളി സെമിത്തേരിയില്‍. മക്കൾ: ആൻ മരിയ ടോമി, ആഗ്‌നത് മരിയ ടോമി. 



  • തിരുവനന്തപുരം: എഴുത്തുകാരനും ചിന്തകനും സന്യാസിയുമായ മുനി നാരായണ പ്രസാദ് (87) അന്തരിച്ചു. സ്വകാര്യ മെഡിക്കൽ കോളജിൽ പുലർച്ചെ 3.55നായിരുന്നു അന്ത്യം. വര്‍ക്കലയിലെ നാരായണ ഗുരുകുല ഫൗണ്ടേഷന്റെ സ്ഥാപകനാണ്. രാജ്യത്ത് അറിയപ്പെടുന്ന ആത്മീയാചാര്യനാണ് മുനി നാരായണ പ്രസാദ്. ഇന്ത്യന്‍ തത്ത്വചിന്തയെയും വേദാന്തത്തെയും കുറിച്ച് അദ്ദേഹം ധാരാളം എഴുതിയിട്ടുണ്ട്. കൂടാതെ പരമ്പരാഗത ഗ്രന്ഥങ്ങള്‍ പുതിയ തലമുറയ്ക്ക് ലഭ്യമാക്കുന്നതില്‍ അദ്ദേഹം സവിശേഷ ശ്രദ്ധ പതിപ്പിച്ചിരുന്നു.

    ഇന്ത്യന്‍ തത്ത്വചിന്ത രംഗത്ത് അദ്ദേഹം നല്‍കിയ സംഭാവനകളെ മാനിച്ച് രാജ്യം 2024ൽ പത്മശ്രീ അവാര്‍ഡ് നല്‍കി ആദരിച്ചിട്ടുണ്ട്. സിവില്‍ എന്‍ജിനീയറായി പരിശീലനം നേടിയ അദ്ദേഹം കേരള സര്‍ക്കാരിന്റെ പൊതുമരാമത്ത് വകുപ്പില്‍ ജോലി ചെയ്താണ് ഔദ്യോഗിക ജീവിതത്തിന് തുടക്കമിട്ടത്. 1968ല്‍ അദ്ദേഹം രാജിവച്ചാണ് നാരായണ ഗുരുകുലത്തില്‍ ചേര്‍ന്നത്.1923ല്‍ നാരായണ ഗുരുവിന്റെ ശിഷ്യനായ നടരാജ ഗുരുവാണ് ഗുരുകുലം സ്ഥാപിച്ചത്.

    1999-ല്‍ അദ്ദേഹം നാരായണ ഗുരുകുലത്തിന്റെ തലവനും ഗുരുവുമായി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഗുരുകുലം ഇന്ത്യയിലും വിദേശത്തും പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചു, കേരളം, തമിഴ്നാട്, കര്‍ണാടക , സിംഗപ്പൂര്‍ , ഫിജി , യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നിവിടങ്ങളില്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചു 1989 മുതല്‍ 1991 വരെ ഫിജിയില്‍ ഗീതാശ്രമത്തിനും അദ്ദേഹം നേതൃത്വം നല്‍കി.

    മുനി നാരായണ പ്രസാദ് 130ലധികം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട് ഏകദേശം 100 എണ്ണം മലയാളത്തിലും 30 എണ്ണം ഇംഗ്ലീഷിലുമാണ്. ഐതരേയം , ഈശാവാസ്യം , കേന , പ്രശ്‌ന , മാണ്ഡൂക്യം , തൈത്തിരീയം , ശ്വേതാശ്വതാരം , ഛാന്ദോഗ്യ ഉപനിഷത്തുകള്‍ എന്നിവയുടെ വ്യാഖ്യാനങ്ങള്‍ അദ്ദേഹത്തിന്റെ കൃതികളില്‍ ഉള്‍പ്പെടുന്നു . ഭഗവദ്ഗീതയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഇംഗ്ലീഷ് വ്യാഖ്യാനത്തിന്റെ പേര് ലൈഫ്‌സ് പില്‍ഗ്രിമേജ് ത്രൂ ഗീത എന്നാണ് . നാരായണ ഗുരു: സമ്പൂര്‍ണ്ണ കൃതികള്‍ (നാഷണല്‍ ബുക്ക് ട്രസ്റ്റ്), നാരായണ ഗുരുവിന്റെ തത്ത്വചിന്ത തുടങ്ങിയ പുസ്തകങ്ങളും രചിച്ചതും അദ്ദേഹമാണ്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.



  • ഏറ്റുമാനൂർ : ചെറുവാണ്ടൂർ ശ്രീപതി സി.വി.എൻ. കളരി സ്ഥാപകൻ പരേതനായ കെ.ജി മുരളീധരഗുരുക്കളുടെ മകനും മർമ്മചികിത്സകനും കളരിപ്പയറ്റ് പരിശീലകനുമായ ബിജു മുരളിധര ഗുരുക്കൾ (50) അന്തരിച്ചു. ഇൻ്റർ യൂണിവേഴ്സിറ്റി റെസലിംഗ് ചാമ്പ്യൻ, എം.ജി യൂണിവേഴ്സിറ്റി യോഗാ ചാമ്പ്യൻ, സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻ തുടങ്ങി ഒട്ടേറെ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. കോട്ടയം ജില്ല കളരിപ്പ അസോസിയേഷൻ ജോയിൻ സെക്രട്ടറിയയി സേവന മനുഷ്ടിച്ചു. ഇന്ത്യൻ പെൻസിങ് ടീം അംഗമായിരുന്നു. ഫ്രാൻസ് നെതര്‍ലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ കളരിപ്പയറ്റ് പ്രദർശനവും വർഷോപ്പുകളും നടത്തിയിട്ടുണ്ട്. ഭാര്യ: അശ്വതി, മകൾ: ശ്രീലക്ഷ്മി. സംസ്കാരം ചൊവ്വാഴ്ച 3 മണിക്ക് വീട്ടുവളപ്പിൽ.


  • അതിരമ്പുഴ: മുൻ അതിരമ്പുഴ പഞ്ചായത്ത് പ്രസിഡൻ്റ് കെ ജെ ജോർജ്ജ് കിടങ്ങയിൽ (87) അന്തരിച്ചു. സംസ്കാരം പിന്നിട്.



  • പേരൂർ: അമ്പനാട്ട് താഴെ പരേതനായ മാണിയുടെ ഭാര്യ ശോശാമ്മ മാണി (90) അന്തരിച്ചു. പരേത മണർകാട് പൈനിങ്കലായ പുത്തൻപുരയ്ക്കൽ പാലയ്ക്കാട്ടു  കുടുംബാംഗമാണ്. സംസ്കാരം നാളെ (ശനി)  ഉച്ചകഴിഞ്ഞു 3.00 മണിയ്ക്കു വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം പേരൂർ മർത്തശ്‌മൂനി യാക്കോബായ സുറിയാനി പള്ളിയിൽ. മകൾ : മിനി, മരുമകൻ: ജോണി


  • ഏറ്റുമാനൂർ: ഏറ്റുമാനൂർ കിഴക്കേനട പുത്തൻവീട്ടിൽ വി എൻ രാമകൃഷ്ണൻ നായർ (91) അന്തരിച്ചു.  ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്ക് റിട്ടയേർഡ് അസിസ്റ്റന്റ് സെക്രട്ടറിയാണ്.  ഭാര്യ പരേതയായ റിട്ട. അധ്യാപിക പി ലീലാമ്മ . മക്കൾ മിനി ( റിട്ടയേഡ് ടീച്ചർ ശ്രീശങ്കരാ കോളേജ് കാലടി ) ബീന എൽ, സജി ആർ ( ജില്ലാ പട്ടികജാതി വികസന വകുപ്പ് കോട്ടയം) മരുമക്കൾ അഡ്വക്കേറ്റ് ജി സുരേഷ് മൂവാറ്റുപുഴ. പി നടരാജൻ ആകാശവാണി കൊച്ചി. രജനി ആർ  (അധ്യാപിക ഗവൺമെന്റ് ടി‌ടിഐ ഏറ്റുമാനൂർ ).   സംസ്കാരം16.04.2015 വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം രണ്ട് മണിക്ക് വീട്ടുവളപ്പിൽ.


  • മുംബൈ :വിഖ്യാത പിന്നണി ഗായിക ആശാ ഭോസ്‌ലെ (92) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. ശനിയാഴ്ചയാണ് ആശാ ഭോസ്‌ലയെ എമർജൻസി മെഡിക്കൽ സർവീസസ് യൂണിറ്റിൽ പ്രവേശിപ്പിച്ചത്.

    സംഗീതജ്ഞനും നാടക നടനുമായ ദീനാനാഥ് മങ്കേഷ്‌കറുടെയും ശിവന്തിയുടെയും അഞ്ചു മക്കളിൽ ഒരാളായി 1933 സെപ്റ്റംബർ എട്ടിനാണ് ആശാ ഭോസ്‌ലെ ജനിച്ചത്. അന്തരിച്ച പിന്നണി ഗായിക ലതാ മങ്കേഷ്‌കർ മൂത്ത സഹോദരിയാണ്. പതിനാറാം വയസിൽ ഗണപത്രോ ഭോസ്‌ലെയെ വിവാഹം കഴിച്ചു. 1960ൽ ഇവർ വേർപിരിഞ്ഞു. പിന്നീട്, 1980ൽ പ്രശസ്ത സംഗീത സംവിധായകനായ ആർ.ഡി. ബർമ്മനുമായി വിവാഹിതയായി. ഹേമന്ത് ഭോസ്‌ലെ, വർഷ ഭോസ്‌ലെ, ആനന്ദ് ഭോസ്‌ലെ എന്നിവരാണ് മക്കൾ.

    വൈവിധ്യപൂർണമായിരുന്നു ദശാബ്ദങ്ങൾ നീണ്ട ആശാ ഭോസ്‌ലെയുടെ സംഗീത യാത്ര. 20 ഭാഷകളിലായി 12,000ത്തിലധികം ഗാനങ്ങളാണ് ആലപിച്ചിട്ടുള്ളത്. ഒ.പി. നയ്യാർ, സഹൂർ ഖയ്യാം ഹാഷ്മി, ശങ്കർ-ജയ്കിഷൻ, നൗഷാദ്, ആർ.ഡി. ബർമൻ, ഇളയരാജ, എ.ആർ. റഹ്‌മാൻ തുടങ്ങി വിവിധ തലമുറയിലെ അതികായരുടെ ഗാനങ്ങൾക്ക് ശബ്ദമായി. ഈ ഗാനങ്ങൾ എല്ലാം തന്നെ എവർഗ്രീൻ ഹിറ്റുകളാണ്.

    1943ൽ 'മാത്സ ബാൽ' എന്ന മറാത്തി ചിത്രത്തിലെ 'ചലാ ചലാ നവ് ബാല' എന്ന ഗാനം ആലപിച്ചുകൊണ്ടാണ് പിന്നണി ഗാനരംഗത്തേക്ക് പ്രവേശിക്കുന്നത്. പത്ത് വയസായിരുന്നു അപ്പോൾ പ്രായം. 1948ൽ 'ചുൻ‌രിയ' എന്ന ചിത്രത്തിലൂടെ ഹിന്ദി സിനിമയിൽ അരങ്ങേറ്റം കുറിച്ചു. 1949ൽ 'രാത് കി റാണി' എന്ന ചിത്രത്തിലാണ് ആദ്യ സോളോ ഗാനം ആലപിക്കുന്നത്.


    2000ൽ ദാദാസാഹിബ് ഫാൽക്കെ അവാർഡും 2008ൽ പത്മവിഭൂഷണും നൽകി രാജ്യം ആദരിച്ചു. രണ്ട് തവണ മികച്ച പിന്നണി ഗായികയ്‌ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു. 'ഉംറാവോ ജാൻ', 'ഇജാസത്ത്' എന്നീ ചിത്രങ്ങളിലെ മികച്ച ആലാപനത്തിനായിരുന്നു അംഗീകാരം. 2011ൽ ഏറ്റവും കൂടുതൽ സിംഗിൾ സ്റ്റുഡിയോ റെക്കോർഡിങ്ങുകൾക്ക് ഗിന്നസ് വേൾഡ് റെക്കോർഡും സ്വന്തമാക്കി.


  • ഏറ്റുമാനൂർ: വെള്ളനാട് കൊക്കുടി വീട്ടിൽ (ഗീതാഞ്ജലി, മങ്കര കലുങ്ക്) എസ്. ഗംഗാധരൻ നായർ (റിട്ട. പഞ്ചായത്ത്‌ സെക്രട്ടറി - 83) അന്തരിച്ചു. ഭാര്യ : മൂവാറ്റുപുഴ ചന്ദ്രവിലാസിൽ കെ. ഓമന (റിട്ട. സീനിയർ സൂപ്രണ്ട്, വനം വകുപ്പ്)
    മകൾ : ഹേമ ജി. നായർ (അസിസ്റ്റന്റ് രജിസ്ട്രാർ, എം. ജി. സർവ്വകലാശാല) മരുമകൻ : സനിൽ പി.
    (റിട്ട. ചീഫ് മാനേജർ, എസ് ബി ഐ) സംസ്കാരം ഞായറാഴ്ച (12.04.2026) പകൽ 3 മണിക്ക് ഏറ്റുമാനൂരിലെ വീട്ടുവളപ്പിൽ.


  • ഏറ്റുമാനൂര്‍ : പുന്നത്തുറ വെസ്റ്റ് ആല്ക്കല്‍ വാസു എ. പി. (84) അന്തരിച്ചു. സംസ്‌കാരം നാളെ (11.04.2026) 2 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: നീണ്ടൂർ പുതുപറമ്പിൽ കടുംബാംഗം കമല. മക്കള്‍ : ഓമന, ശോഭന, സുനില, ചന്ദ്രബാബു (അക്ഷയ പ്രിന്റേഴ്സ്, ഏറ്റുമാനൂര്‍), മരുമക്കള്‍: പരേതനായ വേണു കുന്നുംപുറത്ത് (അയര്‍ക്കുന്നം), ഗോപാലന്‍ വര്‍ണ്ണാട്ട് (ഒറ്റപ്പാലം), പരേതനായ ഷാജി കൊട്ടാരത്തില്‍ (കളത്തൂര്‍), റ്റീന ഐക്കരമല (വില്ലൂന്നി).



  • ഏറ്റുമാനൂർ : അതിരമ്പുഴ ഞരളിക്കോട്ടിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ അമ്മിണി (73) അന്തരിച്ചു. പെരുവ കുന്നപ്പള്ളി മുതിരക്കാലായിൽ കുടുംബാംഗമാണ്. മക്കൾ: സിന്ധു ( ഡൽഹി നേഴ്സ്), സജീഷ്, പരേതനായ സതീശൻ. മരുമക്കൾ: അജിമോൻ, അനുമോൾ. സംസ്കാരം വെള്ളി വൈകുന്നേരം 2 മണിക്ക് വീട്ടുവളപ്പിൽ.



  • ബെംഗളൂരു: നടൻ പ്രകാശ് രാജിന്റെ അമ്മ സുവർണ്ണലത (86) അന്തരിച്ചു. വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഞായറാഴ്ച രാവിലെ ബെംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അവർ അസുഖബാധിതരായിരുന്നു. പ്രഖ്യാപനത്തെ തുടർന്ന്, തമിഴ്, തെലുങ്ക്, കന്നഡ എന്നീ മേഖലകളിലെ നിരവധി അഭിനേതാക്കൾ, നിർമാതാക്കൾ, തിരക്കഥാകൃത്തുക്കൾ, സംവിധായകർ എന്നിവർ അന്തിമോപചാരം അർപ്പിച്ചു.


  • കൊല്ലം: മലയാള ചലച്ചിത്ര-നാടക രംഗത്തെ പ്രമുഖ നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ (71) അന്തരിച്ചു. കൊല്ലം പട്ടത്താനത്തെ വസതിയിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. തൃശൂർ തൃത്തല്ലൂർ സ്വദേശിയാണ്. സന്ധ്യ രാജേന്ദ്രൻ ആണ് ഭാര്യ. ഭൗതികദേഹം കൊല്ലത്തെ പൊതുദർശനത്തിന് ശേഷം ജന്മനാടായ തൃശൂരിലേക്ക് കൊണ്ടുപോകും. സംസ്കാര ചടങ്ങുകൾ നാളെ തൃശൂർ തൃത്തല്ലൂരിലെ വീട്ടുവളപ്പിൽ നടക്കും.

    പ്രശസ്ത നടനും എം.എൽ.എയുമായ മുകേഷിന്റെ സഹോദരീ ഭർത്താവാണ് ഇ.എ. രാജേന്ദ്രൻ. നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് അഭിനയത്തിൽ ബിരുദം നേടിയ അദ്ദേഹം ഒട്ടനവധി സിനിമകളിലും നാടകങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. അഭിനയത്തിന് പുറമെ സംവിധാന രംഗത്തും അദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു.



  • ഏറ്റുമാനൂർ : മാടപ്പാട് ശ്രീമന്ദിരത്തിൽ  പങ്കജാക്ഷിയമ്മ(87) അന്തരിച്ചു. ഭർത്താവ് ശ്രീധരൻ( ചേർത്തല മുട്ടത്തിപ്പറമ്പ്)
    മക്കൾ: ബാനർജി (റിട്ട: പഞ്ചായ ത്ത് ഉദ്യോഗസ്ഥൻ ചെങ്ങന്നൂർ ) ദേവരാജ് (സെബോളിൻ, ഏറ്റുമാനൂർ ) ഗോകുൽദാസ് ,
    മരുമക്കൾ: സതീദേവി, ജിജി, രമ്യ. ശവസംസ്ക്കാരം നാളെ 2 മണിക്ക് മാടപ്പാട്ടെ വീട്ടുവളപ്പിൽ.


  • കൊൽക്കത്ത: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവുമായ മുകുൾ റോയ് അന്തരിച്ചു. കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളാണ് മരണകാരണം എന്നാണ് സൂചന.

    തൃണമൂൽ കോൺഗ്രസിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു മുകുൾ റോയ്. മമത ബാനർജിയുടെ അടുത്ത തോഴനും പാർട്ടിയുടെ നെടുംതൂണുമായിരുന്നു. പാർട്ടിയുടെ ജനറൽ സെക്രട്ടറി പദവിയിലിലെത്തിയ മുകുൾ റോയ് 2006ൽ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2009 മുതൽ 2012 വരെ പാർട്ടിയുടെ രാജ്യസഭയിലെ തലവൻ കൂടിയായിരുന്നു മുകുൾ റോയ്. രണ്ടാം യുപിഎ മന്ത്രിസഭയിൽ റെയിൽവേ മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.

    ബംഗാൾ രാഷ്ട്രീയത്തിലെ ചാണക്യൻ എന്നാണ് മുകുൾ റോയ് അറിയപ്പെട്ടിരുന്നത്. മമതയ്ക്ക് ശേഷം തൃണമൂൽ കോൺഗ്രസിന്റെ മുഖമായിരുന്നു അദ്ദേഹം. എന്നാൽ ശാരദ ചിട്ടിഫണ്ട് തട്ടിപ്പ്, നാരദ സ്റ്റിങ് ഓപ്പറേഷൻ തുടങ്ങിയ അഴിമതിക്കേസുകളിൽ ഉൾപ്പെട്ടതോടെ മുകുൾ റോയ് വിവാദ കഥാപാത്രമായി മാറി. പിന്നീട് 2017ൽ മുകുൾ റോയ് ബിജെപിയിൽ ചേർന്നു. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബംഗാളിൽ ബിജെപി 18 സീറ്റുകൾ നേടിയതിന് പിന്നിൽ മുകുൾ റോയ്‌യുടെ പ്രവർത്തനമികവ് കൂടിയുണ്ടായിരുന്നു. പിന്നാലെ 2021ൽ ബിജെപി വിട്ട് തൃണമൂൽ കോൺഗ്രസിലേക്ക് മടങ്ങിവന്നു.



  • ഉദയംപേരൂർ: ഉദയംപേരൂർ പത്താംമൈൽ പുല്ലുമയിൽ ആനന്ദൻ (76)അന്തരിച്ചു. സംസ്‍കാരം ഇന്ന് വൈകുന്നേരം 5.30 ന് വീട്ടുവളപ്പിൽ. ഭാര്യ : ഇന്ദിര. മക്കൾ: മായ, മധു.


  • അതിരമ്പുഴ : അതിരമ്പുഴ പണ്ടാരക്കളത്തിൽ ഡോ ജോസ് പോൾ അന്തരിച്ചു. റിട്ട പ്രൊ മൈക്രോ ബയോളജി ഗവണ്മെന്റ് മെഡിക്കൽ കോളേജ് കോട്ടയം, പുഷ്പഗിരി മെഡിക്കൽ കോളേജ് തിരുവല്ല എന്നിങ്ങനെ സേവനമനുഷ്ഠിച്ചു. സംസ്കാരം നാളെ വൈകുന്നേരം 3.30 ന് അതിരമ്പുഴ സെന്റ് മേരിസ് ഫോറോനാ പള്ളിയിൽ.


    ഭാര്യ: മേരി ജോസ് ( ചങ്ങനാശ്ശേരി മുളക്കൽ കുടുംബാംഗം). മക്കൾ : അനിത( എം എസ് ഡബ്ല്യൂ ബാംഗ്ലൂർ) ടോണി, ഷെൽ( കമ്പ്യൂട്ടർ എഞ്ചിനീയർ) ഡോ ജിമ്മി ( പ്രൊ ഓഫ് ഫാർമസി മസ്കറ്റ്. മരുമക്കൾ : ജോർജ് വെള്ളൂക്കുന്നേൽ ചെമ്മലമറ്റം, ജൂലി കപ്യാർമലയിൽ, വാഴക്കുളം, ബീന പഴൂർ കിഴക്കേതിൽ പന്തളം.




  • ഏറ്റുമാനൂർ: ജിഐപിസി ഉദ്യോഗസ്ഥനായിരുന്ന ഏറ്റുമാനൂർ ശ്രീവിഹാറിൽ എൻ. പരമേശ്വരൻ നായർ (92) അന്തരിച്ചു. സംസ്കാരം നാളെ വൈകീട്ട് 4ന് വീട്ടുവളപ്പിൽ. ഭാര്യ: ടി. ശാന്തകുമാരി (റിട്ട. എ.എ., ജില്ല പോലീസ് ഓഫീസ്). മക്കൾ: പി. രഘുനാഥ് (ജി.എം. സ്പെയേഴ്സ്,  വയലാറ്റ് മഹീന്ദ്ര, എറണാകുളം) ഡോ.രശ്മി രാധാകൃഷ്ണൻ നായർ. മരുമക്കൾ: കാർത്തിക രഘുനാഥ്, ക്യാപ്റ്റൻ ആർ. രാധാകൃഷ്ണൻ നായർ (മർച്ചൻ്റ് നേവി).


  • കൊച്ചി: ആര്‍ജെഡി ദേശീയ സമിതി അംഗവും പരിസ്ഥിതി പ്രവര്‍ത്തകനും കാതികുടം സമര സമിതി നായകനുമായ ജെയ്സണ്‍ പാനികുളങ്ങര (66) അന്തരിച്ചു. കരള്‍ രോഗം ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: പ്ലാക്കല്‍ കുടുംബാംഗം വത്സ. മക്കള്‍: ആര്യ ജയ്സണ്‍ (കാനഡ), അര്‍ജുന്‍ ജെയ്സണ്‍. മരുമക്കള്‍: ജോമോന്‍ ജോയ്ച്ചന്‍ (കാനഡ) നിയ ജോസഫ് (പ്രധാനമന്ത്രി ജന്‍ ഔഷധി ഫാര്‍മസി). സംസ്‌കാരം ശനിയാഴ്ച വൈകിട്ട് 3.30ന് പാറക്കടവ് പുവ്വത്തുശ്ശേരി സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍.

    കാടുകുറ്റി നിറ്റ ജലാറ്റിന്‍ ഫാക്ടറിയിലെ മലിനീകരണത്തിനെതിരെ വര്‍ഷങ്ങള്‍ നീണ്ട ജനകീയ പോരാട്ടത്തിന് ജെയ്സണ്‍ നേതൃത്വം നല്‍കിയിരുന്നു. കാതികുടം സമരസമിതി രക്ഷാധികാരിയായിരുന്ന ജെയ്സണ്‍ സംസ്ഥാനത്തുടനീളമുള്ള പരിസ്ഥിതി സംരക്ഷണത്തിനും, മലിനീകരണ സ്രോതസ്സുകള്‍ കണ്ടെത്തി നടപടികള്‍ സ്വീകരിക്കുന്നതിനും നിരവധി പോരാട്ടങ്ങള്‍ നടത്തിയിരുന്നു. സര്‍വ്വകലാശാല തല വോളിബോള്‍ താരവും, അങ്കമാലി സ്പോട്സ് അസോസിയേഷന്‍ ( എഎസ്എ) സ്ഥാപക അംഗവുമായിരുന്നു.

    അങ്കമാലിയില്‍ ഈ വര്‍ഷം എഎസ്എ സംഘടിപ്പിക്കുന്ന അഖിലേന്ത്യ വോളിബോള്‍ ടൂര്‍ണമെന്റിന്റെ സംഘാടക സമിതി ജനറല്‍ കണ്‍വീനറായിരുന്നു. എസ്എഫ്‌ഐ വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ സംഘടന പ്രവര്‍ത്തനം ആരംഭിച്ചു. ആലുവ യുസി കോളജ് പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ നേതൃ നിരയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 

    ജ്യേഷ്ഠ സഹോദരനായ അഡ്വ. വിന്‍സന്റ് പാനികുളങ്ങരയോടൊപ്പം കോണ്‍ഗ്രസ് നേതൃനിരയിലെത്തിയെങ്കിലും എം.പി വീരേന്ദ്രകുമാറുമായി ബന്ധപ്പെട്ട് പരിസ്ഥിതി, സാഹിത്യ മേഖലയിലെ സൗഹൃദത്തിനും, ജനതാദള്‍ ( യു ) ജില്ല പ്രസിഡന്റ് പദവിയിലെത്തുന്നതിനും കാരണമായി. ജനതാദള്‍ ( യു ) രാഷ്ട്രീയ ജനതാദളില്‍ ലയിച്ചതോടെയാണ് ജെയ്‌സണ്‍ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയും ദേശീയ സമിതി അംഗവുമായത്.




  • ഏറ്റുമാനൂർ: ഏറ്റുമാനൂർ ഗവൺമെന്റ് ബോയ്സ് ഹൈസ്കൂൾ അധ്യാപകനായിരുന്ന വെട്ടിമുകൾ വരയിൽപറമ്പിൽ വി.ജെ. എബ്രഹാം (85) അന്തരിച്ചു. മൃതദേഹം വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് പാലാ റോഡിൽ കിസ്മത്ത് പടിയിലുള്ള വീട്ടിലെത്തിക്കും. സംസ്കാരം ഫെബ്രുവരി 6 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്വവസതിയിലെ ശുശ്രൂഷകൾക്ക് ശേഷം വെട്ടിമുകൾ സെന്റ് മേരീസ് പള്ളിയിൽ.



  • ഏറ്റുമാനൂർ: അതിരമ്പുഴ പൊന്നാറ്റിൽ ബെനിഞ്ഞ തോമസ് (പെണ്ണമ്മ-87) അന്തരിച്ചു. സംസ്കാരം നാളെ വൈകുന്നേരം 3 മണിക്ക് സെന്റ് മേരീസ് ഫോറോനാ പള്ളിയിൽ.



  • ഏറ്റുമാനൂർ: ശക്തിനഗർ ശക്തി റോഡിൽ ചിറയിൽ പരേതനായ സി.ജെ. ജോർജിൻ്റെ ഭാര്യ തെറമ്മ ജോർജ് (94) അന്തരിച്ചു. സംസ്‌കാര ശുശ്രൂഷകൾ 24.01.2026 ശനിയാഴ്‌ച രാവിലെ 10:00 മണിക്ക് ഭവനത്തിൽ ആരംഭിച്ച് അതിരമ്പുഴ സെൻ്റ് മേരീസ് ഫൊറോനാപള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയിൽ അടക്കം ചെയ്യും. പരേത ചങ്ങനാശ്ശേരി കോയിപ്പുറം കുടുംബാംഗമാണ്. മക്കൾ: ഡോളി സിറിൾ, ഡോട്ടി ജോസ്, ഷേർലി തമ്പി, ജോർജ്‌കുട്ടി. മരുമക്കൾ: സിറിൾ പോളക്കൽ (നാട്ടകം), ജോസ്‌കുട്ടി കുട്ടമ്പേരൂർ (ചങ്ങനാശേരി), തമ്പി തൈപറമ്പിൽ (ആലപ്പുഴ), സോണിയ തെങ്ങുംപള്ളി (ചങ്ങനാശ്ശേരി).


  • ഏറ്റുമാനൂർ: കോട്ടയം തഹസിൽദാർ ഏറ്റുമാനൂർ ചൂരകുളങ്ങര ശ്രീഭദ്രം വീട്ടിൽ അനിൽകുമാർ എസ് എൻ (55)  അന്തരിച്ചു. ഇന്ന് പുലർച്ചെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന്  തെളളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. കോട്ടയം നീണ്ടൂർ കുമ്മാക്കോത്ത് കുടുംബാംഗമാണ്. ഭാര്യ: മിനി എം.ജി., മക്കൾ : ഋഷികേശ് നാരായണൻ (ബംഗളൂരൂ), നന്ദിത കൃഷ്ണ (വിദ്യാർഥിനി - നിഫ്റ്റ് ചെന്നൈ). 
    അനിൽകുമാറിൻ്റെ ഭൗതിക ശരീരം തിങ്കളാഴ്ച (19/1/2026) രാവിലെ 9.30 മുതൽ 10.30 വരെ കോട്ടയം താലൂക്ക് ഓഫീസിലും തുടർന്ന് 10.45 മുതൽ 11.30 വരെ കളക്ട്രേറ്റിലും പൊതുദർശനത്തിനു ശേഷം, 12 മണിയോടുകൂടി ഏറ്റുമാനൂരിലെ വീട്ടിലും എത്തിക്കും. ഒരു മണിയോടുകൂടി  നീണ്ടൂർ കുടുംബ വീട്ടിൽ എത്തിക്കും. 4 മണിക്കാണ് സംസ്കാരം.






  • പത്തനംതിട്ട: കേരള കോൺഗ്രസ് മുതിര്‍ന്ന നേതാവ് തോമസ് കുതിരവട്ടം(80) അന്തരിച്ചു. ചെങ്ങന്നൂരിലെ കല്ലിശ്ശേരിയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. കേരള കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കെഎസ്‌സി സ്ഥാപകനും മുന്‍ രാജ്യസഭാ അംഗവുമായിരുന്നു തോമസ് കുതിരവട്ടം.

    കേരള കോൺഗ്രസ്(എം) നേതാവായിരുന്നെങ്കിലും ഒരു ഘട്ടത്തിൽ തെറ്റിപ്പിരിഞ്ഞ് കേരള കോൺഗ്രസ് (ബി)യിൽ ചേർന്നിരുന്നു. പിന്നീട് വീണ്ടും കേരള കോൺഗ്രസ് (എം)ൽ തിരികെ എത്തിയെങ്കിലും സജീവ പ്രവർത്തനത്തിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു.

    കഴിഞ്ഞ രണ്ടാഴ്ച്ചയായി രോഗം മൂര്‍ച്ഛിച്ച അവസ്ഥയിലായിരുന്നു. വൃക്ക രോഗം ബാധിച്ച തോമസ് കുതിരവട്ടം നാളുകളായി ചികിത്സയില്‍ കഴിയുകയായിരുന്നു. 1984 മുതല്‍ 91 വരെ തോമസ് കുതിരവട്ടം രാജ്യസഭാ അംഗമായിരുന്നു. അദ്ദേഹത്തിന്റെ മകന്‍ ജോണി കുതിരവട്ടമടക്കമുള്ളവര്‍ കേരള കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകരാണ്.



  • ഏറ്റുമാനൂർ: പ്രമുഖ കോൺഗ്രസ് നേതാവും വളരെ കാലം ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ടുമായിരുന്ന  സി എസ് ജോസഫ് അന്തരിച്ചു. സംസ്കാരം പിന്നീട്



  • കോട്ടയം: പ്രശസ്ത ശില്‍പി കാഞ്ഞിരപ്പള്ളി കരിപ്പാറപറമ്പില്‍ സാബു ജോസഫ് (77) അന്തരിച്ചു. തിരുവനന്തപുരത്ത് വച്ചായിരുന്നു അന്ത്യം. കാഞ്ഞിരപ്പള്ളി കരിപ്പാറപറമ്പില്‍ പരേതരായ കെ സി ജോസഫ്, അച്ചാമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: കാഞ്ഞിരപ്പള്ളി കടമപ്പുഴ ഫാറ്റിമ. മക്കള്‍: ആൻ ട്രീസ അല്‍ഫോൻസ്, റോസ്‌മേരി അന്റണി, ലിസ് മരിയ സാബു. മരുമക്കള്‍: പ്രവീണ്‍ അല്‍ഫോൻസ് ജോണ്‍ പിട്ടാപ്പള്ളി, ആന്റണി ജോസ് കോണിക്കര.

    ഷെവലിയർ ആർട്ടിസ്റ്റ് പി ജെ ചെറിയാന്റെ ചെറുമകനും സ്വാതന്ത്ര്യ സമരസേനാനികളായ അക്കാമ്മ ചെറിയാന്റെയും റോസമ്മ പുന്നൂസിന്റെയും സഹോദര പുത്രനാണ്. പ്രമുഖ ചലച്ചിത്ര ഛായാഗ്രാഹകൻ സാലൂ ജോർജ് സഹോദരനാണ്. സംസ്കാരം പിന്നീട്.

    കേരളത്തിലെ ഒട്ടുമിക്ക രാഷ്ട്രീയ നേതാക്കളുടെയും പ്രതിമ തീർത്തത് സാബുവാണ്. തിരുവനന്തപുരത്തെ സി കേശവൻ, അക്കാമ്മ ചെറിയാൻ, മുവാറ്റുപുഴയിലെ കെ എം ജോർജ്. കോട്ടയം നഗരത്തിലെ പിടി ചാക്കോ, ബെഞ്ചിമൻ ബെയ്ലി തുടങ്ങി പ്രതിമകള്‍ സാബുവിന്റെ സൃഷ്ടികളാണ്.

    വിശുദ്ധ അല്‍ഫോൻസാമ്മ, വാഴ്ത്തപ്പെട്ട തേവർപറമ്പില്‍ കുഞ്ഞച്ചൻ, കർദിനാള്‍ ജോസഫ് പാറേക്കാട്ടില്‍, കോട്ടയ്ക്കല്‍ ആര്യവെെദ്യശാല വെെദ്യരത്നം പി എസ് വാര്യർ, ചലച്ചിത്ര സംവിധായകൻ കുഞ്ചാക്കോ, കോട്ടയം രൂപത മുൻ ബിഷപ്പ് മാർ തോമസ് തറയില്‍, കട്ടക്കയത്തില്‍ ചെറിയാൻ മാപ്പിള, കാഞ്ഞിരപ്പള്ളി എകെജെഎം സ്കൂളിലെ ഈശോസഭ സ്താപകൻ വിശുദ്ധ ഇഗ്നേഷ്യസ് ലയോള തുടങ്ങിയ പ്രതിമകളും തീർത്തിട്ടുണ്ട്.

    കാഞ്ഞിരപ്പള്ളി എകെജെഎം സ്കൂള്‍, തുമ്ബ സെന്റ് സേവ്യേഴ്സ് കോളജ്, മദ്രാസ് കോളേജ് ഓഫ് ആർട്ട്സ് ആൻഡ് ക്രാഫ്റ്റ്സ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാലം പൂർത്തിയാക്കി. ശില്‍പകലയില്‍ മദ്രാസ് കോളജ് ഓഫ് ആർട്സ് ആൻഡ് ക്രാഫ്റ്റ്സില്‍ നിന്ന് അ‌്ച് വർഷത്തെ ഡിപ്ലോമ ആൻഡ് പോസ്റ്റ് ഡിപ്ലോമ കോഴ്സ് പഠനമികവിന്റെ ആനൂകൂല്യത്തില്‍ നാലുവർഷം കൊണ്ട് സാബു പൂർത്തിയാക്കി.





  • ഏറ്റുമാനൂർ: ഏറ്റുമാനൂർ വികസന സമിതിയുടെ നേതാവ് പുന്നത്തുറ മുല്ലൂർ എം.എസ്. ഉദയകുമാർ (51) കുഴഞ്ഞുവീണു മരിച്ചു. ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ പിൽഗ്രിം ഷെൽട്ടർ നിർമാണവുമായി ബന്ധപ്പെട്ട കേസ് സംബന്ധിച്ച കാര്യങ്ങൾക്കായി ഹൈക്കോടതിയിലേക്ക് പോയ വഴിക്ക് എറണാകുളത്ത് വെച്ചായിരുന്നു മരണം. 



  • കൊച്ചി: മിമിക്രി കലാകാരൻ രഘു കളമശേരി അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖം മൂലം ചികിത്സയിൽ ആയിരുന്നു. ഏഷ്യാനെറ്റിലെ 'സിനിമാല' എന്ന ആക്ഷേപഹാസ്യ പരിപാടിയിലും നിരവധി സ്റ്റേജ് ഷോകളിലും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉൾപ്പെടെയുള്ള പ്രമുഖരെ അനുകരിച്ചതിലൂടെ ജനപ്രീതി നേടിയ കലാകാരനാണ്. ഇന്ന് രാവിലെ കടവന്ത്രയിലെ രാജീവ് ഗാന്ധി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കളമശ്ശേരി നേവൽ ബേസിലെ ഉദ്യോഗസ്ഥനായിരുന്നു രഘു. പി എസ് രഘു എന്നതാണ് മുഴുവൻ പേര്. 



  • പൂനെ: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന സുരേഷ് കൽമാഡി (81) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ പൂനെയിലെ ദീനനാഥ് മങ്കേഷ്‌കർ ആശുപത്രിയിലായിരുന്നു അന്ത്യം. അദ്ദേഹത്തിന്‍റെ ഭൗതികദേഹം ഉച്ചയ്ക്ക് രണ്ട് മണി വരെ പൂനെ എരണ്ട്വാനയിലെ കൽമാഡി ഹൗസിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് വൈകുന്നേരം 3.30ന് വൈകുണ്ഠ് ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടക്കുമെന്ന് ഓഫീസ് അറിയിച്ചു. പൂനെയിൽ നിന്നുള്ള കരുത്തനായ രാഷ്ട്രീയ നേതാവായിരുന്ന കൽമാഡി, റെയിൽവേ സഹമന്ത്രിയായും ദീർഘകാലം ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പൂനെയിൽ നിന്ന് ഒന്നിലധികം തവണ അദ്ദേഹം ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.



  • കൊച്ചി:വില്ലന്‍ വേഷങ്ങളിലൂടെ പ്രശസ്തനായ നടന്‍ പുന്നപ്ര അപ്പച്ചന്‍ അന്തരിച്ചു. 77 വയസായിരുന്നു. അടുത്തിടെ വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടെ ആരോഗ്യാവസ്ഥ മോശമാവുകയും വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പക്ഷെ അപ്പച്ചന്‍ ഗുരുതരാവസ്ഥയില്‍ തന്നെ തുടരുകയായിരുന്നു.

    1965ല്‍ പുറത്തിറങ്ങിയ ഒതേനന്റെ മകന്‍ എന്ന ചിത്രത്തിലൂടെയാണ് അപ്പച്ചന്‍ സിനിമയിലേക്ക് കടന്നുവരുന്നത്. അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലെ വേഷം കരിയറില്‍ നിര്‍ണായകമായി. അടൂര്‍ ചിത്രങ്ങളിലായിരുന്നു പിന്നീട് അപ്പച്ചന്‍ ശ്രദ്ധേയമായ വേഷങ്ങളിലെത്തിയത്. അനന്തരമായിരുന്നു അതില്‍ പ്രധാനപ്പെട്ട ഒരു ചിത്രം.

    വില്ലന്‍ വേഷങ്ങളും ക്യാരക്ടര്‍ വേഷങ്ങളിലുമായി തന്റെ കരിയര്‍ പുന്നപ്ര അപ്പച്ചന്‍ തുടര്‍ന്നു. നക്ഷത്രങ്ങളേ കാവല്‍, ഇവര്‍, വിഷം, ഓപ്പോള്‍, കോളിളക്കം, ആട്ടക്കലാശം തുടങ്ങി നിരവധി ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനം ശ്രദ്ധ നേടിയിരുന്നു. 


  • ഏറ്റുമാനൂർ: ശ്രീകൈലാസിൽ സോമസുന്ദര പിള്ള (ശിവൻ പിള്ള - 73) അന്തരിച്ചു. സംസ്കാരം നാളെ (ഞായർ) 3 മണിക്ക് വീട്ടുവളപ്പിൽ.



  • കൊച്ചി: നടൻ മോഹൻ‌ലാലിന്റെ അമ്മ ശാന്തകുമാരി അന്തരിച്ചു. 90 വയസായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. കൊച്ചി എളമക്കരയിലെ വീട്ടിലായിരുന്നു അന്ത്യം. ഭർത്താവ് പരേതനായ വിശ്വനാഥൻ നായർ.  പത്തനംതിട്ട ഇലന്തൂർ പുന്നയ്ക്കൽ കുടുംബാംഗമാണ്. പരേതനായ പ്യാരിലാൽ മൂത്ത മകനാണ്. സംസ്കാരം ബുധനാഴ്ച. സഹോദരന്റെയും അച്ഛന്റെയും മരണശേഷം മോഹൻലാൽ അമ്മയെ പരിപാലിച്ചു കൊണ്ട് കൂടെയുണ്ടായിരുന്നു. മോഹൻലാലിന്റെ അഭാവത്തിൽ ഭാര്യ സുചിത്ര അമ്മയുടെ ഒപ്പമുണ്ടാവും. അമ്മയുടെ പ്രിയപ്പെട്ട മകനാണ് മോഹൻലാൽ. ആദ്യകാല സിനിമകളിൽ അഭിനയിച്ചു കാണിച്ച പല ചേഷ്‌ടകളും വീട്ടിലും അതുപോലെ തന്നെ പ്രകടിപ്പിക്കാറുള്ള മകനാണ് മോഹൻലാൽ എന്ന് അമ്മ ഒരിക്കൽ ഒരഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.  പത്ത് വർഷം മുൻപായിരുന്നു ശാന്തകുമാരിക്ക് പക്ഷാഘാതമുണ്ടായത്. അതിനുശേഷമാണ് ആരോഗ്യനില മോശമായത്.



  • കോട്ടയം: മുന്‍ എംഎല്‍എ പി എം മാത്യു (75) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് പാലായില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് അന്ത്യം. സംസ്‌കാരം ബുധനാഴ്ച വൈകിട്ട് കടുത്തുരുത്തി സെന്റ് മേരീസ് ചര്‍ച്ചില്‍ അന്ത്യകര്‍മ്മങ്ങള്‍ നടത്തും. ഭാര്യ കുസുമം മാത്യൂ.

    1991 മുതല്‍ 1996 വരെ കടുത്തുരുത്തി മണ്ഡലത്തിലെ എംഎല്‍എയായിരുന്നു. ഒടുവിൽ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനൊപ്പം പ്രവർത്തിച്ചുവരികയായിരുന്നു. നിയമസഭയിലെ പെറ്റീഷന്‍ കമ്മിറ്റി ചെയര്‍മാന്‍, കേരള കോണ്‍ഗ്രസ് (എം) ജനറല്‍ സെക്രട്ടറി, കെഎസ്എഫ്ഇ വൈസ് ചെയര്‍മാന്‍, റബ്ബര്‍ മാര്‍ക്ക് വൈസ് പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. കേരള സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസ്, യൂത്ത് ഫ്രണ്ട് സംഘടനകളുടെ നേതൃത്വത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 


  • കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു. കൊച്ചിയില്‍ വച്ചായിരുന്നു അന്ത്യം. 48 വര്‍ഷം നീണ്ട സിനിമാ ജീവിതത്തില്‍ ഇരുന്നുറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 69 വയസ്സായിരുന്നു

    നര്‍മ്മത്തിനു പുതിയ ഭാവം നല്‍കിയ ശ്രീനി സ്വന്തം സിനിമകളിലുടെ സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ നര്‍മത്തിന്റെ സഹായത്തോടേ വെള്ളിത്തിരയിലെത്തിച്ചവരില്‍ മുന്നിലാണ്. 1976 ല്‍ പി. എ. ബക്കര്‍ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. 1984-ല്‍ ഓടരുതമ്മാവാ ആളറിയും എന്ന സിനിമക്ക് കഥ എഴുതി തിരക്കഥാ രംഗത്തേക്ക് കടന്നു.

    പല സാധാരണ സാമൂഹിക പ്രശ്‌നങ്ങളും കുറിക്ക് കൊള്ളുന്ന സംഭാഷണങ്ങള്‍ കൊണ്ടും അതിന്റെ സന്ദര്‍ഭപ്രാധാന്യം കൊണ്ടും അവിസ്മരണീയമാക്കുക എന്നത് ശ്രീനിവാസന്റെ സിനിമകളുടെ പ്രത്യേകതയാണ്. വ്രടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തു


  • കൊച്ചി: എറണാകുളം റിനൈ മെഡിസിറ്റിയിലെ ചീഫ് ഫിസിഷ്യൻ  കോലഞ്ചേരി കാട്ടുമറ്റത്തിൽ ഡോ.കെ.സി. ജോയ് (75) കിണറ്റിൽ വീണ് മരിച്ചു. ഇന്നലെ വൈകിട്ട് ആറോടെയാണ് സംഭവം. തമ്മാനിമറ്റത്തുള്ള തറവാട് വീടിനോട് ചേർന്നുള്ള സ്ഥലത്തെ കിണർ വൃത്തിയാക്കുന്നതിനായി എത്തിയതായിരുന്നു ജോയ്.

    ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച്‌ കിണർ ശുചീകരിക്കുന്ന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനിടെ അബദ്ധത്തിൽ കാല് വഴുതി കിണറ്റിലേക്ക് വീഴുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ആൾമറയില്ലാത്ത കിണറായിരുന്നു. ഉടൻ തന്നെ നാട്ടുകാരും ഫയർഫോഴ്സും സ്ഥലത്തെത്തി കിണറ്റിൽ നിന്നും ഇദ്ദേഹത്തെ പുറത്തെടുത്തു. ഗുരുതരാവസ്ഥയിലായിരുന്ന ഡോക്ടറെ ഉടൻ തന്നെ കോലഞ്ചേരി എംഒഎസ്സി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.


  • പേരൂർ: മാലിയിൽ പുത്തൻപുരയിൽ മുരളീധരൻ നായർ (73) അന്തരിച്ചു. ഭാര്യ: ലീല, മക്കൾ: ശ്രീജിത്ത്, ശ്രീജ, മരുമകൻ: സന്തോഷ്. സംസ്കാരം തിങ്കളാഴ്ച (15-12-2025) 3 മണിക്ക് വീട്ടുവളപ്പിൽ.



  • മാന്നാനം: കാനറാ ബാങ്ക് റിട്ടയേഡ് ചീഫ് മാനേജർ ചന്ദ്രമംഗലത്ത് സി എൻ മധുസൂദനൻ നായർ (74) അന്തരിച്ചു. സംസ്കാരം  ഇന്ന് (ബുധൻ) 5  മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ ഏറ്റുമാനൂർ വാഴക്കരോട്ട് വീട്ടിൽ പ്രസന്നകുമാരി (റിട്ടയേഡ് സീനിയർ അക്കൗണ്ട്സ് ഓഫിസർ BSNL). മക്കൾ: കിരൺ എം (ദുബായ്), അരുൺ എം (USA), മരുമക്കൾ: നിത രാജഗോപാൽ (ദുബായ്), Dr ആർഷ വിജയകുമാർ (USA).



  • ഏറ്റുമാനൂര്‍: എഴുത്തുകാരിയും അധ്യാപികയുമായിരുന്ന ബി സരസ്വതി (94) അന്തരിച്ചു. ഏറ്റുമാനൂരിലെ വസതിയില്‍ ഇന്ന് ഉച്ചതിരിഞ്ഞായിരുന്നു അന്ത്യം. പ്രശസ്ത സാഹിത്യകാരന്‍ കാരൂര്‍ നീലകണ്ഠപ്പിള്ളയുടെ മകളാണ്. ഭര്‍ത്താവ് പരേതനായ എം ഇ നാരായണക്കുറുപ്പ് (റിട്ട. ജോയിന്റ് ഡയറക്ടര്‍, പഞ്ചായത്ത്, കേരളസര്‍ക്കാര്‍). കിടങ്ങൂര്‍ എന്‍എസ്എസ് ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസായി വിരമിച്ചു. മക്കള്‍: പ്രശസ്ത ഛായാഗ്രാഹകനും ചലച്ചിത്ര സംവിധായകനുമായ വേണു, എന്‍ രാമചന്ദ്രന്‍ ഐപിഎസ് (മുന്‍ എസ്പി കോട്ടയം). മരുമക്കള്‍: ബീന പോള്‍, അപര്‍ണ രാമചന്ദ്രന്‍. സംസ്‌കാരം ഡിസംബര്‍ രണ്ടിന് ഏറ്റുമാനൂരിലെ വസതിയില്‍ ഉച്ചക്ക് രണ്ടുമണിക്ക്.



  • കോഴിക്കോട് : സിപിഎം നേതാവും കൊയിലാണ്ടി എംഎല്‍എയുമായ കാനത്തില്‍ ജമീല (59) അന്തരിച്ചു. 2021ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ എന്‍ സുബ്രഹ്‌മണ്യനെ 8,472 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കാനത്തില്‍ ജമീല നിയമസഭയിലേക്ക് എത്തിയത്. മുന്‍പ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ജമീല ഗ്രാമപഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും മത്സരിച്ചു ജയിച്ചിട്ടുണ്ട്. കാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.