07 August, 2023 03:09:03 PM
'അങ്ങാടിത്തെരു' നടി സിന്ധു അന്തരിച്ചു; മരണം അർബുദ ബാധയെ തുടർന്ന്

ചെന്നൈ: 'അങ്ങാടിത്തെരു' എന്ന സിനിമയിലൂടെ ശ്രദ്ധേയായ നടി സിന്ധു അന്തരിച്ചു. 44 വയസായിരുന്നു. ഇന്ന് പുലർച്ചെ 2.15ന് സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ രണ്ട് വർഷത്തിലേറെ ആയി സ്തനാർബുദത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. തമിഴ്നാട്ടിലും കേരളത്തിലും ഒരുപോലെ ശ്രദ്ധ നേടിയ ചിത്രമായിരുന്നു അങ്ങാടിത്തെരു. പിന്നാലെ നാടോടികൾ, നാൻ മഹാൻ അല്ലൈ, തേനവെട്ട്, കറുപ്പസാമി കുടകൈതരർ തുടങ്ങി ഏതാനും സിനിമകളിലൂടെ ജനശ്രദ്ധ നേടിയ തമിഴ് നടിയാണ് സിന്ധു. സിനിമകൾക്കു പിന്നാലെ നിരവധി ടെലിവിഷൻ പരമ്പരകളിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച ആളാണ് സിന്ധു. സിനിമയിൽ നിറഞ്ഞുനിൽക്കുമ്പോൾ 2020ലാണ് സിന്ധുവിനെ അർബുദം പിടികൂടുന്നത്. ശേഷം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതോടെ സ്തനങ്ങൾ നീക്കം ചെയ്യുകയും ചെയ്തു. എന്നാല്‍ രോഗം ഭേദമാക്കാന്‍ സാധിച്ചിരുന്നില്ല. കീമോതെറാപ്പി ചെയ്തതോടെ സിന്ധുവിന്റെ ഇടതു കൈയ്ക്ക് ചലനം നഷ്ടമായി. സ്വന്തം കാര്യങ്ങൾ പോലും നോക്കാൻ സാധിക്കാത്ത അവസ്ഥയിൽ എത്തി. ചികിത്സയുടെ ഇടയിൽ അഭിനയിക്കാൻ അവസരം കിട്ടിയപ്പോൾ സിന്ധു പോയിരുന്നു. പക്ഷേ, അതും സ്തനങ്ങളിലെ അണുബാധയ്ക്കു കാരണമായി. ഒടുവിൽ വേദന സഹിക്കാനാകില്ലെന്നും തന്നെ വിഷം കുത്തിവെച്ച് ജീവിതം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് നടി രംഗത്തെത്തിയിരുന്നു. കോവിഡ് കാലത്ത് ഭക്ഷണമില്ലാതെ കഷ്ടപ്പെടുന്നവരെ സഹായിക്കാനും സിന്ധു മുന്നിലുണ്ടായിരുന്നു.
കഴിഞ്ഞ മൂന്നു വർഷമായി കാൻസർ രോഗത്തെ തുടർന്നു വളരെ പരിതാപകരമായ അവസ്ഥയിലൂടെയാണ് സിന്ധു കടന്നു പോയത്. സമീപകാലത്ത് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലൂടെയാണ് സിന്ധുവിന്റെ ദയനീയ അവസ്ഥ പ്രേക്ഷകരും തിരിച്ചറിഞ്ഞത്. "നിങ്ങളുടെ 10 രൂപയോ, ഇരുപതോ അമ്പതോ എഴുത്തിയഞ്ചോ എങ്കിലും എനിക്കു തന്ന് എന്നെ സഹായിക്കൂ…" എന്നായിരുന്നു സിന്ധുവിന്റെ അഭ്യർത്ഥന. മകളും കൊച്ചു മകളും അടങ്ങുന്നതായിരുന്നു സിന്ധുവിന്റെ കുടുംബം. മകളുടെ ഭർത്താവ് ഹൃദയാഘാതം വന്ന് മാസങ്ങൾക്ക് മുൻപ് മരിച്ചിരുന്നു. സിന്ധുവിന്റെ വരുമാനത്തിൽ ആയിരുന്നു ഈ കുടുംബം മുന്നോട്ട് പോയിരുന്നത്.