08 December, 2019 09:48:08 PM
'അതുല്യം അനുപമം വിവരണാതീതം'; ശബരീശദർശനം നടത്തി ഇസ്രയേലിലെ ജൂതമത വിശ്വാസികൾ
ശബരിമല: 'അതുല്യം അനുപമം വിവരണാതീതം' - ആദ്യമായി സന്നിധാനത്തെത്തിയ ഇസ്രയേലുകാരുടെ വാക്കുകളില്‍ നിറഞ്ഞത് ശബരിമല സമ്മാനിച്ച അപൂർവാനുഭവമായിരുന്നു. ഇരുമുടിക്കെട്ടുമായി പതിനെട്ടാം പടി ചവിട്ടി സന്നിധാനത്തെത്തുന്ന ആയിരക്കണക്കിന് തീര്‍ത്ഥാടകരെ വിസ്മയത്തോടെ നോക്കിനിന്ന ടെല്‍ അവീവില്‍ നിന്നുള്ള സഞ്ചാരികളായ ഗാബിയും ടാലിയും ഡോവിയും സെവിയും ഒരുപോലെ വാചാലരായി.
ശ്രീകോവിൽ നടയില്‍ നിന്ന് തൊഴുത് പ്രസാദ കളഭം തൊട്ടു ഇസ്രയേലില്‍ നിന്നുള്ള ജൂതമത വിശ്വാസികളായ നാലു പേരും. അപ്രതീക്ഷിതമായിരുന്നു ഈ സന്ദര്‍ശനമെന്ന് എഴുപത് പിന്നിട്ട അതിഥികൾ. എല്ലാവരും എഞ്ചിനിയര്‍മാരാണ്. പൊലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. എ. ശ്രീനിവാസ് വഴികാട്ടിയായി. ക്ഷേത്രത്തിന്‍റെ ഐതിഹ്യവും സവിശേഷതയും ആചാരവും അദ്ദേഹം വിശദീകരിച്ചു. ഉച്ചപൂജ സമയത്ത് ദര്‍ശനം നടത്തിയ നാലു പേര്‍ക്കും മേല്‍ശാന്തി പ്രസാദം നല്‍കി.