16 November, 2016 05:42:09 PM


എക്‌സൈസ് റേഞ്ച് ഓഫീസും കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തനം തുടങ്ങി

ശബരിമല:  മണ്ഡല-മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ എക്‌സൈസ് താല്‍ക്കാലിക റേഞ്ച് ഓഫീസ് പ്രവര്‍ത്തനം തുടങ്ങി. പ്ലാപ്പള്ളി, നിലയ്ക്കല്‍, അട്ടത്തോട്, കൊല്ലമൂഴി, പമ്പാവാലി പ്രദേശങ്ങളില്‍ മദ്യം, മയക്കുമരുന്ന്, മറ്റ് ലഹരിപദാര്‍ഥങ്ങളുടെ കടത്ത്, ഉപഭോഗം എന്നിവ നിരോധിച്ചു. അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണറുടെ നേതൃത്വത്തില്‍ പമ്പയില്‍ എക്‌സൈസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു.


എക്‌സൈസ്, വനം വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ ഗൂഡ്രിക്കല്‍ വനമേഖലയില്‍ സംയുക്ത റെയ്ഡുകള്‍ നടത്തി. ശബരിമല പാതയില്‍ 24 മണിക്കൂറും വാഹന പരിശോധന നടത്തുന്നതിന് പ്രത്യേക ടീമിനെ നിയോഗിച്ചു. നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ പുകയില ഉത്പന്നങ്ങള്‍, പാന്‍പരാഗ്, പാന്‍മസാല എന്നിവയുടെ വില്‍പ്പന തടയുന്നതിന് കര്‍ശന പരിശോധന നടത്തും. ഷാഡോ എക്‌സൈസ് ടീമിനേയും ഇന്റലിജന്‍സ് ടീമിനെയും ഇതിനായി നിയോഗിച്ചു.


റാന്നി സര്‍ക്കിള്‍ ഓഫീസ് കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എക്‌സൈസ് കണ്‍ട്രോള്‍ റൂം ആരംഭിച്ചു. പന്തളം, ആറന്മുള എന്നിവിടങ്ങളില്‍ എക്‌സൈസ് പിക്കറ്റ് പോസ്റ്റും ആരംഭിച്ചു. മദ്യമയക്കുമരുന്ന് സംബന്ധിച്ച രഹസ്യവിവരങ്ങള്‍ 04735-203332, 205010, 202203, 203432, 228560, 9400069468, 9496002863, 9447178055 എന്നീ നമ്പരുകളില്‍ അറിയിക്കാം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K