16 November, 2016 05:14:22 PM


തീര്‍ഥാടന പാതകളെല്ലാം ശരണം വിളികളാല്‍ മുഖരിതം

കോട്ടയം: മണ്ഡല മഹോത്സവത്തിനു ചൊവ്വാഴ്ച ശബരിമല നട തുറന്നതോടെ പ്രധാന തീര്‍ഥാടന പാതകളെല്ലാം ശരണം വിളികളാല്‍ മുഖരിതം. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നുള്ള തീര്‍ഥാടകരെക്കൊണ്ട് കോട്ടയം, ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനുകളും കോട്ടയം, എരുമേലി, പത്തനംതിട്ട, ചെങ്ങന്നൂര്‍ കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡുകളും സജീവമായി. ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ് ആദ്യമത്തെിയ സംഘത്തിലേറെയും.


ദീര്‍ഘദൂര ട്രെയിനുകളിലത്തെുന്ന തീര്‍ഥാടകര്‍ കോട്ടയത്തും ചെങ്ങന്നൂരും ഇറങ്ങി ബസുകളിലും ടാക്സി വാഹനങ്ങളിലുമാണ് തുടര്‍യാത്ര. ഇത്തവണ കൂടുതല്‍ സ്പെഷല്‍ ട്രെയിനുകളും റെയില്‍വേ ഓടിക്കും. ചെന്നൈ-ബംഗളൂരു എന്നിവിടങ്ങളില്‍നിന്നാണ് സ്പെഷല്‍ ട്രെയിനുകള്‍ അധികവും. തിരക്കേറുന്നതോടെ ആന്ധ്ര-തെലങ്കാന എന്നിവിടങ്ങളില്‍ നിന്ന് സ്പെഷല്‍ ട്രെയിനുകള്‍ ആരംഭിക്കും. റിസര്‍വേഷന്‍ സംവിധാനവും വിപുലമാക്കി. റെയില്‍വേ പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.


തമിഴ്നാട്ടില്‍നിന്നുള്ള അയ്യപ്പന്മാര്‍ കുമളി, വണ്ടിപ്പെരിയാര്‍, പുല്ലുമേട് വഴിയും സന്നിധാനത്തേക്ക് പോകുന്നുണ്ട്. എന്നാല്‍, തിരക്ക് വര്‍ധിച്ചിട്ടില്ല. ശബരിപാതകളിലെല്ലാം താല്‍ക്കാലിക കച്ചവടസ്ഥാപനങ്ങളും ആരംഭിച്ചു. മിക്ക റോഡുകളും ഗതാഗതയോഗ്യമാക്കിയതിനാല്‍ യാത്രാതടസ്സങ്ങളൊന്നും ഇത്തവണയില്ല. തൊടുപുഴ-പാലാ റോഡിലാണ് തിരക്കേറെ. എന്നാല്‍, എം.സി റോഡില്‍ പലയിടത്തും ഇനിയും നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടില്ല.


ശബരിമലയുടെ പ്രധാന ഇടത്താവളമായ എരുമേലിയില്‍ ചൊവ്വാഴ്ച വന്‍ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. ടൗണില്‍ കൊച്ചമ്പലത്തില്‍നിന്ന് പേട്ടതുള്ളല്‍ ആരംഭിച്ച് വാവരുപള്ളിയില്‍ കയറി വലംവെച്ച് വലിയമ്പലത്തിലേക്ക് ആയിരങ്ങളാണ് നീങ്ങുന്നത്. എരുമേലിയില്‍ ഇനി 24 മണിക്കൂറും പേട്ടതുള്ളല്‍ തുടരും. കോട്ടയത്ത് എറ്റുമാനൂര്‍, വൈക്കം, കടപ്പാട്ടൂര്‍ ക്ഷേത്രങ്ങളിലാണ് തീര്‍ഥാടകരുടെ തിരക്ക്. അതിനിടെ നോട്ട് പ്രതിസന്ധിയില്‍ തീര്‍ഥാടകരും കച്ചവടക്കാരും ഒന്നുപോലെ ദുരിതപ്പെടുന്നതായാണ് റിപ്പോര്‍ട്ട്. റദ്ദാക്കിയ നോട്ടുകള്‍ക്ക് പകരം ചെറിയ നോട്ടുകള്‍ ലഭിക്കാത്തതും 2000ത്തിന്‍െറ നോട്ടുകള്‍ മാറാനുള്ള നെട്ടോട്ടവും തീര്‍ഥാടകരെ വലക്കുന്നു. ശബരിമല തീര്‍ഥാടകര്‍ക്കായി നോട്ടുകള്‍ മാറാന്‍ പ്രത്യേക കൗണ്ടറുകള്‍ തുറക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന മുഖ്യമന്ത്രിക്ക് ഉറപ്പ് നല്‍കിയെങ്കിലും ആദ്യദിനം ഇതൊന്നും തയാറാക്കിയിട്ടില്ല.


കെ.എസ്.ആര്‍.ടി.സി ചൊവ്വാഴ്ച മുതല്‍ പമ്പ സര്‍വിസ് ആരംഭിച്ചു. കോട്ടയം, പത്തനംതിട്ട, എരുമേലി, ചെങ്ങന്നൂര്‍ ഡിപ്പോകളില്‍നിന്ന് സ്പെഷല്‍ സര്‍വിസ് അരമണിക്കൂര്‍ ഇടവിട്ട് നടത്തുന്നുണ്ട്. ശബരിമലയിലും ഇടത്താവളങ്ങളിലും കനത്തസുരക്ഷയാണ് പൊലീസ് ഒരുക്കിയത്. മുന്‍കാലങ്ങളെക്കാള്‍ കൂടുതല്‍ സേനയെ പമ്പയിലും സന്നിധാനത്തും വിന്യസിച്ചു. പൊലീസ് ചീഫ് കോഓഡിനേറ്ററുടെ നേതൃത്വത്തില്‍ സന്നിധാനത്ത് വന്‍ സുരക്ഷാക്രമീകരണങ്ങളും പൂര്‍ത്തിയാക്കി. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K