02 November, 2023 01:51:06 PM
ചലച്ചിത്ര താരം ജൂനിയർ ബാലയ്യ അന്തരിച്ചു

ചെന്നൈ: ചലച്ചിത്ര താരം ജൂനിയർ ബാലയ്യ എന്ന രഘു ബാലയ്യ അന്തരിച്ചു. 70 വയസായിരുന്നു. ശ്വാസതടസ്സത്തെ തുടർന്ന് ചെന്നൈയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. പ്രമുഖ നടൻ ടി എസ് ബാലയ്യയുടെ മകനായതിനാലാണ് അദ്ദേഹത്തെ സിനിമാ ലോകം ജൂനിയർ ബാലയ്യ എന്ന് വിശേഷിപ്പിച്ചത്.
1975ൽ പുറത്തിറങ്ങിയ 'മേൽനാട്ടു മരുമകൾ' ആണ് ആദ്യ ചിത്രം. 'കരഗാട്ടക്കാരൻ', 'സുന്ദര കാണ്ഡം', 'വിന്നർ', 'സാട്ടൈ' തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. സിനിമയ്ക്ക് പുറമെ 'ചിത്തി', 'വാഴ്‌കൈ', 'ചിന്ന പാപ്പാ പെരിയ പപ്പ' തുടങ്ങിയ സീരിയലുകളിലും ജൂനിയർ ബാലയ്യ അഭിനയിച്ചിട്ടുണ്ട്.
അജിത് ചിത്രം 'നേർകൊണ്ട പാർവൈ'യിൽ അദ്ദേഹം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. 2021ൽ പുറത്തിറങ്ങിയ 'യെന്നങ്ങാ സാർ ഉങ്ക സത്തം' ആണ് അവസാന ചിത്രം. നിരവധി പേർ സമൂഹമാധ്യമങ്ങളിൽ നടന് അനുശോചനം അറിയിച്ചു. സംസ്കാര ചടങ്ങുകൾ പിന്നീട് നടക്കും.