06 July, 2022 04:46:51 PM


കോളേജിലെ ലക്ഷങ്ങളുടെ ഉപകരണങ്ങൾ മോഷ്ടിച്ചു; എസ്എഫ്ഐ, കെഎസ് യു നേതാക്കൾ അറസ്റ്റിൽ



മലപ്പുറം: മലപ്പുറം ഗവ. കോളേജിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന ഇലക്ട്രിക്കൽ ഉപകരണങ്ങൾ മോഷണം പോയ സംഭവത്തില്‍ എസ്എഫ്ഐ, കെഎസ് യു നേതാക്കൾ പിടിയില്‍. കോളേജ് പ്രിന്‍സിപ്പല്‍ പരാതി നല്‍കിയതിന് പിന്നാലെ മലപ്പുറം പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി കണ്ണൂർ തലശ്ശേരി സ്വദേശി വിക്ടർ ജോൺസൺ, കെ.എസ്.യു യൂണിറ്റ് പ്രസിഡന്‍റ് അരീക്കോട് ആത്തിഫ്, കോഴിക്കോട് നന്മണ്ട ആദർശ് രവി, പാണ്ടിക്കാട് ജിബിൻ, വള്ളുവമ്പ്രം നീരജ് ലാൽ , പന്തല്ലൂർ ഷാലിൻ, മഞ്ചേരി സ്വദേശി അഭിഷേക് എന്നിവരാണ് അറസ്റ്റിലായത്.

ഇസ്ലാമിക് ഹിസ്റ്ററി, ഉറുദു, കെമിസ്ട്രി ഡിപ്പാര്‍ട്ടുമെന്‍റുകളിലാണ് മോഷണം നടന്നത്. 11 ബാറ്ററികളില്‍ ആറെണ്ണം നിലവില്‍ പ്രവര്‍ത്തിക്കുന്നവയാണ്. അഞ്ചെണ്ണം ഉപയോഗശൂന്യമായവയാണ്. പ്രോജക്ടറുകളില്‍ ഒന്ന് കെമിസ്ട്രി ഡിപ്പാര്‍ട്ട്മെന്‍റിലേതാണ്. തിങ്കളാഴ്ചയാണ് ഇത്രയും ഉപകരണങ്ങൾ നഷ്ടപ്പെട്ടത് കോളേജ് അധികൃതരുടെ ശ്രദ്ധയില്‍പെടുന്നത്. അതേസമയം അറസ്റ്റിലായ വിക്ടർ ജോൺസൺ, ആദർശ് രവി, നീരജ് ലാൽ, അഭിഷേക് എന്നിവരെ എസ്എഫ്ഐയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി മലപ്പുറം ഏരിയ കമ്മിറ്റി അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K