26 November, 2019 02:28:47 PM


തൃപ്‌തി ദേശായിയും സംഘവും മല കയറില്ല: രാത്രി മടങ്ങും; സംരക്ഷണം നൽകാൻ സാധ്യമല്ലെന്ന് പൊലീസ്




കൊച്ചി: പ്രതിഷേധ കോലാഹലങ്ങൾക്കൊടുവിൽ തൃപ്തി ദേശായി മലകയറാതെ മടങ്ങാൻ തീരുമാനിച്ചു. രാത്രി 12.20നുള്ള വിമാനത്തില്‍ മടങ്ങുമെന്നാണ് നിലവിൽ അറിയിച്ചിരിക്കുന്നത്. ഇതോടെ  കൊച്ചി പൊലീസ് കമ്മീഷ്ണര്‍ ഓഫിസിനു മുന്നിലെ പ്രതിഷേധം അവസാനിപ്പിച്ചു. ശബരിമലയിൽ പോകാൻ തൃപ്തി ദേശായിക്കും സംഘത്തിനും സംരക്ഷണം നൽകാൻ സാധ്യമല്ലെന്നു പൊലീസ് അറിയിച്ചിരുന്നു.


പമ്പ വഴി ശബരിമലയിലേക്ക് പോകാന്‍ സുരക്ഷ തൃപ്തി ആവശ്യപ്പെട്ടിരുന്നു. പൊലീസ് നിലപാട് അറിയാനാണ് കമ്മീഷണര്‍ ഓഫീസില്‍ കാത്തിരിക്കുന്നതെന്നും തൃപ്തി പറഞ്ഞു. തൃപ്തിയും  ഭൂമാതാബ്രിഗേഡിലെ നാലുപേരും  നെടുമ്പാശേരിയിലെത്തിയത് പുലര്‍ച്ചെയാണ്. സ്ത്രീ പ്രവേശനത്തിന് സ്റ്റേ ഇല്ല. തടഞ്ഞാല്‍ കാരണം എഴുതിനല്‍കേണ്ടിവരുമെന്നും തൃപ്തി ദേശായി പറഞ്ഞു. കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ ഹിന്ദു സംഘടനകളുടെ വൻ പ്രതിഷേധം അരങ്ങേറി.


ഇതിനിടെ തൃപ്തിക്കൊപ്പം സംഘത്തിലുണ്ടായിരുന്ന ബിന്ദുഅമ്മിണിക്കു നേരെ കൊച്ചി കമ്മീഷണര്‍ ഓഫീസിന് മുന്നിൽ ആക്രമണമുണ്ടായി.  ഹിന്ദു ഹെല്‍പ് ലൈന്‍ നേതാവ്  ശ്രീനാഥ് എന്നയാൾ ബിന്ദുവിന്‍റെ മുഖത്ത്  മുളക് സ്പ്രേ ചെയ്തു. ശബരിമലയില്‍ ദര്‍ശനത്തിനായെത്തിയ തങ്ങളുടെ തീരുമാനത്തിന് പിന്നില്‍ യാതൊരുവിധ ഗൂഢാലോചനയുമില്ലെന്ന് ബിന്ദു അമ്മിണി. തൃപ്തി ദേശായി ആവശ്യപ്പെട്ടതിനാലാണ് താന്‍ എത്തിയതെന്നും അവര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ സുരക്ഷ ഒരുക്കിയില്ലെങ്കില്‍ സുപ്രീം കോടതിയില്‍ കോടതി അലക്ഷ്യം ഫയല്‍ ചെയ്യുമെന്നും ബിന്ദു അമ്മിണി കൂട്ടിച്ചേര്‍ത്തു.



'ശബരിമല ദര്‍ശനത്തിനായി പോകുന്നവര്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് ഞാന്‍ നേരത്തേ പറഞ്ഞതാണ്. അത്തരത്തില്‍ തൃപ്തി ദേശായി എന്നോട് സഹായം അഭ്യാര്‍ത്ഥിച്ചു. അതിനാല്‍ ഞാന്‍ അവരുടെ കൂടെ വന്നു'- ബിന്ദു അമ്മിണി പറ‌ഞ്ഞു. സുരക്ഷിതമായ കേന്ദ്രത്തിലേക്ക് പൊലീസ് മാറ്റുന്നതിനിടെയാണ് ബിന്ദുവിന്റെ പ്രതികരണം.
 ശബരിമലയിലേക്ക് പോകാന്‍ സുപ്രീംകോടതിയുടെ സംരക്ഷണമുണ്ടെന്നും ബിന്ദു അമ്മിണി വ്യക്തമാക്കി. നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ തൃപ്‍തി ദേശായിയുടെ സംഘത്തിനൊപ്പം ബിന്ദു അമ്മിണിയും ചേരുകയായിരുന്നു.


കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസില്‍ എത്തിയ സംഘത്തിന് നേരെ അയ്യപ്പ ധര്‍മ്മ സമിതിയുടെ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയായിരുന്നു. പൊലീസെത്തി ബിന്ദു അമ്മിണിയെ ജനറല്‍ ഹോസ്‍പിറ്റലിലേക്ക് മാറ്റി.
 കഴിഞ്ഞവര്‍ഷം ശബരിമലദര്‍ശനം നടത്തിയ വ്യക്തിയാണ് ബിന്ദു അമ്മിണി. പുലര്‍ച്ചെ നാലരയോടെയാണ് തൃപ്‍തി ദേശായിയും നാലംഗ സംഘവും നെടുമ്ബാശ്ശേരി വിമാനത്താവളത്തിലെത്തിയത്. ഛായാ പാണ്ഡേ, കാംബ്ലെ ഹരിനാക്ഷി, മീനാക്ഷി ഷിന്‍ഡെ, മനീഷ എന്നിവരാണ് ഒപ്പമുള്ളത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K