24 November, 2016 11:03:26 AM


റഷ്യയില്‍നിന്ന് ഇല്ലിയയും സംഘവുമെത്തി അയ്യനെ കാണാന്‍



ശബരിമല: റഷ്യയില്‍നിന്ന് ഇല്ലിയയും സംഘവും ഇക്കുറിയുമെത്തി അയ്യനെ കാണാന്‍. ഇന്ത്യന്‍ ദാര്‍ശനിക ചിന്തകളില്‍ ആകൃഷ്ടനായി ഹിന്ദുമതം സ്വീകരിച്ച സെന്‍റ് പീറ്റേഴ്സ്ബര്‍ഗ് സ്വദേശി ഇല്ലിയ എന്ന ഇന്ദുചൂഡന്‍െറ നേതൃത്വത്തിലുള്ള റഷ്യന്‍ സംഘം ശബരിമല ദര്‍ശനത്തിനെത്തുന്നത് ഇത് പതിനൊന്നാം വര്‍ഷം.  

രണ്ടു മക്കളും സുഹൃത്തുക്കളായ മൂന്നു പുരുഷന്മാരും ഒരു സ്ത്രീയുമടങ്ങുന്ന സംഘം മറ്റ് ഭക്തര്‍ക്ക് കൗതുകമായി. 41 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളോടെ മലകയറിയ സംഘം ശരണമന്ത്രങ്ങള്‍ ഉച്ചരിക്കുന്നതും വളരെ സ്ഫുടമായി തന്നെ. ഇടുക്കിയിലെ വേദപഠന കേന്ദ്രത്തില്‍നിന്ന് ആധ്യാത്മിക വിഷയങ്ങളില്‍ പഠനം നടത്തിയ  ഇല്ലിയ തുടര്‍ന്ന് ഹിന്ദുമതം സ്വീകരിച്ചു. പേര് ഇന്ദുചൂഡനെന്നു മാറ്റി.

ഇപ്പോള്‍ നാട്ടിലെ ബിസിനസിനൊപ്പം ആധ്യാത്മിക ചിന്തകളും പ്രവര്‍ത്തനങ്ങളും നടത്തുന്നു. സ്വന്തം നാട്ടില്‍ അദ്ദേഹത്തില്‍നിന്ന് വേദപാഠങ്ങള്‍ പഠിക്കാന്‍ ഒട്ടേറെപ്പേരുണ്ടായി. എല്ലാ മണ്ഡലകാലത്തും അയ്യപ്പദര്‍ശനം നടത്തുമെന്നും നാട്ടില്‍ ഒട്ടേറെപ്പേര്‍ക്ക് തന്‍െറ പ്രവര്‍ത്തനങ്ങള്‍ പ്രചോദനമാണെന്നും അദ്ദേഹം പറയുന്നു. കൊച്ചി സ്വദേശി മഹേശനാണ് പെരിയസ്വാമി. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി റഷ്യന്‍ സ്വാമിമാരുമായി മലയിലത്തെുന്നത് മഹേശന്‍ സ്വാമിയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K