07 January, 2016 12:28:58 PM


ജനപ്രേമത്തിന്‍റെ പേരില്‍ യാത്രാ തട്ടിപ്പുകള്‍ചക്കയുടെ സീസണ്‍ മാങ്ങയുടെ സീസണ്‍ എന്നൊക്ക കേട്ടിട്ടുള്ള മലയാളികള്‍  കുറച്ചുകാലമായി പുതിയതൊന്നു കേള്‍ക്കു ന്നുണ്ട്. അതാണ് യാത്രാസീസണ്‍.

ഒരു ക്ലീഷേ പോലെ കാസര്‍കോട്ടുനിന്നാരംഭിച്ച് തിരുവനന്തപുരത്ത് ഒടുങ്ങുന്നവ. കക്ഷി രാഷ്ട്രീയക്കാരുടെ യാത്രകളാണിവ. ഇതെല്ലാം തന്നെ ആസന്നമായ നിയമസഭാതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടവയാണ്. വസന്തകാലത്ത് മുല്ല പൂക്കും എന്നു പറഞ്ഞതുപോലെ! 

പണ്ടു പണ്ട് ശ്രീശങ്കരന്‍ നടത്തിയ യാത്ര നമ്മള്‍ കേട്ടിട്ടുണ്ട്. കാലടിയില്‍ തുടങ്ങിയ യാത്രക്കൊടുവില്‍ ആചാര്യനു ലഭി ച്ചത് ‍ജ്ഞാനപീഠമായിരുന്നു. എന്നാല്‍ ഈ യാത്രകളെല്ലാംതന്നെ അധികാരപീഠം ലാക്കാക്കി നടത്തുന്നവയാണ്. ശ്രീശങ്കരന്‍ ജ്ഞാനം നേടുകയും ജനങ്ങളില്‍ ജ്ഞാനബോധം ഉളവാക്കുകയുമാണ് ചെയ്തതെങ്കില്‍ ഭരണപീഠമേറുന്ന ഇക്കൂട്ടര്‍  അധികാരം നേടുകയും അതിന്‍റെ ആസക്തിയില്‍ പൊതുജനങ്ങളെ കൊള്ളയടിക്കുകയുമാണ് ചെയ്യുന്നത്.

അതിനാല്‍ ഈ യാത്രകളൊന്നും തന്നെ ശ്രീശങ്കരനെ കോപ്പിയടിച്ചതല്ല എന്നു പറയാം. ബിജെപി നേതാവ് എല്‍.കെ.അദ്വാനി പണ്ടൊരു രഥയാത്ര നടത്തി. അതിന്‍റെ ഗുണഫലമായിരിക്കാം നമ്മുടെ കക്ഷികളെ - അന്ന് വിമര്‍ശിച്ചെങ്കിലും - ഇത്തരം യാത്രകള്‍ക്ക് പ്രേരിപ്പിക്കുന്നത്. പിണറായിയുടെ നവകേരളാമാര്‍ച്ച്, ബിജെപിയുടെ വിമോചനയാത്ര, വി.എം.സുധീരന്‍റെ കേരള രക്ഷാ യാത്ര ഇങ്ങനെ പോകുന്നു യാത്രാ മാമാങ്കങ്ങള്‍.

കേരളം അപകടത്തിലാണെന്നും അതിന്‍റെ അമരക്കാരായ / കാരണക്കാരായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവരില്‍ നിന്നും കേരളത്തെ രക്ഷിക്കുക എന്നതാണ് വി.എം.സുധീരന്‍റെ യാത്രയുടെ ഉദ്ദേശ്യമെന്ന് സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല. ന്യൂനപക്ഷ പീഡനം അധികമായെന്നും അതിനാല്‍ ഇക്കുറി യുഡിഎഫിന് ഹിന്ദു വോട്ട് ലഭിക്കില്ലെന്നും കാണിച്ച് ആഭ്യന്തരമന്ത്രി ദില്ലിക്ക് കത്തയച്ചുവെന്നും ഇല്ലെന്നും കേള്‍ക്കുന്നു. ഏതായാലും ഒരു കത്ത് പിതൃത്വഹീനമായി ഇവിടെയൊക്കെ അലഞ്ഞു തിരിഞ്ഞ് നടക്കുന്നുണ്ട്.

കത്തിന്‍റെ ചുരുക്കം ഇത്രയേയുള്ളു. ഹിന്ദു സമുദായത്തെ സ്വാധീനിക്കാന്‍ അടുത്ത മുഖ്യമന്ത്രി ഹിന്ദുവാകണം. അതു കേട്ട പാതി കേള്‍ക്കാത്ത പാതി ഹിന്ദുവായ കെ.പി.സി.സി പ്രസിഡന്‍റ് ഒരു യാത്രയും തുടങ്ങി ! യാത്ര നയിക്കുന്ന ആള്‍ അടുത്ത മുഖ്യമന്ത്രി എന്ന നാട്ടുനടപ്പ് അനുസരിച്ച് (വി.എസ് ക്ഷോഭിക്കേണ്ട) സുധീരന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആയേക്കും. അതിന് ഒരു പക്ഷേ ഉമ്മന്‍ ചാണ്ടിയുടെ പിന്തുണയും ലഭിച്ചേക്കാം. രമേശ് വെക്കുന്ന കഞ്ഞിയില്‍ ഒന്നാംതരം പാറ്റ വീഴാനാണ് സാധ്യത.

ജനങ്ങളുമായി സംവദിക്കാനായിരുന്നു യാത്രയെങ്കില്‍ സര്‍ക്കാരിന്‍റെ ഭരണനേട്ടങ്ങള്‍ എണ്ണിയെണ്ണി പറയുകയായിരുന്നു വേണ്ടത്. എല്‍ ഡി എഫിനെയും ബിജെപിയെയും പഴി പറയുവാന്‍ ഇത്തരം ഒരു യാത്രയുടെ ആവശ്യമില്ല.

യാത്രകള്‍ ഏതുമായിക്കോട്ടെ, അവ സാധാരണജനങ്ങളില്‍ ദുരിതം വിതയ്ക്കുകയാണ് പതിവ്. പിരിവ്, യാത്രാതടസ്സം, ശബ്ദമലിനീകരണം ഇങ്ങെ പോകുന്നു ദുരിതങ്ങള്‍. മലയാളത്തില്‍ തന്നെ 'പ്രിന്‍റും ഇലക്ട്രോണിക്സു'മായി മുപ്പത്തി മുക്കോടി മാധ്യമങ്ങള്‍ ഉള്ളപ്പോള്‍ ഈ നേതാക്കള്‍ക്ക് അതുവഴി സംവദിക്കാമല്ലോ.

ബിജെപിയും സിപിഎമ്മും കൂട്ടുകെട്ടെന്ന് ഒരു കൂട്ടര്‍. ബിജെപിയും കോണ്‍ഗ്രസുമാണ് കൂട്ടുകെട്ടെന്ന് മറുകൂട്ടര്‍. ഇങ്ങനെ പരസ്പരം ചെളി വാരിയെറിഞ്ഞ് വിദ്വേഷം കത്തിക്കുകയാണ് നമ്മുടെ യാത്രക്കാര്‍. ആ ഛര്‍ദ്ദിലുകളെടുത്ത് പൊങ്കാല ഇടുകയാണ്  മാധ്യമങ്ങള്‍. ഇതിനിടയില്‍ രാജ്യാഭിമാനികളായ സൈനികരുടെ വീരമൃത്യുവൊക്കെ പാഴ്വാര്‍ത്തകള്‍!

ഈ യാത്രക്കാരെല്ലാം കൂടി രാജ്യത്തിന് പുറത്തേക്ക് മടങ്ങിവരാത്ത ഒരു യാത്ര നടത്തിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്ന നിരവധി പേര്‍ നമ്മുടെയിടയിലുണ്ട്. പക്ഷെ അവര്‍ക്ക് അറിയില്ലല്ലോ ഈ യാത്രക്കാര്‍ നമ്മളെയും കൊണ്ടേ പോകൂ എന്ന്!

Share this News Now:
  • Google+
Like(s): 13.1K