14 November, 2021 08:57:40 PM


ചങ്ങാടത്തിൽ ചാലിയാർ മുറിച്ചു കടന്ന് മന്ത്രി എത്തി; കാടിന്‍റെ മക്കളുടെ ദുരിതം അറിയാൻ



നിലമ്പൂർ: നിറഞ്ഞൊഴുകുന്ന ചാലിയാർ ചങ്ങാടത്തിൽ മുറിച്ച് കടന്ന് കാടിന്‍റെ മക്കളുടെ ദുരിതം അറിയാൻ മന്ത്രി എത്തി. നിലമ്പൂർ മുണ്ടേരി ഇരുട്ടു കുത്തി കോളനിയിൽ  ഒരു മണിക്കൂറിലധികം സമയം ചെലവഴിച്ച മന്ത്രി കെ. രാധാകൃഷ്ണൻ കോളനിക്കാരുടെ പരാതികൾ കേൾക്കുകയും പരിഹാര നിർദേശങ്ങൾ നൽകുകയും ചെയ്തു. കുത്തിയൊലിക്കുന്ന ചാലിയാറിന്‍റെ കുറുകെ മുള ചങ്ങാടത്തിൽ  മന്ത്രി കെ.രാധാകൃഷ്ണൻ കയറി. കൂടെ നിലമ്പൂർ എംഎൽഎ പി.വി. അൻവറും ഉദ്യോഗസ്ഥരും. ചാലിയാറിന്‍റെ മറുകരയിൽ ഉള്ള ഇരുട്ടുകുത്തി, വാണിയമ്പുഴ ആദിവാസി കോളനിക്കാരുടെ ദുരിതം നേരിട്ട് മനസ്സിലാക്കാൻ വേണ്ടിയായിരുന്നു സന്ദർശനം. 

ഫോറസ്റ്റ് സ്റ്റേഷനിലെ പന്തലിൽ 30 ഓളം ആദിവാസികൾ മന്ത്രിയെ കാണാനും കേൾക്കാനും ആവശ്യങ്ങൾ പറയാനും എത്തിയിരുന്നു. മന്ത്രിക്ക് മുൻപിൽ ആദ്യം സംസാരിക്കാൻ മടിച്ച ആദിവാസികൾ പതിയെ എല്ലാ പ്രശ്നങ്ങളും പറഞ്ഞു. കോളനിയിലേക്കുള്ള പാലം നഷ്ടമായതും വീടും സ്ഥലവും ഇല്ലാത്തതിന്‍റെ ബുദ്ധിമുട്ടും കോളനിയുടെ മറുകരയിൽ ഉള്ള കള്ളുഷാപ്പു കാരണം ഉള്ള ദുരിതവും എല്ലാം അവർ പറഞ്ഞു. 'എന്‍റെ പ്രായത്തിൽ ഉള്ള കൂട്ടുകാരിൽ ചിലർ ഒക്കെ അവിടെ പോകുന്നുണ്ട്... വലിയ പേടിയുണ്ട്... ഈ ഷാപ്പ് അവിടെ നിന്നും ഒന്നും മാറ്റാൻ പറ്റുമോ?' പ്ലസ് ടു വിദ്യാർഥിയായ അരുൺ ആണ് മറുകരയിലെ കള്ള് ഷാപ്പ് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ മന്ത്രിയോട് വിശദീകരിച്ചത്. 

കുട്ടികളുടെ ഹോസ്റ്റലിൽ ഉള്ള പ്രശ്നങ്ങളാണ് വാണിയമ്പുഴ കോളനിയിലെ സുധ വിശദീകരിച്ചത്. പ്രശ്നങ്ങൾ പരിഹരിക്കാൻ പറ്റാത്തതിന്‍റെ കാര്യകാരണങ്ങൾ മന്ത്രി ഉദ്യോഗസ്ഥരോട് അവിടെ വച്ച് തന്നെ ചോദിച്ചറിഞ്ഞു. 'കുട്ടികൾക്ക് സ്കൂളിൽ പോകാൻ ഉള്ള സൗകര്യം ഒരുക്കണം. മോഡൽ റസിഡൻഷ്യൽ ഹോസ്റ്റലുകളെ പറ്റി ഇവരോട് ആരും പറഞ്ഞില്ലേ ? ഇനിയും കാലതാമസം ഉണ്ടാകരുത് " അദ്ദേഹം ഉദോഗസ്ഥരോട് വിശദീകരിച്ചു.


ആദിവാസികളെ ഉൾക്കാട്ടിൽ നിന്നും കുറേക്കൂടി എത്തിച്ചേരാൻ സൗകര്യപ്രദമായ സ്ഥലത്തേക്ക് കൊണ്ടുവരികയാണ് പ്രധാന വെല്ലുവിളി. വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങൾ ആദിവാസി വിഭാഗങ്ങൾക്ക് അന്യം ആകില്ല. 'കേന്ദ്ര വനം നിയമങ്ങൾ എല്ലാം പാലിച്ച്  വേണം ഈ വിഭാഗക്കാർക്ക് ഭൂമി നൽകാൻ. അതിന്‍റെ ചട്ടങ്ങൾ അത്ര എളുപ്പം അല്ല. അതാണ് പ്രധാന പ്രശ്നം. കുട്ടികൾക്ക് പഠനം മുടങ്ങാതിരിക്കാൻ വേണ്ട സാഹചര്യങ്ങൾ ഒരുക്കും. ഒരു നിലമ്പൂർ മോഡൽ ട്രൈബൽ വികസനം നടപ്പാക്കാനാണ് ആലോചന. ഒരു വർഷം കൊണ്ട് ഒട്ടേറെ മാറ്റങ്ങൾ സാധ്യമാകും.' 

പ്രളയത്തില്‍ വീട് വാസയോഗ്യമല്ലാതായ പോത്തുകല്ല് പഞ്ചായത്തിലെ ഇരുട്ടുകുത്തി, കുമ്പളപ്പാറ, വാണിയംപുഴ, തരിപ്പപ്പൊട്ടി, കരുളായി പഞ്ചായത്തിലെ മുണ്ടക്കടവ് കോളനിക്കാര്‍ക്ക് പകരം സൗകര്യമൊരുക്കും. കോളനികളിലേക്കുള്ള ഇരുട്ടുകുത്തിപാലവും പുനര്‍നിര്‍മിക്കും. ചാലിയാര്‍ പഞ്ചായത്തിലെ വെറ്റിലക്കൊല്ലി നിവാസികളുടെ പുനഃരധിവാസത്തിനായി പാലക്കയത്ത് കണ്ടെത്തിയ ഭൂമിയില്‍ വനം വകുപ്പിന്റെ തടസം ഒഴിവാക്കി വീട് വെക്കാന്‍ അനുമതി നല്‍കി.

മൂത്തേടം പഞ്ചായത്തിലെ ഉച്ചക്കുളത്ത് നടപ്പാക്കുന്ന ഒന്നര കോടിയുടെ പദ്ധതി ഈ സാമ്പത്തിക വര്‍ഷം തന്നെ പൂര്‍ത്തീകരിക്കും. അമരമ്പലം പഞ്ചായത്തിലെ അമരമ്പലം സൗത്ത് ഇല്ലിക്കോട്ട കോളനിയിയിലെയും വഴിക്കടവ് പുഞ്ചക്കൊല്ലി കോളനിയിലേയും പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തീകരിക്കും. ചാലിയാറിലെ നീരൊഴുക്ക് കുറഞ്ഞാൽ പാലം നിർമ്മിക്കാനുള്ള നടപടികൾ തുടങ്ങുമെന്നും കുട്ടികൾക്ക് ഹോസ്റ്റലിൽ നിന്ന് പഠിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കുമെന്നും ഉദ്യോഗസ്ഥർ മന്ത്രിയെ അറിയിച്ചു. എംഎൽഎ പി.വി. അൻവർ ആണ് മന്ത്രിയെ മേഖലയിലേക്ക് കൊണ്ട് വന്നത്. പദ്ധതികള്‍ നടപ്പാക്കാന്‍ വിവിധ വകുപ്പുകളും ത്രിതല പഞ്ചായത്ത് അധികൃതരും ജാഗ്രത പാലിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. മുൻപ് പലരും ഇതുപോലെ വന്നു പോയിട്ടുണ്ടെങ്കിലും മന്ത്രിയുടെ വാക്കുകളിൽ വിശ്വാസം ഏറെയുണ്ടെന്ന് ആദിവാസി കോളനിയിലെ അന്തേവാസികളും പറയുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K