08 August, 2023 09:24:29 PM


സംവിധായകന്‍ സിദ്ദിഖ് അന്തരിച്ചു



കൊച്ചി: പ്രമുഖ സംവിധായകന്‍ സിദ്ദിഖ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ ആമൃത ആശുപത്രിയിൽ  ചികിത്സയിലിരിക്കെ രാത്രി 9.10നായിരുന്നു അന്ത്യം. 63 വയസായിരുന്നു. ന്യൂമോണിയയും കരള്‍ രോഗബാധയും മൂലം സിദ്ദിഖ് ചികിത്സയില്‍ കഴിയുകയായിരുന്നു. ഈ അസുഖങ്ങള്‍ കുറഞ്ഞുവരുന്നതിനിടെയാണ് തിങ്കളാഴ്ച മൂന്നുമണിയോടെ ഹൃദയാഘാതം ഉണ്ടായത്.  സംസ്‌കാരം സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ നടക്കും.

സിദിഖിന്റെ ആരോഗ്യസ്ഥിതിയറിഞ്ഞ് ബന്ധുക്കളും സിനിമാ മേഖലയില്‍ നിന്നുള്ള സുഹൃത്തുക്കളുമടക്കമുള്ളവര്‍ ആശുപത്രിയില്‍ എത്തിയിരുന്നു. നാളെ രാവിലെ 9 മണി മുതല്‍ 2 മണി വരെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനം നടക്കും. ശേഷം കാക്കനാട്ടെ വസതിയിലേക്ക് ഭൗതിക ശരീരം എത്തിക്കും. വീട്ടില്‍ ഏതാനുമിനുട്ടുകള്‍ മാത്രം നീണ്ടു നില്‍ക്കുന്ന പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് ശേഷം എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ എത്തിച്ച് ഖബറടക്കും.

മലയാളത്തിൽ നിരവധി ഹിറ്റ് സിനിമകൾ സിദ്ദിഖ് സംവിധാനം ചെയ്തിട്ടുണ്ട്. അനുകരണ കലയിലൂടെ കടന്നുവന്ന സിദ്ദിഖ് സംവിധായകൻ ലാലിനൊപ്പം ചേർന്ന് ആറ് സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. അവയെല്ലാം തന്നെ മലയാളത്തിലെ ബോക്സോഫീസ് ഹിറ്റുകളായിരുന്നു. സിദ്ദിഖും ലാലും പിരിഞ്ഞതിന് ശേഷവും ഹിറ്റ്‌ലർ, ബോഡി ഗാർഡ്, ഫ്രണ്ട്സ് തുടങ്ങിയ ചിത്രങ്ങൾ  സിദ്ദിഖ് സംവിധാനം ചെയ്യുകയും മലയാള സിനിമയിൽ തന്റേതായ ഒരു വ്യക്തിമുദ്ര അദ്ദേഹം പതിപ്പിക്കുകയും ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K