11 December, 2019 03:52:02 PM


അപ്പവും അരവണയും ഇനി പമ്പയിലും: പമ്പ ഗണപതി ക്ഷേത്രത്തോട് ചേര്‍ന്ന് മൂന്ന് കൗണ്ടറുകളാണ് പ്രവര്‍ത്തനം തുടങ്ങിയത്



ശബരിമല പമ്പയില്‍ അപ്പം-അരവണ കൗണ്ടറുകള്‍ തുറന്നു. പമ്പ ഗണപതി ക്ഷേത്രത്തോട് ചേര്‍ന്ന് മൂന്ന് കൗണ്ടറുകളാണ് പ്രവര്‍ത്തനം തുടങ്ങിയത്. രണ്ട് കൗണ്ടറുകളില്‍ പണം നല്‍കിയും ഒരു കൗണ്ടറില്‍ കാര്‍ഡുപയോഗിച്ചും അരവണ വാങ്ങാം.

തിരക്ക് കൂടുന്നതനുസരിച്ച്‌ കൂടുതല്‍ കൗണ്ടറുകള്‍ തുറക്കാനാണ് ദേവസ്വംബോര്‍ഡ് ആലോചിക്കുന്നതെന്ന് ശബരിമല എക്‌സിക്യുട്ടിവ് ഓഫീസര്‍ അറിയിച്ചു. അടുത്ത ഘട്ടത്തില്‍ ഓണ്‍ലൈന്‍ വഴി മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന അയ്യപ്പന്‍മാര്‍ക്ക് അപ്പവും അരവണയും ലഭ്യമാക്കാനുള്ള സൗകര്യവും ഒരുക്കും. സന്നിധാനത്ത് നിലവിലുള്ള കൗണ്ടറുകളുടെ എണ്ണത്തില്‍ കുറവ് വരുത്തിയിട്ടില്ല. സന്നിധാനത്ത് ലഭിക്കുന്ന അതേ വിലക്കാണ് പമ്പയിലും പ്രസാദം ലഭിക്കുക. അപ്പം പായ്ക്കറ്റിന് 35 രൂപയും അരവണ 80 രൂപയുമാണ് വില. പത്ത് ടിന്‍ അരവണയടങ്ങുന്ന പാക്കറ്റിന് 810 രൂപ നല്‍കണം. കൂടുതല്‍ അപ്പവും അരവണയും വാങ്ങി മടങ്ങാന്‍ ആഗ്രഹിക്കുന്ന ഭക്തര്‍ക്ക് ഭാരമില്ലാതെ മലയിറങ്ങാനാവും എന്നതും ഇതിന്‍റെ പ്രധാന നേട്ടമാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K