31 May, 2023 03:35:10 PM


പത്മശ്രീ ഡോ.വെള്ളായണി അർജ്ജുനൻ അന്തരിച്ചു



തിരുവനന്തപുരം: പ്രമുഖ ഭാഷാപണ്ഡിതനും എഴുത്തുകാരനുമായ ഡോ. വെള്ളായണി അർജ്ജുനൻ (90) അന്തരിച്ചു. തിരുവനന്തപുരം സൗകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. സംസ്‌കാരം ഇന്ന് രാത്രി എട്ടിന് നടക്കും.

1933 ഫെബ്രുവരി 10-ന് പൊന്നുമംഗലം കുരുമി കുന്നത്തുവീട്ടിൽ പി ശങ്കരപ്പണിക്കരുടെയും പി നാരായണിയുടെയും മകനായാണ് വെള്ളായണി അർജുനൻ ജനിച്ചത്. നാലു ഭാഷാ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദമുള്ള അദ്ദേഹം ഡോക്‌ടറേറ്റും മൂന്ന് ഡി ലിറ്റും നേടി. ആകാശവാണിയിലാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.

1975-ൽ സ്റ്റേറ്റ് എൻസൈക്ലോപീഡിയയുടെ ഡയറക്ടറായ ശേഷം എൻസൈക്ലോപീഡിയയെ ജനങ്ങളിൽ എത്തിക്കാൻ അദ്ദേഹം വഹിച്ച പങ്ക് ചെറുതല്ല. കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, എം ജി സർവകലാശാല സ്‌കൂൾ ഓഫ് കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ സയൻസ് ഡയറക്ടർ തുടങ്ങി പല പദവികളും വഹിച്ചു. സർവവിജ്ഞാനകോശം, വിശ്വവിജ്ഞാനകോശം എന്നിവ തയ്യാറാക്കുന്നതിലും മലയാളം മഹാനിഘണ്ടുവിന്‍റെ നിർമാണത്തിലും പങ്കാളിയായി.

നാൽപ്പതോളം പുസ്തകങ്ങൾ രചിച്ചു. ഉദയകാന്തി, ഉദ്യാനവിരുന്ന്, ഗവേഷണ മേഖല എന്നീ കൃതികൾ സ്‌കൂൾ-കോളേജ് തലങ്ങളിൽ പാഠപുസ്തകങ്ങളായി. ഇരുപതോളം പുരസ്‌കാരങ്ങളും നേടി. 2008 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.

ഭാര്യ:  രാധാമണി എ. മക്കള്‍: ഡോ. സുപ്രിയ, സാഹിതി, ഡോ. രാജശ്രീ, ജയശങ്കര്‍ പ്രസാദ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K