04 April, 2019 01:21:25 PM


രാഹുൽ ഗാന്ധി വയനാട്ടില്‍ നാമനിര്‍ദ്ദേശ പത്രിക നൽകി; റോഡ് ഷോയില്‍ ഇളകി മറിഞ്ഞ് കല്‍പ്പറ്റ



കല്‍പ്പറ്റ: രാഹുൽ ഗാന്ധി രാവിലെ പതിനൊന്നരയോടെ കളക്ട്രേറ്റിലെത്തി യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. രണ്ടാം ഗേറ്റ് വഴി കളക്ടേറ്റിനകത്തേക്ക് പോയ രാഹുലിനൊപ്പം അഞ്ച് പേരാണ് ഉണ്ടായിരുന്നത്. പ്രിയങ്ക ഗാന്ധി, കെസി വേണുഗോപാൽ, മുകുൾ വാസ്നിക്, കോഴിക്കോട് ഡിസിസി പ്രസിഡന്‍റ്  ടി സിദ്ദിഖ്, മലപ്പുറം ഡിസിസി പ്രസിഡന്‍റ് വിവി പ്രകാശ് എന്നിവരാണ് രാഹുലിനൊപ്പം കളക്ട്രേറ്റിൽ പത്രിക സമര്‍പ്പിക്കാനെത്തിയത്.


കര്‍ശന സുരക്ഷാ സംവിധാനങ്ങളാണ് കളക്ട്രേറ്റിലും പരിസരത്തും ഒരുക്കിയിരുന്നത്.  നാല് സെറ്റ് പത്രികകളാണ് രാഹുൽ ഗാന്ധി നൽകിയത്. ഒമ്പത് മണിക്ക് മുൻപ് തന്നെ ജീവനക്കാരെ എല്ലാം കളക്ട്രേറ്റിനകത്ത് പ്രവേശിപ്പിച്ചിരുന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം രാഹുല്‍ ഗാന്ധി നടത്തിയ റോഡ് ഷോകല്‍പ്പറ്റ നഗരത്തെ ഇളക്കി മറിച്ചു. തുറന്ന വാഹനത്തില്‍ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കൊപ്പം ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെസി വേണുഗോപാല്‍, പികെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീര്‍, പാണക്കാട് സാദിഖലി തങ്ങള്‍, ജോസ് കെ മാണി, അനൂപ് ജേക്കബ് കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് എന്നിവരും ഉണ്ടായിരുന്നു. 


വയനാട് കളക്ട്രേറ്റില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം പ്രധാന ഗേറ്റ് വഴിയാണ് രാഹുലിന്‍റെ വാഹനം പുറത്തേക്ക് വന്നത്. ആയിരക്കണക്കിന് പ്രവര്‍ത്തകരും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാരും ഈ സമയം രാഹുലിനെ കാണാനായി റോഡിന് ഇരുവശവും കാത്തിരിക്കുന്നുണ്ടായിരുന്നു. വയനാട്ടിലെ യുഡിഎഫ് പ്രവര്‍ത്തകരെ കൂടാതെ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നും തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാഹുലിന്‍റെ വയനാടന്‍ അരങ്ങേറ്റം ആഘോഷമാക്കാനെത്തി. 


കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം തന്നെ ആവേശത്തോടെ മുസ്ലീംലീഗ് പ്രവര്‍ത്തകരും ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നതോടെ കല്‍പറ്റ നഗരം അക്ഷരാര്‍ത്ഥത്തില്‍ ജനസാഗരമായി മാറി. എസ്പിജിയും കേരള പൊലീസും തണ്ടര്‍ ബോള്‍ട്ടും ചേര്‍ന്ന് കര്‍ശന സുരക്ഷയാണ് രാഹുലിനും പ്രിയങ്കയ്ക്കും ഒരുക്കിയത്. യാത്രാമധ്യേ പലയിടത്തും രാഹുല്‍ സുരക്ഷാ വലയം ഭേദിച്ച് പ്രവര്‍ത്തകരുടെ അടുത്തേക്ക് വന്നത് ആവേശം ഇരട്ടിപ്പിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് അത് തലവേദനയായി. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K