15 November, 2023 10:43:46 AM


മുതി‍‍ര്‍ന്ന സിപിഎം നേതാവ് എന്‍. ശങ്കരയ്യ അന്തരിച്ചു



ചെന്നൈ :  സിപിഐഎമ്മിന്‍റെ സ്ഥാപകരിലൊരാളും മുതിര്‍ന്ന നേതാവുമായ എന്‍ ശങ്കരയ്യ അന്തരിച്ചു. ഇന്നലെയാണ് പനിബാധിതനായി ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെയായിരുന്നു അന്ത്യം. 

1964 ല്‍ സിപിഐ ദേശീയ കൗൺസിലില്‍ നിന്ന് ഇറങ്ങിവന്ന് സിപിഎം പടുത്തുയര്‍ത്തിയ 32 സഖാക്കളില്‍ ജീവിച്ചിരിക്കുന്ന രണ്ട് പേരില്‍ ഒരാളാണ് എന്‍.ശങ്കരയ്യ. 1922 ജൂലൈ 15ന് മധുരയിലായിരുന്നു ശങ്കരയ്യയുടെ ജനനം. അഞ്ചാംക്ലാസുവരെ തൂത്തുക്കുടിയിലായിരുന്നു വിദ്യാഭ്യാസം. പിന്നീട് മധുര സെയിന്‍റ് സ്കൂളില്‍ ചേര്‍ന്നു. 

പതിനേഴാം വയസ്സില്‍ സിപിഐ അംഗമായി. 1962-ല്‍ ഇന്ത്യ ചൈന യുദ്ധസമയത്ത് ജയിലില്‍ അടയ്ക്കപ്പെട്ട കമ്മ്യൂണിസ്റ്റുകളില്‍ ഒരാള്‍ ശങ്കരയ്യയായിരുന്നു. 1964-ല്‍ സിപിഐ ജനറല്‍ സെക്രട്ടറി പിസി ജോഷി മധുരയില്‍ വന്നിരുന്നു. അന്ന് സമ്മേളനത്തില്‍ ഒരു ലക്ഷം ജനങ്ങളെ പങ്കെടുപ്പിച്ചത് ശങ്കരയ്യയുടെ മിടുക്കായിരുന്നു.

1965-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ അടിച്ചമര്‍ത്താന്‍ ശ്രമം നടന്നപ്പോള്‍ 17 മാസം ജയിലില്‍ കിടന്നു. കയ്യൂര്‍ സഖാക്കളെ തൂക്കിലേറ്റുന്ന സമയത്ത് കണ്ണൂര്‍ ജയിലില്‍ തടവുകാരനായി ശങ്കരയ്യയും ഉണ്ടായിരുന്നു. 1967,1977,1980 തിരഞ്ഞെടുപ്പുകളില്‍ സിപിഎം അംഗമായി തമിഴ്നാട് നിയമസഭയിലെത്തി. 

തമിഴ്നാട് നിയമസഭയില്‍ ആദ്യമായി തമിഴ് സംസാരിച്ചത് തങ്ങളുടെ കാലത്താണെന്ന് ശങ്കരയ്യ പറയാറുണ്ട്. അന്ന് തമിഴ് സംസാരിക്കാന്‍ അനുമതിയുണ്ടായിരുന്നില്ല. കുടുംബം ഭാര്യ -പരേതയായ നവമണി അമ്മാള്‍. സംഘടനാപ്രവര്‍ത്തനങ്ങളില്‍ സജീവയായിരുന്ന അവര്‍ 2016-ല്‍ അന്തരിച്ചു. 3 മക്കളുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K